നിലമ്പൂര്‍: പെണ്‍കുട്ടികളെയും വീട്ടമ്മമാരെയും ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടും. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന സുഹൃത്തായും, ഒറ്റപ്പെട്ടുപോയവരുടെ ആശ്വാസദായകനായും വേഷമിടും. കറക്കി വീഴ്ത്താന്‍ മധുര വാക്കുകള്‍ ചേരുംപടി ചേര്‍ക്കും. വിശ്വാസം പിടിച്ചുപറ്റും. വിവാഹ വാഗ്ദാനം നല്‍കുന്നതോടെ ഒരു അദ്ധ്യായം പൂര്‍ത്തിയാകും. പാട്ടിലായെന്ന് കണ്ടാല്‍, തരം പോലെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കും. ഇത്തരത്തില്‍, 250 ഓളം സ്ത്രീകളെ വഞ്ചിച്ച് പീഡിപ്പിച്ച യൂട്യൂബ് ഇന്‍ഫ്‌ലുവന്‍സര്‍ മുഹമ്മദ് നിഷാല്‍ ഇപ്പോള്‍ അഴിയെണ്ണുകയാണ്. എന്നാല്‍, അവിടം കൊണ്ട് തീരുന്നില്ല കാര്യങ്ങള്‍. ഇയാള്‍ക്കെതിരെ സമാനകേസുകള്‍ അനവധിയാണ്. ഈ കേസുകളില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങളും വീഡിയോയും മറ്റും മുഹമ്മദ് നിഷാലിന്റെ മൊബൈലിലും ലാപ് ടോപ്പിലും ഉണ്ടെന്ന സംശയമുണ്ട്. മൊബൈലും, ലാപ്‌ടോപും, ഇയാളുടെ ഉമ്മയുടെയും സഹോദരിയുടെയും കൈവശമാണ്. അത് എത്രയും വേഗം പൊലീസ് പിടിച്ചെടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മുഹമ്മദ് നിഷാലിന്റെ ഉമ്മ മകന്റെ ചെയ്തികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. ഇത് സൂചിപ്പിക്കുന്ന ഓഡിയോ ക്ലിപ് മറുനാടന്‍ മലയാളി പുറത്തുവിട്ടു.

കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതിയെ ഫെബ്രുവരി 7ന് വിവാഹവാഗ്ദാനം ചെയ്ത് താമരശേരിയിലുള്ള ലോഡ്ജില്‍ വച്ച് ബലാല്‍സംഗം ചെയ്ത കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, താമരശേരിയിലും കോഴിക്കോട്ടും ഉള്ള ലോഡ്ജുകളില്‍ വച്ചും യുവതിയെ പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി നാലുപവന്റെ സ്വര്‍ണമാല അപഹരിച്ചുവെന്നുമായിരുന്നു കേസ്.



2023ലും 2024 ലും സമാന കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.





ഇന്‍സ്റ്റ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ മണ്ണാര്‍ക്കാട്ട് വച്ച് പീഡിപ്പിച്ചെന്ന കേസില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് മുഹമ്മദ് നിഷാലിനെതിരെ കേസെടുത്തത്. മറ്റൊരു കേസില്‍ നിലമ്പൂര്‍ സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഇന്‍സ്റ്റയിലൂടെ പരിചയപ്പെട്ട് വശത്താക്കിയ ശേഷം തിരൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ വച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു.




യുട്യൂബിലെ റൊമാന്‍സ് കുമാരന്റെ ലീലാ വിലാസങ്ങള്‍

പറഞ്ഞാലും പറഞ്ഞാലും തീരാത്ത റൊമാന്‍സും പൈങ്കിളിയും കൊച്ചുവര്‍ത്തമാനവും പ്രണയമെന്ന പേരിട്ട മട്ടിലുള്ള കിടപ്പറ സംസാരവും ഒക്കെയായപ്പോള്‍ വീണുപോയത് കേരളത്തിലെ വിവിധ ജില്ലകളിലുള്ള 200 ലേറെ സ്ത്രീകളാണ്. കഴിഞ്ഞ വര്‍ഷം പോക്സോ കേസിലും സ്ത്രീ പീഡന കേസിലും അറസ്റ്റില്‍ ആയി ജയിലില്‍ കഴിഞ്ഞു പുറത്തിറങ്ങിയ മലപ്പുറം തിരൂര്‍ അന്നാര കറുകര പറമ്പില്‍ മുഹമ്മദ് നിഷാലാണ് കഥാനായകന്‍.

