പത്തനംതിട്ട: കെട്ടിട നിർമ്മാണം നടക്കുന്നിടത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ക്യാമ്പിൽ നുഴഞ്ഞു കയറി മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനെ ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവാവിനെ കേസിൽ നിന്നൂരാൻ വേണ്ടി സിപിഎം നേതാക്കളുടെ സമ്മർദമെന്ന് പരാതി. സിപിഎം കുരങ്ങുമല ബ്രാഞ്ച് കമ്മറ്റിയംഗം അജിയുടെ മകൻ ജിത്തിനെയാണ് ആറന്മുള പൊലീസ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ മാസം 25 ന് പുലർച്ചെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ആര്യങ്കാവ് കഴുതുരുട്ടി ഈട്ടിവിള വീട്ടിൽ നിന്നും കോഴഞ്ചേരി ഈസ്റ്റ് പനച്ചക്കുഴി സജി വിലാസത്തിൽ വാടകക്ക് താമസിക്കുന്ന ബിബിൻ കുമാർ (18), പുല്ലാട് തെറ്റുപാറ ബിജു ഭവനിൽ ബിജിത്ത് (18), നാരങ്ങാനം വലിയകുളം നെടിയ മഞ്ഞപ്ര വീട്ടിൽ അജു അജയൻ (18)എന്നിവരാണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട നാലാമനായി പൊലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു. തങ്ങൾക്കൊപ്പമുണ്ടായിരുന്നത് ജിത്ത് ആണെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്.

ഇതോടെ സിപിഎം സമ്മർദം പൊലീസിന് മേലുണ്ടായി. പക്ഷേ, മൊഴികളും തെളിവുകളും ശക്തമായതിനാൽ പൊലീസ് വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. കഴിഞ്ഞ മാസം 25 ന് പുലർച്ചെ മൂന്നരയോടെ തൊഴിലാളികളുടെ താൽക്കാലിക താമസ സ്ഥലത്താണ് മോഷണം നടന്നത്. കീഴുകര സെന്റ് മേരീസ് സ്‌കൂളിന് സമീപം പുതുതായി പണിയുന്ന വീടിന്റെ താഴത്തെ നിലയിൽ ഏണി വച്ചു കയറിയാണ് പശ്ചിമ ബംഗാൾ ജയ്‌പ്പാൽ ഗുഡി ജാർസാൽവരി സ്വദേശി റഷീദുൽ ഇസ്ലാമിന്റെയും സുഹൃത്ത് അനാമുൽ ഹക്കിന്റെയും ഫോണുകൾ മോഷ്ടിച്ചത്.

റഷീദിന്റെ ഫോണിന് 13000 രൂപയും അനാമുലിന്റേതിന് 18000 രൂപയും വില വരും. റഷീദിന്റെ 600 രൂപയും നഷ്ടമായി. ഇവരുടെ പരാതിപ്രകാരം കേസെടുത്ത പൊലീസ് നാട്ടുകാർ തടഞ്ഞു വച്ച മോഷ്ടാക്കളെ പുലർച്ചെ അഞ്ചു മണിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും പിടിച്ചെടുത്തു. പണി നടക്കുന്ന വീടിന്റെ പുരയിടത്തിൽ നിന്നും ഫോണുകൾ പൊലീസ് പിന്നീട് കണ്ടെടുത്തു.

രണ്ടാം പ്രതിയുടേതാണ് ബൈക്ക്, ഇതിലാണ് മൂവരും സ്ഥലത്തെത്തിയത്. രണ്ടും മൂന്നും പ്രതികളായ അജു, ബിജിത്ത് എന്നിവരെ പുറത്ത് കാവൽ നിർത്തിയ ശേഷം ബിബിൻ വീട്ടിനുള്ളിൽ കടന്ന് ഫോണുകൾ മോഷ്ടിക്കുകയായിരുന്നു. ഈ സമയം പുറത്തു നിന്ന യുവാക്കളെ നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തിയെന്ന് മനസിലാക്കിയ ബിബിൻ പിടിക്കപ്പെടുമെന്ന് ഭയന്ന് അവിടെ ഒളിച്ചുനിന്നു. കുറെ കഴിഞ്ഞിട്ടും ആളുകൾ പോകാത്തതിനാൽ മോഷ്ടിച്ച ഫോണുകൾ ഒളിച്ചു വച്ച ശേഷം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പിടികൂടുകയായിരുന്നു.പ്രതികൾക്കെതിരെ മറ്റു മൂന്ന് മോഷണക്കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്