കോഴിക്കോട്: കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകരെന്ന് വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് അഞ്ച് പവന്റെ സ്വർണമാല കവർന്ന കേസിൽ രണ്ട് പ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും. കോഴിക്കോട് സെക്കൻഡ് അഡിഷനൽ സബ് കോടതി ജഡ്ജി ആർ. വന്ദനയാണ് പ്രതികളായ താമരശ്ശേരി കാഞ്ഞിരത്തിങ്കൽ അർജുൻ (39), വാണിമേൽ കോടിയോറ പടിഞ്ഞാറെ വാഴചണ്ടിയിൽ സന്ദീപ് (36) എന്നിവരെ ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ വീതമാണ് പിഴയടക്കേണ്ടത്.

2021 ഫെബ്രുവരി 19-നാണ് സംഭവം നടന്നത്. ഉച്ചയോടെ വീട്ടിലെത്തിയ ഒന്നാം പ്രതി അർജുൻ, വീട്ടമ്മയായ സുലഭയോട് അവരുടെ ഭർത്താവ് രവീന്ദ്രനെക്കുറിച്ച് അന്വേഷിച്ചു. ഭർത്താവിന് കോവിഡ് വാക്സിൻ എടുക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഉടൻ പേര് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് സുലഭ ഭർത്താവിനെ വിവരം അറിയിക്കുകയും അദ്ദേഹം വാക്സിനെടുക്കാനായി പുറത്തേക്ക് പോകുകയും ചെയ്തു. രവീന്ദ്രൻ വീട്ടിൽ നിന്നിറങ്ങിയ തക്കം നോക്കി അർജുൻ വീടിനകത്തേക്ക് അതിക്രമിച്ചുകയറി.

ടിവി സ്റ്റാൻഡിൽ ഉണ്ടായിരുന്ന ലോഹ വിഗ്രഹം ഉപയോഗിച്ച് സുലഭയുടെ മുഖത്ത് അടിച്ചു. നിലത്തു വീണ സുലഭയുടെ കഴുത്തിൽ നിന്ന് അഞ്ചു പവനോളം തൂക്കം വരുന്ന സ്വർണമാല പ്രതി ഊരിയെടുത്തു. ഇതിനിടെയെത്തിയ രണ്ടാം പ്രതി സന്ദീപ് സുലഭയെ വീണ്ടും മർദ്ദിച്ചു. ബോധരഹിതയായ സുലഭയുടെ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും താടി എല്ല് പൊട്ടുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തു. പിന്നീട് ബോധം വീണ്ടെടുത്ത സുലഭ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.

അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് രവീന്ദ്രൻ സുലഭയെ വടകരയിലെ ആശുപത്രിയിൽ എത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്. വടകരയിൽ വാടകയ്ക്ക് മുറിയെടുത്താണ് പ്രതികൾ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. മറ്റൊരു കവർച്ചാശ്രമത്തിനിടെയാണ് ഇവരെ വടകരയിൽ നിന്നും താമരശ്ശേരിയിൽ നിന്നും പോലീസ് പിടികൂടിയത്. ഏറെ ആസൂത്രിതമായാണ് ഇവർ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.