ഇയാള്‍ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ശാലുസ് 888 എന്ന പേരില്‍ നടത്തിയിരുന്ന ചാനലില്‍ സബ്സ്‌ക്രൈബ് ചെയ്ത 31,000 പേരില്‍ വളഞ്ഞിട്ടു പിടിച്ച കൗമാരക്കാരായ പെണ്‍കുട്ടികള്‍ മുതല്‍ നാല്‍പതുകളിലെത്തിയ വീട്ടമ്മമ്മാര്‍ വരെയാണ് ഇപ്പോള്‍ ഇരകളായി മാറിയിരിക്കുന്നത്. താന്‍ മാനസികമായി ഒറ്റപെട്ടു പോയെന്ന നാട്യത്തോടെ യൂറോപ്പില്‍ ജോലി ചെയ്യുന്ന മനഃശാസ്ത്ര രംഗത്ത് ജോലി ചെയുന്ന മലയാളി ഡോക്ടറോട് അടുപ്പം കാട്ടാന്‍ തുടങ്ങിയതാണ് ഇപ്പോള്‍ നിഷാലിന് വിനയായി മാറിയത്.

ട്വിസ്റ്റ് ഇങ്ങനെ

ഡോക്ടറുമായി വിവാഹാലോചനയിലേക്ക് വരെ എത്തിയതോടെ തിരൂരില്‍ കട തുടങ്ങാന്‍ എന്ന വ്യാജേന അഞ്ചു ലക്ഷം രൂപ വാങ്ങിയതോടെയാണ് സംഭവത്തില്‍ ട്വിസ്റ്റ് ഉണ്ടാകുന്നത്. നിഷാലിന്റെ ലൈവ് വീഡിയോകള്‍ കാണാന്‍ ഇടയായ ഡോക്ടര്‍ പെണ്‍കുട്ടികളുമായുള്ള ഇടപെടലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് രഹസ്യമായി നിരീക്ഷിക്കുക ആയിരുന്നു. തുടര്‍ന്ന് ഓരോ പെണ്‍കുട്ടികളുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ ഡോക്ടറോട് ഒട്ടേറെ യുവതികളും വീട്ടമ്മമാരും വരെ നിഷാലിനൊപ്പം വ്യക്തിപരമായി ചെലവിടേണ്ടി വന്ന സമയങ്ങള്‍ മറയില്ലാതെ വെളിപ്പെടുത്തുക ആയിരുന്നു.

വിവാഹിതര്‍ അല്ലാത്ത എല്ലാവരോടും ജനുവരിയില്‍ വിവാഹം ചെയ്യാം എന്ന വാഗ്ദാനമാണ് നിഷാല്‍ നല്‍കിയിരുന്നത് എന്നതും കള്ളക്കളി പൊളിക്കാന്‍ കാരണമായി. ഒരു ഘട്ടത്തില്‍ ഡോക്ടറോട് പണം തിരികെ തരാം എന്ന് ഇയാള്‍ വാഗ്ദാനം ചെയ്‌തെങ്കിലും പീഡനവീരന്‍ ആണെന്നും കഴിഞ്ഞ വര്‍ഷം രണ്ടു സമാന കേസുകളില്‍ നിലമ്പൂരിലും മണ്ണാര്‍ക്കാടും അറസ്റ്റില്‍ ആയ വ്യക്തിയാണ് നിഷാല്‍ എന്ന് ബോധ്യമായതോടെ ഇയാളുടെ സോഷ്യല്‍ മീഡിയ വലയില്‍ കുരുങ്ങിയ യുവതികള്‍ ഒത്തുകൂടുകയായിരുന്നു. മാത്രമല്ല താന്‍ അത്തരത്തില്‍ നിഷാലുമായി സംസാരിച്ചിട്ട് പോലുമില്ല എന്ന വനിതാ ഡോക്ടറുടെ ധൈര്യവും നിഷാലിന്റെ വിളഞ്ഞാട്ടത്തിനു വിരാമമിടാന്‍ കാരണമായി.

