- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'പെട്രോൾ തീർന്നെന്ന്' പറഞ്ഞ് സെക്യൂരിറ്റിയെ പറ്റിച്ചു; ബാറിന്റെ പാർക്കിങ്ങിൽ നിന്നും മോഷ്ടിച്ച ബൈക്കുമായായി മുങ്ങി; ആക്രി കടയിൽ വിറ്റെന്ന് കള്ളം പറഞ്ഞിട്ടും രക്ഷയില്ല; 19-കാരൻ കുടുങ്ങിയത് സിസിടിവിയിൽ; ആര്യാടുകാരൻ വിനീത് സ്ഥിരം മോഷ്ടാവ്

തിരുവനന്തപുരം: കിഴക്കേക്കോട്ടയിലെ ബാർ പാർക്കിങ്ങിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയ കേസിൽ ഒരാളെ കൂടി ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിനീത് കെ.വി. (19) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട ബൈക്ക് പൊലീസ് കണ്ടെടുത്തു. കേസിൽ നേരത്തെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ മോഷണം നടന്നത്. കിഴക്കേക്കോട്ട കോട്ടയ്ക്കകത്തുള്ള ബാറിലെ ജീവനക്കാരന്റെ ബൈക്കാണ് പ്രതികൾ കവർന്നത്. കേസിലെ ഒന്നാം പ്രതിയായ പേട്ട പാൽക്കുളങ്ങര സ്വദേശി ഉണ്ണി (24), ബാർ പാർക്കിങ്ങിൽ നിന്ന് ബൈക്കിന്റെ ലോക്ക് തകർത്ത് വാഹനം ഉരുട്ടി പുറത്തെത്തിക്കുകയായിരുന്നു. ഗേറ്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ തടഞ്ഞപ്പോൾ, പെട്രോൾ തീർന്നുപോയതാണെന്ന് വിശ്വസിപ്പിച്ചാണ് ഉണ്ണി വാഹനം പുറത്തേക്ക് കടത്തിയത്.
തുടർന്ന് കിഴക്കേക്കോട്ടയിൽ വെച്ച് രണ്ടാം പ്രതിയായ വൈക്കം സ്വദേശി ജിനു ബേബിക്ക് (28) വാഹനം കൈമാറി. ബൈക്ക് വിൽക്കാൻ ഏൽപ്പിച്ച ശേഷം പ്രതിഫലം വാങ്ങി ഉണ്ണി മടങ്ങുകയായിരുന്നു. അറസ്റ്റിലായ ജിനു ബേബിയെ ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് വിനീതിന്റെ കൈവശമുണ്ടെന്ന വിവരം ലഭിച്ചത്. വാഹനം അട്ടക്കുളങ്ങരയിലെ സ്ക്രാപ്പ് കടയിൽ വിറ്റെന്നായിരുന്നു പ്രതികൾ ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ വാഹനം കടത്തിയ വഴി കണ്ടെത്തുകയായിരുന്നു. അറസ്റ്റിലായ ജിനു ബേബി എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഫോർട്ട് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ വിനീതിനെ റിമാൻഡ് ചെയ്തു.


