പത്തനംതിട്ട: റബർ ഷീറ്റ് അടിക്കാനുപയോയിക്കുന്ന റോളർ മോഷ്ടിച്ച രണ്ടു കേസുകളിലായി അഞ്ചു പ്രതികളെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. ചുരുളിക്കോട് പാലശ്ശേരിൽമൊട്ടു എന്നു വിളിക്കുന്ന പ്രമോദ് (29), അക്കരകുന്നത്ത് പ്രിൻസ് തോമസ് (45), പാലിശ്ശേരിൽ വീട്ടിൽ രാജേന്ദ്രൻ (33), പെപ്പി എന്നു വിളിക്കുന്ന രതീഷ് (36),ഇലന്തൂർ മാടപ്പള്ളിൽ അടി മുറിയിക്കൽ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന കണ്ണൻ (28), എന്നിവരെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ വീട്ടിൽ ജോയി എന്നു വിളിക്കുന്ന മത്തായി സാമുവലിന്റെ പഴയ വീടിന്റെ സമീപത്തുള്ള റോളർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ 13 നാണ് സംഭവം. ജോയിയുടെ പഴയ വീടിന്റെ പരിസരത്താണ് റബ്ബർ ഷീറ്റ് അടിക്കുന്ന രണ്ട് റോളർ മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റെ റോളറുകളും സ്പെയർപാർട്സുകളും അഴിച്ചെടുത്ത് തോളിൽ ചുമന്ന് നാലുപേർ ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. ജോയി മോഷണം കണ്ട് ഒച്ച വച്ചെങ്കിലും അതിനോടകം പ്രതികൾ വാഹനത്തിൽ കയറി പോയിരുന്നു. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

അന്വേഷണത്തിൽ നാലു പ്രതികളെയും സാധനം കൊണ്ടു പോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. 15,000 രൂപയുടെ നഷ്ടമാണ് ഉടമയ്ക്ക് ഉണ്ടായത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും മറ്റൊരു മോഷണം കൂടി തെളിഞ്ഞു. ഇലന്തൂർ പുളിന്തിട്ട പള്ളിക്ക് സമീപം പുറത്തൂട്ട് വീട്ടിൽ ഷിബു കുമാറിന്റെ റബർ ഷീറ്റ് അടിക്കുന്ന റോളറും പ്രതികൾ മോഷ്ടിച്ചിരുന്നു. ഷിബു 35,000 രൂപ കൊടുത്ത് സെക്കൻഡ് ഹാൻഡായി വാങ്ങിയതാണ് ഈ മെഷിൻ. ഷിബു കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഇപ്പോൾ പിടിയിലുള്ള നാലു പേർ കൂടാതെ മറ്റൊരാൾ കൂടി ഉൾപ്പെട്ടിരുന്നു.

പകൽ സമയങ്ങളിൽ ഇരു ചക്രവാഹനങ്ങളിൽ കറങ്ങി നടന്ന് ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മെഷീനുകൾ കണ്ടു പിടിച്ച് ഇളക്കിവച്ച ശേഷം രാത്രികാലങ്ങളിൽ പല സംഘങ്ങളായി സഞ്ചരിച്ച് പല സമയങ്ങളിൽ ഇവശേഖരിച്ച് ആക്രി കടകളിൽ കൊണ്ടുപോയി വിൽപ്പന നടത്തുകയാണ് ഇവർ ചെയ്തു വന്നിരുന്നത്. വിൽപ്പന നടത്തിയ റബർ റോളർ മെഷീൻ ഭാഗങ്ങളും വാഹനവും തെക്കേമലയിൽ പ്രവർത്തിക്കുന്ന ആക്രി കടയിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമാന രീതിയിൽ കൂടുതൽ കേസുകൾ ഉണ്ടോ എന്ന് അനേഷണം നടത്തിവരുന്നു എന്ന് പൊലീസ് പറഞ്ഞു.

ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജയൻ, എസ് ഐ ബി. വിനോദ് കുമാർ, എസ് സി പി ഒ സലിം, പ്രദീപ് അനിലേഷ്, സി പി ഒ ഉമേഷ് റ്റി. നായർ, ജിതിൻ ഗബ്രിയേൽ, കിരൺ, ഹരികൃഷ്ണ, വിഷ്ണു വിജയൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തിലകൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.