ഇപ്പോള്‍ അയേണ്‍ ലേഡീസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ നിഷാലിന്റെ വികൃതികള്‍ പുറത്തെത്തിക്കുകയാണ് ഇരകളാക്കപ്പെട്ടവര്‍. മാധ്യമ രംഗത്തുള്ളവരും നിയമ രംഗത്തുള്ളവരും ഒക്കെ യുവതികളുടെ പോരാട്ടത്തില്‍ പിന്തുണ നല്‍കുന്നുണ്ട്. ഇതോടെയാണ് പണം തിരികെ കിട്ടിയില്ലെങ്കിലും ഒരു പെണ്‍കുട്ടിയെങ്കിലും ഇനിയും നിഷാലിന്റെ കെണിയില്‍ കുടുങ്ങരുത് എന്ന ചിന്തയോടെ ഡോക്ടറായ വനിതയടക്കം ഉള്ളവര്‍ പോരിന് ഇറങ്ങിയതും ഒടുവില്‍ നിഷാല്‍ പോലീസ് കെണിയില്‍ കുടുങ്ങിയതും. കേരള പോലീസിന്റെ സൈബര്‍ വിഭാഗം ഇപ്പോള്‍ യുട്യൂബ് പീഡനവീരന്‍ എന്നറിയപ്പെടുന്ന നിഷാലിന്റെ ഫോണ്‍ പരിശോധിച്ച് എത്രത്തോളം യുവതികള്‍ ഇരകള്‍ക്കപ്പെട്ടിട്ടുണ്ട് എന്ന അന്വേഷണത്തിലാണ്.

മുന്‍പ് അറസ്റ്റില്‍ ആയി ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വീണ്ടും സമാന കേസില്‍ ഒട്ടേറെ യുവതികളെ ഇരകളാക്കി എന്നത് കേരള പോലീസിനും നാണക്കേടായി മാറുകയാണ്. ഇത്തരം വ്യക്തികളുടെ ഫോണ്‍ അടക്കമുള്ള കാര്യങ്ങള്‍ തുടര്‍ നിരീക്ഷണത്തിലേക്ക് എത്തേണ്ട വിധം നിയമ സംവിധാനങ്ങള്‍ മാറണം എന്ന വാദത്തിലേക്ക് കൂടി എത്തുകയാണ് നിഷാലിന്റെ സോഷ്യല്‍ മീഡിയ ഇരപിടുത്തം.



കുടുക്കാന്‍ നിഷാലിന്റെ തന്ത്രം തന്നെ പുറത്തെടുത്തു പെണ്‍കുട്ടിയും പോലീസും

നിഷാലിനൊപ്പം പലവട്ടം കാണാന്‍ ഇടയായ യുവതി ഒടുവില്‍ താന്‍ ചതിക്കപ്പെടുക ആയിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പതിവ് പോലെ ഹോട്ടലിലേക്ക് ക്ഷണിച്ചു വരുത്തിയപ്പോളാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുമായി ചേര്‍ന്നുള്ള ഓപ്പറേഷനിലാണ് ഒടുവില്‍ നിഷാല്‍ കുടുങ്ങുന്നത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികളും സ്ത്രീകളും ഇവനെതിരെ രംഗത്ത് വരും എന്ന് വെളിപ്പെടുത്തിയതോടെ നിഷാലിന് എതിരെ കുരുക്കുകള്‍ മുറുകുകയാണ്.

പത്തനംതിട്ട, കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളില്‍ നിന്നൊക്കെയുള്ള സ്ത്രീകളാണ് നിഷാലിന്റെ യുട്യൂബ്, ഇന്‍സ്റ്റാഗ്രാം പഞ്ചാരയടിയില്‍ വീണു പോയത്. ഇവരില്‍ ഒട്ടേറെപ്പേര്‍ വിവാഹപ്രായം എത്തിയവര്‍ ആണെന്നത് പരസ്യമായി രംഗത്ത് വരാന്‍ തടസമായിരിക്കുകയാണ്. വിവാഹിതരായവര്‍ സംഭവം പുറത്തറിഞ്ഞാല്‍ അതോടെ ജീവിതവും ഇല്ലാതാകും എന്ന ഭയമാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഇത് തന്നെയാണ് നിഷാലിന്റെയും തുറുപ്പ് ചീട്ട്.

മാത്രമല്ല മറ്റൊരു പ്രത്യേകത നിഷാല്‍ ലക്ഷ്യം വച്ചതും നിഷാലിലേക്ക് ആകര്‍ഷിച്ചു എത്തിയതും മിക്കതും മുസ്ലീം പെണ്‍കുട്ടികളും യുവതികളുമാണ്. പടച്ചോനെയും റബ്ബിനെയും ഒക്കെ കൂട്ടുപിടിച്ചു വഷളന്‍ സംസാരം നടത്തിയ നിഷാല്‍ സ്വന്തം സമൂഹത്തോട് ചെയ്തത് തികഞ്ഞ ക്രൂരത കൂടിയാണ് എന്നതും നിസംശയം ഇയാളുടെ ഇരകളുമായി സംസാരിക്കുമ്പോള്‍ വ്യക്തമാകും. സ്നേഹവും പ്രണയവും ഒരു പൊതു പ്ലാറ്റ്ഫോമിലൂടെ എങ്ങനെ അനേകരില്‍ ഒരേ സമയം എത്തിച്ചു കൂടുതല്‍ ആളുകളെ വശീകരിക്കാം എന്നതാണ് ഇപ്പോള്‍ നിഷാല്‍ തെളിയിച്ചിരിക്കുന്നത്. ശക്തമല്ലാത്ത നിയമ സംവിധാനങ്ങള്‍ ഇല്ലാത്തതും അധികൃതര്‍ കണ്ണടയ്ക്കുന്ന സമീപനം സ്വീകരിക്കുന്നതുമാണ് ഇയാളെ പോലെയുള്ളവര്‍ ആയുധമാക്കുന്നത് എന്നും ഇപ്പോള്‍ ഇരകളാക്കപ്പെട്ടവര്‍ പറയുന്നത് ചതിക്കപ്പെട്ടു എന്നുറപ്പായപ്പോളാണ്.


