- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയത്തിന്റെ കോപ്പു കൂട്ടലോ? തലശേരിയിലെ വീട്ടിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ ദുരൂഹത നീങ്ങിയില്ല; സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; ജിതിനെ തള്ളിപ്പറഞ്ഞ് സിപിഎം പ്രാദേശിക നേതൃത്വവും
തലശേരി: തലശേരി പഴയ ലോട്ടസ് ടാക്കീസിനു സമീപമുള്ള ഓടിട്ട വീട്ടിനുള്ളിൽ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തിൽ ദുരൂഹത മാറ്റാനാവാതെ പൊലിസ്. ബോംബുനിർമ്മാണത്തിനിടെയാണോഅതോ ബോംബ് സംഭരിച്ചപ്പോൾ പൊട്ടിത്തെറിച്ചതാണോയെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ വൻതോതിൽ ബോംബ് ഇവിടെ സംഭരിച്ചതായും ഇതിൽ മറ്റൊരിടത്തേക്ക് കൊണ്ടുപോയതിൽ അവശേഷിച്ച ബോംബുകളിലൊന്നാണ് പൊട്ടിത്തെറിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
എന്നാൽ ഈക്കാര്യത്തിൽ വ്യക്തതവരുത്തുന്നതിനായി അറസ്റ്റിലായ യുവാവിനെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടുന്നതിനായി കോടതിയിൽ തലശേരി പൊലിസ് ഹരജി നൽകും. സ്‌ഫോടനത്തിൽഗുരുതരമായി പരുക്കേറ്റ തലശേരി നടമ്മൽ കോളനിയിലെ ജിതിൻ (25) ഇപ്പോൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. കൈക്കും കാലിനും പരുക്കേറ്റ ഇയാളുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായാൽ ഉടൻ തന്നെ കസ്റ്റഡി അപേക്ഷ പൊലിസ് കോടതിയിൽ സമർപ്പിക്കും.
മനുഷ്യ ജീവന് അപകട ഭീഷണിയുണ്ടാക്കും വിധം സ്‌ഫോടക വസ്തു ഉപയോഗിച്ച കുറ്റത്തിനാണ് കഴിഞ്ഞ ദിവസം ജിതിനെതിരെ കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ നഗരത്തിലെ ലോട്ടസ് തീയേറ്ററിനു സമീപത്തെ നടമ്മൽ വീട്ടിലായിരുന്നു സ്‌ഫോടനമുണ്ടായത്. മുൻസി.പി. എം പ്രവർത്തകനായ ജിതിൻ താൻ വീട്ടിൽ രണ്ടു സ്റ്റീൽ ബോംബുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
എന്നാൽ ജിതിന് സി.പി. എമ്മുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ലെന്നാണ് സി.പി. എം പ്രാദേശിക നേതൃത്വം പറയുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബന്ധം പുലർത്തി വരുന്നയാളാണ് ഇയാളെന്നും നേരത്തെ സ്വഭാവദൂഷ്യത്തിന്റെ പേരിൽ പാർട്ടിപരിപാടികളിൽ പങ്കെടുപ്പിക്കാതെ അകറ്റിനിർത്തുകയായിരുന്നുവെന്നാണ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്. എന്നാൽ ബോംബ് സ്ഫോടനമുണ്ടായ സ്ഥലമായ പഴയ ലോട്ടസ് ടാക്കീസ്പരിസരം സി.പി. എം കേന്ദ്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്.




