കണ്ണൂർ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതികളായ സഹോദരങ്ങൾ കേരളം വിട്ടതായി സൂചന. ഇവരെ ഇതുവരെ കണ്ടെത്താൻ പൊലിസിന് കഴിയാത്തതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികളിൽ ഇത്തരം സംശയവുമായി രംഗത്തുവന്നത്. എന്നാൽ പ്രതികൾ ഹൈക്കോടതി മുഖേനെ മുൻകൂർ ജാമ്യത്തിന് രഹസ്യമായി ശ്രമിക്കുന്നതായും വിവരമുണ്ട്. എന്തുതന്നെയായാലും പൊലിസ് അന്വേഷണം മുറുകിയിരിക്കവെ ഇരുവരും കീഴടങ്ങാനാണ് കൂടുതൽ സാധ്യതയെന്നും പറയുന്നവരുണ്ട്.

ഇതിനിടെ, തളിപ്പറമ്പിലെ ട്രാവൽ ഏജൻസി ഉടമകൾ പലരിൽ നിന്നായി പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തളിപറമ്പ് ചിറവക്കിലെ സ്റ്റാർഹൈറ്റ് കൺസൾട്ടൻസി ഉടമകളായ തളിപറമ്പ് പുളിപറമ്പിലെ പി.പി കിഷോർകുമാർ, സഹോദരൻ കിരൺകുമാർ എന്നിവർക്കെതിരെയാണ് പൊലിസ് ഉദ്യോഗാർത്ഥികളുടെ പരാതികളിൽ ആറു കേസുകളെടുത്ത് അന്വേഷണമാരംഭിച്ചത്.

മാസങ്ങളായ പൂട്ടിക്കിടക്കുന്ന ചിറവക്കിലിലെ ഇവരുടെ സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം പൊലിസ് റെയ്ഡു നടത്തിയിരുന്നു. ഓഫീസിന്റെ പൂട്ടുതകർത്തു നടത്തിയ റെയ്ഡിൽ ഇവിടെ നിന്നും ഒരു ലാപ് ടോപ്പും പ്രിന്ററും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ലാപ് ടോപ്പ് തകരാറിലായ അവസ്ഥയിലാണുള്ളത്.

ആറുപേരിൽ നിന്നായി 35.5ലക്ഷം രൂപ വാങ്ങിയെന്നതാണ് തളിപ്പറമ്പ് സ്റ്റേഷനിൽ ഇവർക്കെതിരെ ഇതുവരെ ലഭിച്ച പരാതി. മറ്റു പൊലിസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ പരാതിലഭിച്ചിട്ടുണ്ട്. യു.കെയിലെക്ക് ട്രക്ക് ഡ്രൈവറുടെ വിസവാഗ്ദാനം ചെയ്തു തന്നിൽ നിന്നും ആറരലക്ഷം വാങ്ങി വഞ്ചിച്ചുവെന്നു ഉദയഗിരി അരിവിളഞ്ഞ പൊയിലിൽ ഡാനി തോമസാണ് ട്രാവൽ ഏജൻസി ഉടമകൾക്കെതിരെ ആദ്യപരാതി നൽകിയത്. പിന്നീട് വെയർഹൗസ്ഹാൻഡ്ലർ വിസ വാഗ്ദാനം ചെയ്ത് കേളകം അടയ്ക്കാത്തോട് സ്വദേശി എബി എബ്രാഹാമിൽ നിന്നും അഞ്ചേ മുക്കാൽ ലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ഉയർന്നു.

ഇതേ ജോലിയുടെ പേരുപറഞ്ഞ് കൂത്തുപറമ്പ് ആമ്പിലാട് പാറായി ഹൗസിൽ എൻ.വി പ്രശാന്തിൽ നിന്നും പ്രതികൾ ആറുലക്ഷം രൂപ കൈപ്പറ്റി. ബെൽജിയത്തിലോ, യു.കെയിലോ ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്തു പാലവയൽ നിരത്തുംതട്ട് ജോയറ്റ് ജോസഫിൽ നിന്നും അഞ്ചേമുക്കാൽ ലക്ഷം രൂപ തട്ടിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി പരാതികളാണ് കിഷോറിനും കിരണിനുമെതിരെ പൊലിസിൽ ലഭിച്ചിട്ടുള്ളത്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഇവർ മുങ്ങിയിരിക്കുകയാണ്. പുളിപറമ്പിലെ ഇവരുടെ വീടും പൂട്ടിയിരിക്കുകയാണ്. ഇവരുടെ അമ്മയും മറ്റു ബന്ധുക്കളും മറ്റൊരു ബന്ധുവീട്ടിലേക്ക് മാറിയെന്നാണ് പൊലിസിന് ലഭിച്ച വിവരം.

വിസ തട്ടിപ്പിന് ഇരയായവർ പുളിപറമ്പിലെ വീടിനു സമീപത്ത് ഇവർ വരുന്നുണ്ടോയെന്നു അറിയാനായി പലതവണ എത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല. ഉദ്യോഗാർത്ഥികളിൽ പലരും വീട്ടിൽ വന്നു തങ്ങളെ ശല്യം ചെയ്യുന്നതായി കാണിച്ചു ബന്ധുക്കൾ തളിപറമ്പ് പൊലിസിൽ പരാതി നൽകിയിരുന്നു. തളിപറമ്പിലെ ട്രാവൽ ഏജൻസിയുടെ തട്ടിപ്പിനിരയായ വയനാട് പുൽപ്പള്ളി സ്വദേശി അനൂപ് ടോമി രണ്ടാഴ്‌ച്ച മുൻപ് ജീവനൊടുക്കിയിരുന്നു.