- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഘവരാജനെന്ന പേരിൽ സത്യസായി ബാബയുടെ ആശ്രമത്തിൽ കഴിയവേ എം ബി എ ഒന്നാം റാങ്കിൽ പാസായി; ആൾമാറാട്ട-ബലാൽസംഗ കേസുകളിൽ കുടുങ്ങിയത് കാമുകിമാർ എതിരായതോടെ; അവശേഷിക്കുന്ന കേസിൽ പയ്യന്നൂരിൽ ഹാജരാകാൻ വരുന്നത് അഭിഭാഷകനായി; ബിട്ടി മൽഹോത്ര വീണ്ടും അഴിക്കുള്ളിലാകുമോ?
കണ്ണൂർ: ബോളിവുഡ് സിനിമാ കഥയെ വെല്ലുന്ന ആൾമാറാട്ട കേസിൽ കുടുങ്ങിയ ബിട്ടി മൽഹോത്ര മൊഹന്തി വീണ്ടും കണ്ണൂരിലേക്ക്. പഴയങ്ങാടി പൊലിസ് പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഈ മാസം 13ന് ഹാജരാകാൻ ഒഡീഷ സ്വദേശി ബിട്ടി മൽഹോത്ര മൊഹന്തിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. പഠനത്തിലെന്നും മുൻപന്തിയിലായിരുന്ന അതിബുദ്ധിമാനായ ക്രിമിനലെന്നാണ് ബിട്ടിയുടെ കേസിൽ പൊലിസ് റിപ്പോർട്ടു ചെയ്തത്. ഇയാൾ രാഘവരാജനെന്ന പേരിൽ സത്യസായി ബാബയുടെ ആശ്രമത്തിൽ കഴിയവേയാണ് എം.ബി. എ പഠനത്തിന് ചേർന്ന് ഒന്നാം റാങ്കോടെ പാസായത്. എസ്.ബി. ടി ഓഫീസർ പരീക്ഷയിലും മികച്ച രീതിയിൽ വിജയിച്ചാണ് മാടായി ശാഖയിൽ അസി. മാനേജരായി നിയമിതനായത്. ഇവിടെ ജോലി ചെയ്യവേ കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തിൽ ഉപരിപഠനത്തിന് തയ്യാറെടുത്തുവരികയായിരുന്നു. ഇതിനിടെയാണ് ആൾമാറാട്ടക്കേസിൽ പിടിയിലായത്. ജർമ്മൻ പെൺസൃഹുത്തിനെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് ബിട്ടി ഉൽക്കൽ സർവകലാശാലയിൽ നിയമബിരുദ പഠനത്തിന് ചേരുകയായിരുന്നു.
2020-ൽ ഒന്നാം റാങ്കോടെ എൽ. എൽ.ബി പാസായ ബിട്ടി ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ സരചന്ദ് മാഹാപാത്രയുടെ കീഴിൽ പ്രാക്ടീസ് ചെയ്യുകയാണിപ്പോൾ. കൂടെ കൊണ്ടു നടന്ന കാമുകിമാർ എതിരായതോടെയാണ് ബിട്ടിയുടെ കഷ്ടകാലം തുടങ്ങിയത്. ആദ്യകാമുകിയായ ജർമൻ യുവതിയാണ് ബിട്ടിയെ മാനഭംഗകേസിൽ കുടുക്കിയത്. ബിട്ടിയുടെ മറ്റൊരു കാമുകയായ കോഴിക്കോട്ടെ ബാങ്ക് ജീവനക്കാരിയായ യുവതിയാണ് രാഘവരാജെന്ന പേരിൽ ആൾമാറാട്ടം നടത്തി എസ്.ബി.ടിയിൽ ജോലി ചെയ്യുന്ന വിവരം ഉന്നത പൊലിസ് ഉദ്യോഗസ്ഥന്മാർക്ക് കത്തിലൂടെ അറിയിച്ചത്. ജർമൻ യുവതിയെ മാനഭംഗം ചെയ്തുവെന്ന കേസിൽ പൊലിസ് ഡി.ജി.പിയുടെ മകനാണ് ബിട്ടിയെന്നതിനാൽ ആദ്യം കേസെടുക്കാൻ മടിച്ചുവെങ്കിലും പിന്നീട് ജർമൻ എംബസിയുടെ ഇടപെടൽ കാരണം കേസെടുത്തു നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.
ദേശീയമാധ്യമങ്ങളിലെ വാർത്താതാരം
ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ സംഭവത്തിലാണ് കോടതി ഇടപെടൽ. രാഘവരാജൻ എന്ന പേരിലാണ് ബിട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ( എസ്.ബി.ടി) മാടായി ശാഖയിൽ ജോലി നേടിത്. സംസ്ഥാന പൊലിസ് മേധാവിക്കും എസ്. ബി.ടി പൂജപ്പുര റീജ്യനൽ ഓഫീസിലും ലഭിച്ച ഊമക്കത്ത് ലഭിച്ചതിനെ തുടർന്ന് അന്നത്തെ കണ്ണൂർ ജില്ലാപൊലിസ് മേധാവി രാഹുൽ ആർ.നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അന്ന് തളിപറമ്പ് ഡി.വൈ. എസ്പിയായിരുന്ന കെ. എസ് സുദർശനാണ് 2013മാർച്ച് എട്ടിന് ബിട്ടിയെ അറസ്റ്റു ചെയ്തത്. പഴയങ്ങാടി പൊലിസ് രജിസ്റ്റർ ചെയ്ത ആൾമാറാട്ട കേസിൽ പയ്യന്നൂർ മജിസ്ട്രേറ്റ് ബിട്ടിയെ റിമാൻഡ് ചെയ്തു.
