കടയ്ക്കൽ: യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് മർദിക്കുകയും പണവും ബുള്ളറ്റ് ബൈക്കും കവരുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധാന നീക്കത്തിലൂടെ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം നേമം ചാനൽക്കര വീട്ടിൽ ഗിരി (35) ആണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ അജിത ഒളിവിൽ തുടരുകയാണ്.

അജിതയുടെ അകന്ന ബന്ധു കൂടിയായ ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശി മനോജിനെയാണ് ഗിരിയും അജിതയും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും സൗഹൃദം സ്ഥാപിച്ച് മനോജിനെ വശത്താക്കുകയായിരുന്നു. കടമായി ചോദിച്ച 5000 രൂപ നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞ ഒക്ടോബർ 21-ന് രാത്രി പ്രതികൾ താമസിക്കുന്ന കടയ്ക്കൽ ആനപ്പാറയിലെ വീട്ടിലേക്ക് മനോജിനെ വിളിച്ചുവരുത്തി.

ഏറ്റുമാനൂരിൽ നിന്ന് ബൈക്കിലെത്തിയ മനോജിനെ ദമ്പതികൾ ചേർന്ന് മുറിയിൽ പൂട്ടിയിടുകയും കൈകൾ കെട്ടി മർദിച്ചശേഷം പോക്കറ്റിലുണ്ടായിരുന്ന 5000 രൂപ കവരുകയും ചെയ്തു. തുടർന്ന്, മനോജിനെ വിട്ടയയ്ക്കാൻ ഭാര്യയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി ഗൂഗിൾ പേ വഴി 5000 രൂപ കൂടി പ്രതികൾ കൈക്കലാക്കി. ഏകദേശം ഒരു ലക്ഷം രൂപയിലധികം വിലവരുന്ന മനോജിന്റെ ബുള്ളറ്റ് ബൈക്കും ഇവർ തട്ടിയെടുത്തു.

സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട മനോജ് കടയ്ക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോയി. എന്നാൽ, ഇവർ തിരുവനന്തപുരം നേമത്തെ ഒരു വാടകവീട്ടിൽ ഒളിവിൽ കഴിയുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കടയ്ക്കൽ എസ്.എച്ച്.ഒ. സുബിൻ തങ്കച്ചന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട് വളഞ്ഞ് ഗിരിയെ പിടികൂടുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട ബൈക്ക് തിരുവനന്തപുരം വെള്ളായണി ഭാഗത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അജിതയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.