ഇടനിലക്കാരായി ഉമ്മയും സഹോദരിയും

അതിനിടെ കേസ് കൊടുക്കാന്‍ തയ്യാറായവര്‍ക്കും നിഷാലിന്റെ സൗഹൃദ ലിസ്റ്റില്‍ ഉള്‍പെട്ടിരിക്കുന്ന യുവതികള്‍ക്കും വീട്ടമ്മമാര്‍ക്കും നിഷാലിന്റെ ഉമ്മ എന്ന് വിളിക്കപ്പെടുന്ന നസീറ ഭാനു, സഹോദരി എന്നിവരില്‍ നിന്നും നിരന്തരം ഭീഷണികളാണ്. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ എത്തുന്ന ഫോണ്‍ കോളുകളില്‍ നിഷാലിനെ പുരുഷ വേശ്യയായി ഉപയോഗിച്ച് എന്ന് തങ്ങള്‍ സ്ത്രീകള്‍ക്ക് എതിരെ കേസ് നല്‍കുമെന്നാണ് നസീറ ഭാനുവിന്റെ ഭീഷണി. ഒരാള്‍ക്ക് ഇത്രയധികം സ്ത്രീകളെ എങ്ങനെ ബന്ധപെടാനാകും എന്നും ഈ സ്ത്രീ ചോദിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ തയ്യാറായത് കൊണ്ടാണ് അവന്‍ ഇങ്ങനെയായത് എന്ന പ്രതിരോധം ഉയര്‍ത്താനും ഈ സ്ത്രീ തയ്യാറാവുകയാണ്.

നിഷാലിന്റെ ചിത്രങ്ങളില്‍ ഇടതു കൈത്തണ്ടയില്‍ പതിനഞ്ചോളം മുറിവുകളുടെ അടയാളങ്ങള്‍ കാണാം. ഓരോ തവണയും ഓരോ യുവതിയുടെയും വീട്ടില്‍ എത്തി കൈ മുറിച്ചതിന്റെ അടയാളങ്ങള്‍ ആണെന്ന് നിഷാല്‍ തന്നെയാണ് വെളിപ്പടുത്തിയതും. സ്ത്രീകള്‍ തന്നെ വശീകരിക്കുക ആയിരുന്നു എന്ന വാദമാണ് ഇയാള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകള്‍ അയച്ചു നല്‍കിയ നഗ്ന ചിത്രങ്ങള്‍ ഇയാള്‍ തെളിവിനായി സൂക്ഷിക്കുകയും ചെയ്യുന്നു. മകന്‍ കൈ മുറിക്കുക വഴി മാനസിക രോഗിയായി ചിത്രീകരിക്കണം എന്നാണ് നസീറ ഭാനു അഭിഭാഷകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കോടതിയില്‍ നിന്നും കേസില്‍ ഊരിപ്പോകാം എന്നും അവര്‍ പരസ്യമായി പറയുന്നുണ്ട്.

