തലശ്ശേരി: തലശ്ശേരിയിലെ എരഞ്ഞോളിയിൽ തേങ്ങ ശേഖരിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്‌ഫോടനം നടന്ന ആളൊഴിഞ്ഞ പറമ്പിൽ ബോംബ് എങ്ങനെ വന്നുവെന്നതിൽ ദുരൂഹത തുടരുകയാണ്. പറമ്പിൽ നിന്നാണ് വേലായുധന് ബോംബ് ലഭിച്ചതെന്നാണ് നിഗമനം.

തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ന്യൂ മാഹിയിൽ രൂപപ്പെട്ട സിപിഐ എം- ബിജെപി സംഘർഷത്തിന് പിന്നാലെ പൊലീസ് പലയിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഈ ഘട്ടത്തിൽ ബോംബ് മാറ്റിയതാകാൻ സാധ്യതയുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതേസമയം മേഖലയിൽ നിന്ന് കൂടുതൽ ബോംബുകൾ കണ്ടെത്താനായിട്ടില്ല. പൊലീസ് റെയ്ഡ് മറികടക്കാനായി ഉപേക്ഷിച്ചതോ സൂക്ഷിച്ചതോ ആയ ബോംബാകാം പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.

ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്‌ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ആളൊഴിഞ്ഞ പറമ്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. സ്റ്റീൽ ബോംബ് മുൻപുതന്നെ അവിടെ ഉണ്ടായിരുന്നെങ്കിൽ ശ്രദ്ധയിൽപ്പെടേണ്ടതായിരുന്നു.

കഴിഞ്ഞ ദിവസം ചാലക്കര പോന്തയാട്ടിനു സമീപം പുന്നോൽ കുറിച്ചിയിൽ മണിയൂർ വയലിലെ പായറ്റ സനൂപ് എന്ന ആർഎസ്എസ് പ്രവർത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. സംഭവത്തിൽ സിപിഎം പ്രവർത്തകൻ ചാലക്കര കുഞ്ഞിപ്പറമ്പത്ത് വീട്ടിൽ അരുൺ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ബോംബേറിന്റെ വിഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. ഇതേത്തുടർന്ന് ബോംബ് കണ്ടെത്താൻ പൊലീസ് വ്യാപക പരിശോധന നടത്തിവരികയാണ്. ഈ സാഹചര്യത്തിൽ ആരെങ്കിലും ഇവിടെ ബോംബ് കൊണ്ടുവന്ന് സൂക്ഷിക്കുകയോ ഉപേക്ഷിച്ച് കടന്നുകളയുകയോ ചെയ്തതാവാം എന്നാണ് പൊലീസ് കരുതുന്നത്.

എരഞ്ഞോളിയിൽ ബോംബ് പൊട്ടി നിരപരാധിയായ ഒരാൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലശ്ശേരി, പാനൂർ മേഖലയിൽ വ്യാപകമായ സംഘർഷ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെടുകയും പാനൂരിൽ 2 പേർ ബോംബ് സ്‌ഫോടനത്തിൽ മരിക്കുകയും ചെയ്തിരുന്നു.

ഒരു സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സ്‌ഫോടനത്തെ തുടർന്ന് പ്രതികളായ സിപിഎം പ്രവർത്തകർ പിടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് തുടർന്നുണ്ടായ അലംഭാവത്തിന്റേയും നിഷ്‌ക്രിയത്വത്തിന്റേയും രക്തസാക്ഷിയാണ് എരഞ്ഞോളിയിലെ നിരപരാധിയായ മനുഷ്യൻ. ജില്ലയിൽ ബോംബ് നിർമ്മാണവും സംഭരണവും നിർബാധം തുടരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അഭിപ്രായപ്പെട്ടു. സിപിഎമ്മും ബിജെപിയും യഥേഷ്ടം ബോംബ് നിർമ്മാണം തുടരുമ്പോൾ പൊലീസിന്റെ ഭാഗത്തു നിന്ന് റൈയ്‌ഡോ മറ്റു നടപടികളോ ഉണ്ടാകുന്നില്ല.

പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെ സിപിഎമ്മിന്റേയും ആർഎസ്എസിന്റേയും ബോംബ് നിർമ്മാണ ഫാക്ടറികൾക്ക് 24 മണിക്കുറും പ്രവർത്തിക്കാനുള്ള ലൈസൻസ് ലഭിച്ചതു പോലെയാണ്. അത്തരം കേന്ദ്രങ്ങളിൽ പേരിനു പോലും പൊലീസ് പരിശോധന നടത്തുന്നില്ല. ആവർത്തിക്കുന്ന സ്‌ഫോടനങ്ങൾ കണക്കിലെടുത്ത് പൊലീസിന്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടാകണം. വേലായുധന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.

എരഞ്ഞോളി ന്മ ഗ്രാമപഞ്ചായത്ത് ഓഫിസിനും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിനും വിളിപ്പാടകലെയാണ് സ്‌ഫോടനം നടന്ന വീട്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ വേലായുധൻ ഈ വീട്ടുവളപ്പിലേക്ക് നടന്നുപോകുന്നത് കണ്ടതായി അയൽവാസികൾ പറഞ്ഞു. ഏതാണ്ട് അരമണിക്കൂറിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ സ്‌ഫോടനം നടന്നത്. ആ സമയത്ത് എരഞ്ഞോളി പഞ്ചായത്ത് ഓഫിസിൽ ഭരണസമിതി യോഗം നടക്കുന്നുണ്ടായിരുന്നു. പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഓടിയെത്തി. അരമണിക്കൂറോളം കഴിഞ്ഞ് ആംബുലൻസ് എത്തിയ ശേഷമാണ് തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.