സെൻട്രൽ ജയിലിൽ തടവിൽ കഴിയവേ ബിട്ടി അഡ്വ. നിക്കോളാസ് ജോസഫ് മുഖേനെ കോടതിയിൽ ജാമ്യഹർജി നൽകി. രണ്ടു ബന്ധുക്കളുടെ ജാമ്യത്തിൽ വിടാനായിരുന്നു കോടതി ഉത്തരവ്. ബന്ധുക്കളുടെ ജാമ്യം എന്ന വ്യവസ്ഥ ഒഴിവാക്കാൻ അഡ്വ. നിക്കോളസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപ്പോഴാണ് കേസിൽ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ഒഡീഷ മുൻ ഡി.ജി.പി ബിന്ദു ഭൂഷൺ മൊഹന്തിയുടെ മകനായ ബിട്ടിയാണ് പേരുമാറ്റി രാഘവരാജൻ എന്ന പേരിൽ എസ്.ബി.ടി.യിൽ ജോലി നേടിയതെന്നും 2016- മാർച്ച് 21 രാജസ്ഥാനിലെ ഒരു ഹോട്ടൽ മുറിയിൽ ജർമൻ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്നും കാണിച്ച് ജയ്പൂർ പൊലിസ് രംഗത്തുവരികയായിരുന്നു.
നിയമത്തിന് മുൻപിൽ ഒതുങ്ങി
ഗവേഷണ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട ജർമൻ യുവതിയുമായി പ്രണയത്തിലായിരുന്ന ബിട്ടി യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. ആദ്യം പൊലിസ് കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിലും, ജർമൻ എംബസി വിഷയത്തിൽ ഇടപെട്ടപ്പോൾ കേസെടുക്കുകയും അസാധാരണ വേഗതയിൽ നിയമനടപടികൾ പൂർത്തീകരിക്കുകയുമായിരുന്നു. മൂന്ന് ദിവസം കൊണ്ടു കുറ്റപത്രം സമർപ്പിക്കുകയും രണ്ടാഴ്ചകൊണ്ട് വിധിപുറപ്പെടുവിപ്പിക്കുകയും ചെയ്ത ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തന്നെ അപൂർവ്വ കേസായിരുന്നു ഇത്.
2006- ഏപ്രിൽ 12ന് ഏഴുവർഷമാണ് ബിട്ടിക്ക് ഈ കേസിൽ തടവു ശിക്ഷലഭിച്ചത്. ജയ്പൂർ ജയിലിൽ തടവിൽ കഴിയവേ രോഗാതുരയായ മാതാവിനെ കാണാനായി പരോളിലിറങ്ങിയ ബിട്ടി മുങ്ങുകയായിരുന്നു. വീണ്ടും ഇയാൾക്കെതിരെ കേസെടുത്ത ജയ്പൂർ പൊലിസ് ഈ കേസിൽ പ്രൊഡക്ഷൻ വാറൻഡുമായി കണ്ണൂർ ജയിലിൽ എത്തിയതിനു ശേഷം ബിട്ടിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. അതിനെതിരെ അഡ്വ. നിക്കോളാസ് വീണ്ടും ഹൈക്കോടതിയിലെത്തി യാത്ര തടഞ്ഞുകൊണ്ടു ഉത്തരവ് സമ്പാദിച്ചുവെങ്കിലും ജയ്പൂർ പൊലിസ് ബിട്ടിയുമായി മുംബൈയിലെത്തിയിരുന്നു.
ബിട്ടിയെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഉടനെ തന്നെ കണ്ണൂർ ജയിലിലേക്ക് തന്നെ തിരിച്ചു കൊണ്ടുവന്നു. പിന്നീട് ജയ്പൂർ പൊലിസ് കേസിൽ കക്ഷിചേർന്ന് അനുകൂല വിധി നേടി ബിട്ടിയെ ജയ്പൂർ ജയിലിൽ തന്നെ അടച്ചു. തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെ ബിട്ടി നൽകിയ ഹരജിയിൽ സുപ്രീം കോടതി ശിക്ഷ സസ്പെൻഡ് ചെയ്തു. 2017-ൽ ബിട്ടി ജയിൽ മോചിതനായി. എന്നാൽ എസ്.ബി.ടിയിൽ ആൾമാറാട്ടം നടത്തി ഉദ്യോഗസ്ഥനായ കേസ് ബാക്കി തീർപ്പാകാതെയുണ്ടായിരുന്നു. ഈ കേസിലാണ് ബിട്ടി പയ്യന്നൂർ കോടതിയിൽ ഹാജരാകേണ്ടത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്