കണ്ണൂർ: ഗ്രേഡ് എസ്. ഐയുടെ സ്ഥാനക്കയറ്റം തടയാൻ എം. ഡി. എം. എ ഉപയോഗിക്കാത്ത രണ്ടുയുവാക്കളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുന്നു. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമായ ഗ്രേഡ് എസ്. ഐയുടെ സ്ഥാനക്കയറ്റം തടയാൻ ശ്രമിച്ചത് പൊലീസ് സേനയിൽ അപ്രീതിക്കും ഇടയാക്കി. കണ്ണൂർ ജില്ലയിലെ ഏറ്റവും വിവാദം നിറഞ്ഞ പൊലിസ് സ്റ്റേഷനായ തളിപറമ്പിലാണ് സംഭവം.

ഗ്രേഡ് എസ്. ഐ മാത്യുവിന്റെ പ്രമോഷൻ തടയുന്നതിനാണ് പരിയാരം സ്വദേശികളായ രണ്ടു യുവാക്കളെ ഇതിനായി ഇരയാക്കിയത്. പൊലീസിലെ തന്നെ ഉന്നത ഉദ്യോഗസഥരുടെ ഗൂഢാലോചനയിലാണ് സംഭവത്തിന്റെ തിരക്കഥ ഒരുക്കിയതെന്നാണ് ആരോപണം.
2022-ഓഗസ്റ്റ് പതിമൂന്നിന് രാവിലെ പത്തുമണിക്ക് തളിപ്പറമ്പ് കോട്ടക്കുന്നിൽ വെച്ചു പരിയാരം സ്വദേശികളായ ബബിത്ത്ലാൽ(19)പ്രവീൺ (20) എന്നീ യുവാക്കളെ തളിപറമ്പ് പൊലിസ് സ്റ്റേഷിലെ ജിജു ജേക്കബ്, പ്രമോദ് എന്നിവർ ചേർന്നാണ് പിടികൂടി തളിപറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത്.

എന്നാൽ ഇവർ നിരപരാധികളാണെന്ന് കണ്ടു ഉച്ചയോടെ വിളിപ്പിച്ചാൽ ഹാജരാകണമെന്ന് പറഞ്ഞു വിട്ടയക്കുകയായിരുന്നു. പിടിയിലായ ഒരു യുവാവ് പരിയാരം പൊലിസ് സ്റ്റേഷനിലെ ഒരു കളവ് കേസിൽ പ്രതിയാണ്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പരാതി നൽകിയ ബബിത്ത്ലാലിനെ മോഷണക്കേസിൽ ഉൾപ്പെടുത്തിയതിനെതിരെ പരിയാരം സി. ഐ, എസ്. ഐ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകുകയും അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ പ്രതികാരം തീർക്കാൻ ഇവരുടെപേരിൽ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന കള്ളക്കേസ് എടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.

സംഭവദിവസം രാവിലെ പിടികൂടിയ ഇവരെ വൈകുന്നേരം നാലുമണിക്ക് കോട്ടക്കുന്നിൽ വെച്ചു പിടികൂടിയെന്നാണ് പൊലിസ് രേഖയിലുള്ളത്. ഈ ചതി മനസിലാക്കിയ ബബിത്ത് ലാൽ രാവിലെ പത്തുമണിക്ക് തന്നെ ജിജു ജേക്കബും പ്രമോദും പിടികൂടുന്ന വീഡിയോ ദൃശ്യമടക്കം ചേർത്തുകൊണ്ടു തളിപറമ്പ് പൊലിസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ കണ്ണൂർ എസ്‌പിയുടെ നിർദ്ദേശപ്രകാരം ക്വാട്ട തികയ്ക്കാൻ വേണ്ടിയാണ് നിരപരാധികളുടെ പേരിൽ മയക്കുമരുന്ന് കേസെടുത്തത്.

എന്നാൽ പിന്നീട് ഈ കേസിൽ ഒരു വെടിക്ക് രണ്ടു പക്ഷികളെന്ന പോലെ വൻ ഗൂഢാലോചന പൊലീസ് സേനയിൽ നടന്നു. 13ന് രാത്രി കേസ് രജിസ്റ്റർ ചെയ്തത് ഗ്രേഡ് എസ്. ഐമാരായ മാത്യുവും ഗോവിന്ദനുമായിരുന്നു. ജനറൽ ഡയറി കൈക്കാര്യം ചെയ്യുന്ന ചുമതലക്കാരൻ ഉത്തരവാദപ്പെട്ട ഓഫീസർമാരുടെ പേരിൽ കേസിന്റെ നടപടിയെടുക്കുക സ്വാഭാവികമാണ്. പലപ്പോഴും അത്തരം കാര്യങ്ങൾ ഓഫീസർമാർ അറിയണമെന്നില്ല. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്.

പിറ്റേദിവസം രാവിലെയാണ് തങ്ങളുടെ പേരിൽ അറസ്റ്റു നടപടി രേഖപ്പെടുത്തിയത് ഗോവിന്ദനും മാത്യുവിനും മനസിലായത്. ഇവർ പ്രതികളെ അറസ്റ്റു ചെയ്തതായി രേഖയുണ്ടാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ സാധാരണ നടക്കുന്ന സംഭവമാണ് ഇതെന്നു പറഞ്ഞാണ് അന്നുണ്ടായ അസ്വാരസ്യം ഉന്നത ഉദ്യോഗസ്ഥർ ഒതുക്കി തീർത്തത്. ഇതിനു ശേഷം മാത്യുവിന് പ്രമോഷൻ ലഭിച്ചു. ഇതിന് തടയിടാൻ ഈ വ്യാജമയക്കുമരുന്ന് കേസ് പൊക്കിയെടുക്കുകയായിരുന്നു. നിർദ്ദേശം നൽകിയവരെയും പിടിച്ചു കൊണ്ടുവരുന്നവരെയും ഒഴിവാക്കി മാത്യുവിനും ഗോവിന്ദനും ഡി. ഐ.ജി നോട്ടീസ് നൽകിയിരിക്കുകയാണ്. അച്ചടക്കനടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ഇരുവർക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

നേരത്തെ മണൽ മാഫിയയിൽ നിന്നും പിടികൂടിയ ലോറി തളിപറമ്പ് പൊലിസ് ആക്രികടക്കാരന്് വിറ്റു തുക തട്ടിയെടുത്തിരുന്നു. ഈ കേസിൽ ലോറി വിറ്റ പൊലിസുകാരെ മുഴുവൻ ഒഴിവാക്കി മാത്യുവിനെ മാത്രം ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് യു. ഡി. എഫ്. അനുകൂല പൊലിസ് അസോസിയേഷൻ നേതാവായിരുന്നു ഗ്രേഡ് എസ്. ഐയായ മാത്യു. ഇദ്ദേഹത്തെ ഒതുക്കുന്നതിനാണ് ചിലരുടെ രാഷ്ട്രീയ പിൻതുണയോടെ ഉന്നത ഉദ്യോഗസ്ഥർ കളിക്കുന്നതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. രണ്ടു നിരപരാധികളായ യുവാക്കളെ കള്ളക്കേസിൽ കുടുക്കുക മാത്രമല്ല ആ പാപഭാരത്തിൽ പങ്കില്ലാത്ത പൊലിസ് ഉദ്യോഗസ്ഥനെ ഇരയാക്കി രാഷ്ട്രീയം കളിക്കുകയാണ് തളിപറമ്പ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥർ.