മുംബൈ: ജാതിയുടെ പേരിൽ വീട്ടുകാർ കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തിൽ വരണമാല്യം ചാർത്തി യുവതി. മഹാരാഷ്ട്രയിലെ നന്ദേഡിലാണ് ദുരഭിമാനക്കൊലയും അതിനെ തുടർന്നുള്ള നാടകീയ സംഭവങ്ങളും അരങ്ങേറിയത്. മൂന്നുവർഷത്തെ പ്രണയത്തിന് ശേഷം അഞ്ചൽ എന്ന യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയ സാക്ഷം ടേറ്റിനെയാണ് അവളുടെ പിതാവും സഹോദരങ്ങളും ചേർന്ന് കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെ, ടേറ്റിന്റെ വീട്ടിലെത്തി സംസ്‌കാര ചടങ്ങുകൾക്കിടെ മൃതദേഹത്തിൽ വരണമാല്യം അണിയിച്ച യുവതി, നെറ്റിയിൽ സിന്ദൂരം ചാർത്തി ഭർത്താവായി സ്വീകരിക്കുകയായിരുന്നു.

സഹോദരങ്ങൾ വഴിയാണ് അഞ്ചൽ, സാക്ഷം ടേറ്റിനെ പരിചയപ്പെടുന്നത്. പതിവ് സന്ദർശനങ്ങളിലൂടെ ഇരുവരും കൂടുതൽ അടുത്തു. മൂന്നുവർഷം നീണ്ട ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ശക്തമായ എതിർപ്പുകൾ ഉയർന്നു. ജാതി വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി അഞ്ചലിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. നിരവധി ഭീഷണികൾ ഉണ്ടായിട്ടും ഇരുവരും പ്രണയം തുടർന്നു. അഞ്ചൽ ടേറ്റിനെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പിതാവും സഹോദരങ്ങളും അറിഞ്ഞതോടെ, അവര്‍ ടേറ്റിനെ മര്‍ദിച്ചശേഷം തലയ്ക്ക് വെടിവച്ചു. കല്ലുകൊണ്ട് തല തകര്‍ത്തു.

കാമുകന്റെ അന്ത്യകർമങ്ങൾ നടക്കുന്നതിനിടെയാണ് അഞ്ചൽ അവന്റെ വീട്ടിലെത്തിയത്. മൃതദേഹത്തിൽ മാല ചാർത്തിയശേഷം നെറ്റിയിൽ സിന്ദൂരം അണിഞ്ഞ യുവതി, ഇനിമുതൽ ടേറ്റിന്റെ ഭാര്യയായി അവന്റെ വീട്ടിൽ ജീവിക്കുമെന്ന് പ്രഖ്യാപിച്ചു. "സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്നേഹം വിജയിച്ചു, എന്റെ അച്ഛനും സഹോദരങ്ങൾക്കും തോൽവി സംഭവിച്ചു," അഞ്ചൽ മാധ്യമങ്ങളോട് പറഞ്ഞു. ടേറ്റിന്റെ കൊലയാളികൾക്ക് വധശിക്ഷ നൽകണമെന്നും അവൾ ആവശ്യപ്പെട്ടു. തങ്ങളുടെ സ്നേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അതിനാലാണ് അവനെ വിവാഹം ചെയ്തതെന്നും അഞ്ചൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ യുവതിയുടെ പിതാവും സഹോദരനും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.