തിരുവനന്തപുരം: പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജും പ്രതി ഗ്രീഷ്മയും താലിക്കെട്ടിയ ദിവസത്തെ ദൃശ്യങ്ങൾ പുറത്ത് വന്നു. 'ഇന്ന് നമ്മുടെ കല്യാണം' എന്ന് ഷാരോൺ പറയുന്നത് വിഡിയോയിൽ വ്യക്തമാണ്.പട്ടാളക്കാരുമായുള്ള വിവാഹം ഉറപ്പിച്ചതോടെ ഷാരോണിനെ ഒഴിവാക്കൻ ഗ്രീഷ്മ പല ശ്രമങ്ങളും നടത്തിയിരുന്നു.അതിന്റെ ഭാഗമായിരുന്നു തന്റെ ആദ്യഭർത്താവ് മരിക്കുമെന്ന വാദം.ഈ കള്ളത്തെ ഷാരോൺ നിർഭയം നേരിട്ടത് ഗ്രീഷ്മയിൽ പക വർധിക്കാൻ കാരണമായി.

തനിക്ക് ആദ്യ ഭർത്താവ് വാഴില്ലെന്ന് ഗ്രീഷ്മ പറഞ്ഞപ്പോൾ എന്നാൽ അങ്ങനെയെങ്കിൽ അത് താനാകട്ടെ എന്ന് പറഞ്ഞ് ഗ്രീഷ്മയുടെ വീട്ടിലേക്ക് ഷാരോൺ എത്തുകയും താലികെട്ടുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.ഗ്രീഷ്മയുടെ വീട്ടിൽ വച്ചുണ്ടായ താലികെട്ടിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

അതസമയം ഷാരോൺ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങൾ പുറത്ത് വന്നിരുന്നു.ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു.പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോൺ ഗ്രീഷ്മയ്ക്ക് നൽകിയില്ല, ഡിലീറ്റ് ചെയ്തതുമില്ല. ഷാരോൺ ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഗ്രീഷ്മ ഭയന്നിരുന്നു. ഈ വൈരാഗ്യമാണെന്നാണ് ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മ പലതവണ ആത്മഹത്യ ഭീഷണി മുഴക്കിയിട്ടും ഷാരോൺ വഴങ്ങിയിരുന്നില്ലെന്നും ഗ്രീഷ്മ പറയുന്നു.

കൊലപാതകം ഒളിപ്പിക്കാനും നീക്കം നടത്തിയതായി ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. പ്രണയം ബന്ധുക്കൾ അറിഞ്ഞപ്പോൾ പിന്മാറാൻ ശ്രമിച്ചു. വിവാഹനിശ്ചയത്തിന് മുമ്പേ തന്നെ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. വിഷക്കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞു. ഷാരോണിന്റെ മരണത്തിന് ശേഷം ചോദ്യം ചെയ്യലിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്ന് ഗുഗിളിൽ തിരഞ്ഞതായും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

'ഷാരോണും ഗ്രീഷ്മയും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാർ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയിൽ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടിൽ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തിൽ കലർത്തിയാണ് നൽകിയത്. അവിടെ വച്ച് തന്നെ ഷാരോൺ ഛർദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തിയതും ഇതിന്റെ ഭാഗമായാണ്'.പൊലീസ് വ്യക്തമാക്കി

കേസിൽ ഗ്രീഷ്മയുടെ ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. മാതാപിതാക്കളെയും അമ്മാവനെയുമാണ് ചോദ്യം ചെയ്യുന്നത്. വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് ചോദ്യം ചെയ്യുന്നത്. ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് വിവരം.അതിനിടെ, ഗ്രീഷ്മയുടെ വീടിന് നേർക്ക് കല്ലേറുണ്ടായി. അജ്ഞാതരാണ് ഇന്നലെ രാത്രി കല്ലേറ് നടത്തിയത്. വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. പാറശ്ശാലയിലെ തമിഴ്‌നാട്ടിൽ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്.

വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഗ്രീഷ്മയുടെ മാതാപിതാക്കൾ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.