- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാഫി ഗൾഫിൽ നിന്നും മുങ്ങിയത് കോടികൾ തട്ടിയെന്ന് മൊഴി; കസ്റ്റഡിയിലുള്ളത് തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട രണ്ടുപേർ; പ്രവാസിയെ കണ്ടെത്താൻ പരിശോധിച്ചത് പത്തിലധികം സിസിടിവികൾ; ടവർ കണ്ടെത്തൽ അസാധ്യമാക്കി മൊബൈൽ സ്വിച്ച് ഓഫ്; താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടു പോയതിൽ സർവ്വത്ര ദുരൂഹത
കോഴിക്കോട്: രാത്രി വീട്ടുവരാന്തയിൽ സംസാരിച്ചു കൊണ്ടിരുന്ന താമരശ്ശേരിയിലെ ദമ്പതികളെ തട്ടിക്കൊണ്ടുപോവുകയും ശേഷം ഭാര്യയെ ഇറക്കിവിട്ട് ഭർത്താവുമായി പോകുകയും ചെയ്ത സംഭവത്തിൽ നിരവധി ദുരൂഹതകളെന്ന് പൊലീസ്.
പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ ഷാഫിയെയാണ് തട്ടിക്കൊണ്ടു പോയത്. എന്നാൽ ഷാഫി ഗൾഫിൽനിന്നും മുങ്ങിയത് കോടിയിൽ പരം രൂപ തട്ടിയെടുത്താണെന്നും ഇതു തിരിച്ചുകിട്ടാത്തതിനെ തുടർന്നാണു തട്ടിക്കൊണ്ടുപോകലുമെന്നാണു പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ഷാഫി സാമ്പത്തിക പരാധീനതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. പലർക്കും നിലവിൽ പണം നൽകാനുണ്ട്. ഗൾഫിൽ ബിസിനസ്സായിരുന്നെങ്കിലും കടം കുന്നുകൂടിയതോടെ നാട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നുമാണു പൊലീസിനു ലഭിച്ച വിവരം.
ഷാഫിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘവുമായി ബന്ധപ്പെട്ട രണ്ടുപേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. നാട്ടുകാരും ഷാഫിയുടെ ചില സൃഹൃത്തുക്കളും പൊലീസിന് നൽകിയ മൊഴികൾക്കു സമാനമായാണ് പിടിയിലായവരും പൊലീസിനോട് പറയുന്നത്. ഷാഫി പണം നൽകാനുള്ള സംഘം തന്നെയാണ് തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നു പൊലീസും പറയുന്നു.
അതേ സമയം ഷാഫിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ആണ്. ലൊക്കേഷൻ അറിയുന്നതിനായി മൊബൈൽ ഓൺ ആകുന്നതു പരിശോധിക്കാൻ സൈബർ സെല്ലിനേയും അന്വേഷണ സംഘം വിവരം അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ എവിടേക്കാനു തട്ടിക്കൊണ്ടുപോയതെന്നും വാഹനവും തിരിച്ചറിയാൽ മേഖലയിലെ വിവിധ സി.സി.ടി.വികൾ പൊലീസ് പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.താമരശേരി സിഐ സത്യനാഥന്റേ നേതൃത്വത്തിൽ എസ്ഐ അഖിലും സംഘവുമാണു അന്വേഷണം നടത്തുന്നത്.
അതേ സമയം സാമ്പത്തിക ഇടപൊടുകളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഷാഫിയുടെ ഭാര്യക്കും കുടുംബത്തിനും അറിയില്ലെന്നാണു ഇവർ പൊലീസിനു നൽകിയ മൊഴി. രാത്രി വീട്ടുവരാന്തയിൽ സംസാരിച്ചു കൊണ്ടിക്കുന്നതിനിടെയാണ് ഷാഫിയേയും ഭാര്യയേയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഇരുവരേയും കാറിൽ കയറ്റിക്കൊണ്ടുപോത്. ഭാര്യയെ വഴിയിൽ ഇറക്കിവിട്ട ശേഷം ഭർത്താവുമായി സംഘം കടന്നു. ദുബായിൽ ജോലി ചെയ്തിരുന്ന ഷാഫി ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.
ഇന്നലെ രാത്രി ഒൻപതോടെ ഷാഫി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് മുഖം മൂടി ധരിച്ച് കാറിലെത്തിയ സംഘം ഇരുവരുമായി കടന്നത്. നാലംഗ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറിൽ പിടിച്ചുകയറ്റുകയായിരുന്നു. കുറച്ചു മുന്നോട്ടു പോയ ശേഷം സനിയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി കടന്നുകളഞ്ഞു. സാനിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നാല് വർഷം മുൻപ് ഷാഫി ദുബായിൽ ബിസിനസ് നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഇയാൾക്ക് വിദേശത്ത് ചില സാമ്പത്തിക ഇടപാടുകളുമുണ്ടായിരുന്നു. ഒരു വർഷമായി ഷാഫി നാട്ടിൽതന്നെയാണ്. കൊടുവള്ളി സ്വദേശിയായ ഒരാൾ സാമ്പത്തിക ഇടപാടിന്റെ പേരിൽ വീട്ടിൽ വന്ന് ഇടയ്ക്കിടെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും വീട്ടുകാർ പറയുന്നു.
25 വയസ് പ്രായം തോനിക്കുന്ന ആളുകളാണ് എത്തിയത്. തോക്ക് പോലുള്ള ആയുധം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. എന്തിനാണ് തട്ടിക്കൊണ്ടു പോയത് എന്ന് അറിയില്ല. രണ്ടു മൂന്ന് ദിവസം മുമ്പ് കുറച്ചു ആളുകൾ വീട്ടിൽ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. ഭർത്താവിന് സാമ്പത്തിക ഇടപാട് ഉണ്ടോ എന്ന കാര്യം അറിയില്ല. ഭർത്താവുമായി പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ല. ഭർത്താവിന് ശത്രുക്കൾ ഉള്ളതായി അറിവില്ല. നേരത്തെ ഇത്തരം സംഭവം ഉണ്ടായിട്ടില്ലെന്നും സാനിയ പറഞ്ഞു.
കഴുത്തിനും, ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗൾഫിലെ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്