കോഴഞ്ചേരി: വീട് ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ നിര്‍ത്തി വയോധികയുടെ കഴുത്തിലെ മുറിച്ചെടുക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒന്നാം പ്രതി കൊല്ലം പട്ടാഴി കന്നിമേല്‍ പന്തപ്ലാവ് ചിത്രാലയം വീട്ടില്‍ എസ്. ശരത് (33) ആണ് പിടിയിലായത്. രണ്ടാം പ്രതി പട്ടാഴി പന്തപ്ലാവ് ശംഭു ഭവനത്തില്‍ ആദര്‍ശ് രവീന്ദ്ര(26) നെഅന്ന് തന്നെ പിടികൂടിയിരുന്നു.

കഴിഞ്ഞ അഞ്ചിന് രാത്രി ഏഴോടെ 63 വയസുളള വീട്ടമ്മ ഭര്‍ത്താവിന്റെ കുടുംബ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് പ്രതികള്‍ സ്‌കൂട്ടറിലെത്തി മാല കവര്‍ന്നത്. ഇടപ്പാവൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയില്‍ കൂടി നടന്ന് പോയ വീട്ടമ്മയ്ക്ക് സമീപം ഒരു വീട് അന്വേഷിക്കാനെന്ന വ്യാജേനെയാണ് പ്രതികള്‍ സ്‌കൂട്ടര്‍ നിര്‍ത്തിയത്. പിന്നില്‍ ഇരുന്നു യാത്ര ചെയ്ത ശരത് ആണ് ആക്രമിച്ചത്.

കട്ടര്‍ കൊണ്ട് ശരത് ഇവരുടെ കഴുത്തില്‍ കിടന്ന 16 ഗ്രാം വരുന്ന സ്വര്‍ണമാല മുറിച്ചെടുത്തു. തടയാന്‍ ശ്രമിച്ച വയോധികയുടെ ബ്ലൗസ് വലിച്ച് കീറി അപമാനിക്കുകയും ചെയ്തു. മാലയ്ക്ക് 1,70,000 രൂപ വിലവരും. ബഹളം കേട്ട് വീട്ടില്‍ നിന്നും ഓടിയെത്തിയ മകന്‍ സന്ദീപ് ആദര്‍ശിനെ ഓടിച്ചിട്ട് പിടികൂടിയെങ്കിലും ശരത് രക്ഷപ്പെട്ടിരുന്നു. രണ്ട് കഷണമായ മാലയുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. കോയിപ്രം പോലീസ് ഉടനെതന്നെ സ്ഥലത്തെത്തി ആദര്‍ശിനെ കസ്റ്റഡിയിലെടുത്തു.

ജില്ല പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുളക്കട തുരുത്തിയമ്പലത്തിലെ ബന്ധുവീട്ടില്‍ ശരത് ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തി ടസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മാലയും കണ്ടെടുത്തു. പ്രതികളുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പുനടത്തി കട്ടര്‍ കണ്ടെടുത്തു. കട്ടര്‍ കൊണ്ട് മുറിക്കാന്‍ പിടിച്ചു വലിച്ചപ്പോള്‍ പൊട്ടിപ്പോയ മാലയുമായി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ശരത്തിനെ വയോധിക പിടിച്ചു നിര്‍ത്തി. ഈ സമയം ഇയാള്‍ ഇവരുടെ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും കട്ടര്‍ ഉപേക്ഷിച്ചശേഷം മാലയുമായി കടക്കുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐ ഷൈജു, എസ് സി പി ഓ മാരായ നെബു, ഷെബാന, സി പി ഓമാരായ അനന്തു സാബു, വിഷ്ണു, അരുണ്‍കുമാര്‍, അക്ഷയ് എന്നിവരാണ് ഉണ്ടായിരുന്നത്.