മുന്‍പ് പോക്സോ കേസില്‍ പ്രതിയായ ഇയാള്‍ ലൈവ് നടത്താന്‍ എത്തുമ്പോള്‍ വീട്ടിലെ ആറോ ഏഴോ വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയെ മടിയില്‍ പിടിച്ചിരുത്തി കൊഞ്ചിക്കുന്ന ദൃശ്യങ്ങളുമുണ്ട്. പെറ്റിക്കോട്ട് മാത്രം ധരിച്ച കുഞ്ഞ് ഇയാളുടെ പ്രവര്‍ത്തികളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. കാമറയില്‍ ദൃശ്യമാകാത്ത വിധത്തില്‍ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് നിഷാലിന്റെ കൈകള്‍ നീങ്ങുന്നതും ചലനങ്ങളില്‍ നിന്നും വ്യക്തമാണ്. ഒരിക്കല്‍ ലൈവ് ഷോയില്‍ ഇയാള്‍ കുഞ്ഞിന്റെ ഉടുപ്പ് പൊക്കിയതും തമാശയെന്ന മട്ടിലാണ്. ഒരിക്കല്‍ ഇയാള്‍ മടിയില്‍ ഇരിക്കാന്‍ വിളിക്കുമ്പോള്‍ കുഞ്ഞ് എനിക്ക് അത് ഇഷ്ടമല്ല എന്ന് പറയുന്ന ഭാഗവും ഇപ്പോഴും ഇയാളുടെ ചാനലില്‍ ദൃശ്യമാണ്. ഇത്തരം കാര്യങ്ങള്‍ വ്യക്തമായും ഒരു പോക്സോ കേസിലേക്ക് നയിക്കാന്‍ ഇടയാക്കുന്നതുമാണ്. പക്ഷെ വീട്ടിലെ കുട്ടി ആണെന്നതിനാല്‍ എല്ലാക്കാര്യങ്ങള്‍ക്കും പണത്തിനു വേണ്ടി ഇയാള്‍ക്ക് ഒത്താശ ചെയ്യുന്ന വീട്ടുകാര്‍ ഒരു പരാതിക്കും തയ്യാറാകില്ല എന്ന് വ്യക്തമാണ്.

സൈബറിടത്തിലെ കെണികളില്‍ കിളികള്‍ വീഴുന്നതിങ്ങനെ

അധികമാരും സോഷ്യല്‍ മീഡിയയില്‍ പരസ്യമായി ഉപയോഗിക്കാത്ത പൈങ്കിളി ടച്ചുള്ള സംഭാഷണങ്ങളാണ് നിഷാലിന്റെ തുറുപ്പ് ചീട്ട്. ഓരോ പെണ്‍കുട്ടികളോടും സരളമായും ഹൃദയത്തില്‍ തട്ടുന്ന വിധവും സംസാരിച്ചു എന്ന് തോന്നിപ്പിക്കുന്ന ട്രാന്‍സ്‌ക്രിപ്റ്റഡ് വീഡിയോകളാണ് ഇപ്പോള്‍ ഇയാളുടെ ചാനലില്‍ ലഭ്യമാകുന്നത്. ഇത് ഇയാള്‍ പണം നല്‍കി ചെയ്യിച്ചതാകാനും സാധ്യതയുണ്ട്. എന്നാല്‍ ഇരകളെ ലൈവില്‍ നിന്നും അടര്‍ത്തി എടുത്തു സ്വകാര്യ സംഭാഷണം നടത്തുമ്പോഴും ഇയാള്‍ ഈ സംഭാഷണ ചാരുത തന്നെയാണ് പുറത്തെടുക്കുന്നത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയും ആയ സ്ത്രീ പറയുന്നത് ഒരിക്കലും ഭര്‍ത്താവ് നല്‍കാത്ത സ്നേഹ സംഭാഷണങ്ങള്‍ നിഷാലില്‍ നിന്നും ലഭിച്ചപ്പോള്‍ ഒരു നിമിഷത്തെ ദൗര്‍ബല്യത്തില്‍ വീണു പോയി എന്നാണ് അവര്‍ പങ്കുവയ്ക്കുന്ന സങ്കടം. വിവരം പുറത്തായാല്‍ ആത്മഹത്യ ചെയ്യും എന്നും അവര്‍ പറയുന്നത് ഗൗരവത്തോടെയാണ്.

ഇത്തരം സംഭാഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് അധിക സ്ത്രീകളും എന്ന ചിന്തയാണ് ദിവസം രണ്ടു നേരം കൃത്യമായി ഇയാള്‍ ലൈവില്‍ എത്താന്‍ കാരണമായിരുന്നത്. എന്നും മൂന്നു മണിക്കും ഒന്‍പതു മണിക്കുമാണ് ഇയാള്‍ ലൈവ് ഷോകള്‍ നടത്തിയിരിക്കുന്നത്. ഓരോ ലൈവിലും നൂറുകണക്കിന് സ്ത്രീകള്‍ എത്തിയാണ് കൊഞ്ചല്‍ നടത്തിയിരുന്നത് എന്നതും ശ്രദ്ധേയം. സോഷ്യല്‍ മീഡിയയിലെ തിരിച്ചറിയാനാകാത്ത അക്കൗണ്ടുകള്‍ പല സ്ത്രീകള്‍ക്കും സ്വന്തമായുണ്ട് എന്നതും അവരുടെ ധൈര്യമായിരുന്നു