പത്തനംതിട്ട: പോക്സോ കേസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ വന്ന എസ്ഐമാരെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവത്തിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപകനെ അടക്കം പ്രതിയാക്കി ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചെറുകോലിലെ സർക്കാർ എൽപി സ്‌കൂൾ അദ്ധ്യാപകനും സിപിഐ നേതാവുമായ കെഎ തൻസീർ അടക്കമുള്ളവർക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പിട്ട് പൊലീസ് കേസെടുത്തത്. ഇവരുടെ മർദനമേറ്റ കുന്നിക്കോട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വൈശാഖ് കൃഷ്ണൻ, ഗ്രേഡ് എസ്ഐ ഫൈസൽ എന്നിവർ ചികിൽസയിലാണ്.

ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചെറുകോൽപഞ്ചായത്തിൽ കാട്ടൂർ പേട്ടയിലായിരുന്നു സംഭവം. ഇവിടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിറാജിനെ തേടിയാണ് കുന്നിക്കോട്ട് നിന്ന് പൊലീസ് വന്നത്. കുന്നിക്കോട് സ്റ്റേഷൻ പരിധയിൽ തലച്ചിറ എന്ന സ്ഥലത്ത് പതിനഞ്ചു വയസുള്ള പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സിറാജ്. ഇയാൾ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്ന് പറയുന്നു. അതിലൊരു ഭാര്യയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നിട്ടുള്ളത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിന്റെ റിപ്പോർട്ട് പ്രകാരം കുന്നിക്കോട് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.

കാട്ടൂരിൽ മുസ്ലിം പള്ളിയുടെ ചില്ല് തകർത്തത് അടക്കമുള്ള കേസുകളിൽ പ്രതിയാണ് സിറാജ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും പറയുന്നു. സ്വന്തം പ്രദേശത്ത് കുഴപ്പമുണ്ടാക്കി മുങ്ങിയ സിറാജ് ഏറെ നാളിന് ശേഷമാണ് കഴിഞ്ഞ ദിവസം ഇവിടെ തിരികെ വന്നത്. അപ്പോൾ തന്നെ പ്രദേശവാസികൾക്ക് സംശയം തോന്നിയിരുന്നു. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച പൊലീസ് കാട്ടൂർപേട്ടയിലുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കുന്നിക്കോട് എസ്ഐ വൈശാഖ് കൃഷ്ണനും ക്രൈം എസ്ഐ ഫസലും ഇവിടേക്ക് പുറപ്പെട്ടു. ആറന്മുള സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അവിടെയും വിവരമറിയിച്ചു.

കാട്ടൂർ പേട്ടയിലെത്തിയ ഉദ്യോഗസ്ഥർ സ്‌കൂട്ടറിൽ വരുന്ന സിറാജിനെ കണ്ടു. ഇയാളെ പിന്തുടർന്ന് ഇരുവരും സിറാജിന്റെ് വീട്ടിലെത്തി. ഉദ്യോഗസ്ഥർ മഫ്ടിയിൽ ആയിരുന്നതിനാൽ ഐഡന്റിറ്റി കാർഡ് കാണിച്ച ശേഷം സിറാജിനോടും ഭാര്യയോടും കേസിനെപ്പറ്റി പറഞ്ഞു. സിറാജിനെ കസ്റ്റഡിയിൽ എടുക്കുകയാണെന്നും പറഞ്ഞു. ഈ സമയത്ത് പ്രതിയുടെ അമ്മ, സഹോദരി, ഭാര്യ എന്നിവർ ചേർന്ന് ബഹളം കൂട്ടി. ഈ സമയം അവിടെ വന്ന തൻസീർ ഉദ്യോഗസ്ഥർ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഇവർ കൂട്ടാക്കിയില്ല. തുടർന്ന തൻസീറിന്റെ നേതൃത്വത്തിൽ കൈയേറ്റം ചെയ്യുകയായിരുന്നു. ആറന്മുള സ്റ്റേഷനിൽ വിളിച്ചപ്പോഴും കുന്നിക്കോട് പൊലീസാണ് ഇതെന്ന് പറഞ്ഞിരുന്നു.

ഇതിനിടെ പ്രതി രക്ഷപ്പെട്ടു. ഇയാളുടെ ഫോൺ സ്വിച്ചോഫാണ്. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. മർദനത്തിൽ പരുക്കേറ്റ ഉദ്യോഗസ്ഥർ കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് സബ് ഇൻസ്പെക്ടർ ഹാജരാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് 332, 353, 294(ബി)225,225(ബി) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജസിറ്റർ ചെയ്തു. സിറാജ്, സിറാജിന്റെ മാതാവ്, സഹോദരി, ഭാര്യ, തൻസീർ, മറ്റ് കണ്ടാൽ അറിയാവുന്ന നാലു പേർ എന്നിവരാണ് പ്രതികൾ.