- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാങ്കിന് സമീപം വീട് വാടകയ്ക്കെടുത്തു; പുതിയ ബൈക്കുകൾ വാങ്ങി; വിഹിതം നൽകാമെന്ന് പറഞ്ഞ് പ്രാദേശിക മോഷ്ടാക്കളെ ഒപ്പം കൂട്ടി; ബാങ്ക് കവർച്ചയ്ക്കായി ജയിലിൽ തുടങ്ങിയ ആസൂത്രണം; തോക്കു ചൂണ്ടി ജീവനക്കാരെ ബന്ദികളാക്കി കവർന്നത് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും; പ്രതികൾ പിടിയിൽ
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിലുള്ള ഇസാഫ് ബാങ്ക് ശാഖയിൽനിന്ന് 14.8 കിലോഗ്രാം സ്വർണവും അഞ്ചുലക്ഷം രൂപയും കവർന്ന കേസിൽ നാലുപേർ അറസ്റ്റിലായി. റയിസ് സിങ് ലോധി, ഹേംരാജ്, വികാസ് ചക്രവർത്തി, സോനു വർമ്മൻ എന്നിവരാണ് പിടിയിലായത്. അതേസമയം, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വർണം ഇതുവരെ കണ്ടെത്താനായിട്ടില്ല.ഓഗസ്റ്റ് 11-ന് നടന്ന വൻ കവർച്ചയുടെ ആസൂത്രണം ഛത്തീസ്ഗഡിലെ ജയിലിൽ വെച്ചാണ് നടന്നതെന്ന് പോലീസ് കണ്ടെത്തി.
ഓഗസ്റ്റ് 11-ന് രാവിലെ ബാങ്ക് പ്രവർത്തനം ആരംഭിച്ച ഉടൻ ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നംഗസംഘം അകത്തുകയറി നാടൻ തോക്കുചൂണ്ടി നാല് ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. തുടർന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന 14.8 കിലോ സ്വർണവും അഞ്ചുലക്ഷം രൂപയും കൈക്കലാക്കി. ലഹരിമരുന്ന്, മോഷണക്കേസുകളിൽ ഛത്തീസ്ഗഡ് ജയിലിൽ കഴിയുമ്പോഴാണ് മുഖ്യപ്രതിയായ റയിസ് സിങ് ലോധി സഹതടവുകാരുമായി ചേർന്ന് കവർച്ച ആസൂത്രണം ചെയ്തത്.
ജയിൽ മോചിതരായ ശേഷം ഇവർ ബാങ്കിന് സമീപം ഒരു വീട് വാടകയ്‌ക്കെടുക്കുകയും കവർച്ചയ്ക്കായി പുതിയ ബൈക്കുകൾ വാങ്ങുകയും ചെയ്തു. പ്രാദേശിക മോഷ്ടാക്കളുടെ സഹായവും സംഘം തേടിയിരുന്നു. മോഷ്ടിക്കുന്ന സ്വർണം ