തിരുവനന്തപുരം: ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നതായി വിവരങ്ങൾ. ബാലരാമപുരം കാട്ടാക്കട റോഡിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ശിവക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളൻ കയറിയത്. സംഭവത്തിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ക്ഷേത്ര ജീവനക്കാർ പറഞ്ഞു.

കൃത്യ സമയത്ത് ഡ്യൂട്ടിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷ്ട്ടാവ് ഉള്ളിൽ കടക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.

ബാലരാമപുരം തലയൽ ശ്രീ ഭരദ്വാജ ഋഷിശ്വര ശിവക്ഷേത്രത്തിൽ ഉറങ്ങിക്കിടന്ന സെക്യൂരിറ്റി ജീവനക്കാരനെ പൂട്ടിയിട്ട ശേഷമാണ് മോഷണ ശ്രമം നടന്നത്. ക്ഷേത്രത്തിലെ ഉപദേവത ശ്രീശാസ്താ ക്ഷേത്രത്തിന്‍റെ പൂട്ട് പൊട്ടിച്ച് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച രാത്രി 11 നായിരുന്നു സംഭവം നടന്നത്. രാത്രി 10ന് എത്തിയ സെക്യൂരിറ്റി ജീവനക്കാരൻ റൂമിനകത്ത് കയറി കതകടച്ച് കിടന്നുറങ്ങി.

ഒടുവിൽ രാവിലെ ഉണർന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാരൻ ക്ഷേത്ര ജീവനക്കാരെ വിളിച്ചു വരുത്തിയാണ് അവസാനം പുറത്തിറങ്ങിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് മതിൽ ചാടി കടക്കുന്നതും സെക്യൂരിറ്റിക്കാരന്‍റെ റൂം പുറത്ത് നിന്ന് പൂട്ടുന്നതിന്‍റെയും മറ്റും ദൃശ്യങ്ങൾ കണ്ടെത്തിയത്.

അന്യ സംസ്ഥാന തൊഴിലാളിയാണ് മോഷ്ടാവെന്ന് പോലീസ് സംശയം പറയുന്നു. സംഭവത്തിൽ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രതിയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.