കണ്ണൂർ: തളിപറമ്പിലെ വീസാ തട്ടിപ്പുകേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു, യു.കെ വിസ തട്ടിപ്പിനിരയായി ജീവനൊടുക്കേണ്ടി വന്ന വയനാട് സ്വദേശി അനൂപ് ടോമിയുൾപ്പെടെ നിരവധി പേരെ തൊഴിൽ വാഗ്ദാനം ചെയ്തു വഞ്ചിച്ച കേസിലെ പ്രതികളായ തളിപറമ്പിലെ കൺസൾട്ടൻസ് സ്ഥാപന ഉടമകളാണ് കഴിഞ്ഞ ഒരുമാസമായി പൊലീസിനെ വെട്ടിച്ചുമുങ്ങി നടക്കുന്നത്.

ഇവർ കേരളത്തിന് പുറത്തേക്ക് കടന്നുവെന്നു പൊലിസ് പറയുന്നുണ്ടെങ്കിലും എങ്ങോട്ടാണ് പോയതെന്നു ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തളിപറമ്പ് ചിറവക്കിൽ സ്റ്റാർ ഹൈറ്റ്സ് കൺസൾട്ടൻസിയെന്ന സ്ഥാപനം നടത്തിയ പുളിമ്പറമ്പിൽ താമസിക്കുന്ന സഹോദരങ്ങളായ കിഷോർകുമാറും കിരൺകുമാറുമാണ് നൂറിലേറെ പേരിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയത്. യൂറോപ്പിലടക്കം വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്നാണ് ഇവർ പണം തട്ടിയത്.

സ്ഥാപനം പൂട്ടുകയും ഇടപാടുകാർ ചിറവക്ക് കോംപസ് പോയന്റിൽ വരികയും ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്. എന്നാൽ അപ്പോഴും പരാതി നൽകാൻ ഇവർ തയ്യാറായിരുന്നില്ല. അതുകൊണ്ടു തന്നെ കുറ്റാരോപിതരായ ഉടമകൾക്കെതിരെ നടപടിയെടുക്കാനോ കസ്റ്റഡിയിലെടുക്കാനോ പൊലിസിന് കഴിഞ്ഞില്ല. മാസങ്ങൾക്കു ശേഷം 2023 ജനുവരി നാലിന് വയനാട് പുൽപ്പള്ളി സ്വദേശിയായ അനൂപ്ടോമി ജീവനൊടുക്കിയതോടെയാണ് പൊലിസ് തട്ടിപ്പുകാരായ സഹോദരങ്ങൾക്കെതിരെ നടപടി തുടങ്ങിയത്.

വിസക്ക് പണം നൽകി വഞ്ചിക്കപ്പെട്ടതിനെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയത്. ഇതേ തുടർന്ന് തളിപറമ്പ്, പയ്യന്നൂർ, പരിയാരം സ്റ്റേഷനുകളിൽ യുവാക്കൾ പരാതികളുമായെത്തി. ഇതിനകം ഇരുപതു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറമ്പ് സി. ഐ എ.വി ദിനേശനാണ് കേസ് അന്വേഷിക്കുന്നത്. യു.കെയടക്കമുള്ള രാജ്യങ്ങളിലേക്ക് വിസ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്തു അഞ്ചുലക്ഷം രൂപ വീതമാണ് ഇവർ കൈക്കലാക്കിയത്. എന്നാൽ ആർക്കും ഇതുവരെ വിസ ലഭിച്ചിട്ടില്ല. ഈ ഇനത്തിൽ കോടികളാണ് പ്രതികൾ തട്ടിയെടുത്തത്.

തട്ടിയെടുത്ത പണം കൊണ്ടു പുളിമ്പറമ്പിൽ കൂറ്റൻ വീടുപണിയുകയും ആഡംബര ജീവിതം തുടരുകയും ചെയ്യുന്നതിനിടെയാണ് സ്ഥാപനം പൂട്ടി ഉടമകൾ നാടുവിട്ടത്. പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുകയും എല്ലാ വിമാനത്താവളങ്ങളിലും വിവരം കൊടുക്കുകയും ചെയ്തിരുന്നു. ഇതേ സമയം പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന തട്ടിപ്പിനിരയായവരുടെ ആവശ്യം ശക്തമായിട്ടുണ്ട്. പരാതികൾ രജിസ്റ്റർ ചെയ്യുന്നതല്ലെന്നാതെ പ്രതികളെ പിടികൂടാൻ കാര്യമായ ഇടപെടൽ പൊലിസ് നടത്തുന്നില്ലെന്നാണ് പരാതിക്കാർ പറയുന്നത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു. എന്നാൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിവരികയാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നുമാണ് പൊലിസ് പറയുന്നത്. കൊച്ചിയിലും തളിപറമ്പിലും കൺസൾട്ടൻസി സ്ഥാപനം തുടങ്ങി ഏകദേശംമൂന്നുകോടിരൂപയാണ് പ്രതികൾ തട്ടിയെടുത്തത്. വിദേശത്തേക്ക് തൊഴിൽ എന്ന സ്വപ്നവും പേറി നടക്കുന്ന നിർധനകുടുംബത്തിൽപ്പെട്ടവരാണ് വഞ്ചിതരായവരിൽ ഭൂരിഭാഗവും.

ഇതിനിടെ വീസ തട്ടിപ്പുമായി ബന്ധപ്പെട്ടു സ്റ്റാർ ഹൈറ്റ് കൺസൾട്ടൻസിക്കെതിരെ തളിപ്പറമ്പ് പൊലിസ് രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ തളിപറമ്പിൽ മാത്രം ഇതുവരെയായി 19 കേസുകൾ രജിസ്റ്റർ ചെയ്തു. പയ്യാവൂർ സ്വദേശി ലിബിൻ പീറ്റർ, ചെമ്പന്തൊട്ടി സ്വദേശി എ. എം ജസ്റ്റിൻ എന്നിവരുടെ പരാതിയിലാണ് ഏറ്റവും ഒടുവി കേസുകൾ രജിസ്റ്റർ ചെയ്തത്. സ്ഥാപനത്തിന്റെ ഉടമകളായ പി.പി കിഷോർകുമാർ, സഹോദരൻ പി.പി കിരൺ കുമാർ എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. 2021- മുതൽ 2022 വരെ യു.കെയിൽ വിസ വാഗ്ദാനം ചെയ്തു പലപ്പോഴായി പ്രതികൾ പരാതിക്കാരായ രണ്ടു പേരിൽ നിന്നും 5.70 ലക്ഷം രൂപ വീതം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി.