പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും നഷ്ടമായ യുവാവിന്റെ പോരാട്ടമാണ് പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റു ചെയ്യുന്നതിലൂടെ വിജയിക്കുന്നത്. ചിറ്റൂർ-തത്തമംഗലം ചെമ്പകശ്ശേരിയിൽ എം. രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ. നിരവധി ക്രമക്കേടുകൾ തങ്കം ആശുപത്രിയിൽ നടന്നെന്ന് ബോധ്യമായതോടെയാണ് ഡോക്ടർമാരുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയത്. കൊലപാതക സമാനമായ വീഴ്‌ച്ചകളായിരുന്നു ഡോക്ടർമാരുടെ പക്കൽ നിന്നും ഉണ്ടായത്. ഡോക്ടർമാരായ അജിത്ത്,നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.വൈ.എസ്‌പി ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. ജൂലൈ ആദ്യവാരമാണ് ഐശ്വര്യയും കുഞ്ഞും മരിക്കുന്നത്. ജൂലൈ രണ്ടിന് കുഞ്ഞ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം അമ്മയും മരിച്ചു. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് കുടുംബം അന്നേ ആരോപിച്ചിരുന്നു.

മാത്രമല്ല ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു ശേഷം കോങ്ങാട് സ്വദേശിനി കാർത്തികയും ശസ്ത്രക്രിയക്ക് പിന്നാലെ തങ്കം ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മൂന്ന് മരണങ്ങളിലും ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്നായിരുന്നു മാനേജ്മെന്റ് അന്ന് നൽകിയ വിശദീകരണം. എന്നാൽ ഈ രണ്ട് സംഭവങ്ങൾക്കും പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തിൽ ക്ലിനിക്കൽ എസ്റ്റാബിളിഷ്‌മെന്റ് ആക്റ്റ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജടക്കം നിർദ്ദേശം നൽകിയിരുന്നു.

ഗർഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണവുമയി കുടുംബം രംഗത്തു വന്നു.

നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭർത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല.

ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിച്ചു. ഈ സംശയമെല്ലാം മെഡിക്കൽ ബോർഡും ശരിവച്ചു. അതിനിടെ ഡോക്ടർമാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താതിരിക്കാൻ പൊലീസിൽ സമ്മർദ്ദമുണ്ട്. ജാമ്യമുള്ള വകുപ്പുകളിൽ കേസെടുക്കാനാണ് സമ്മർദ്ദം.ചി കിത്സാപ്പിഴവുമൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് അന്വേഷണ റിപ്പോർട്ട്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ നേരത്തെ സർക്കാർ തീരുമാനം എടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം പ്രയോഗിക്കുന്നത്. ചികിത്സാ പിഴവ് മൂലം രോഗികൾ തുടർച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 എ വകുപ്പുപ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് അപ്പുറത്തേക്ക് കേസെടുക്കേണ്ട കുറ്റം ഉണ്ടെന്നണ് വ്യക്തമാകുന്നത്.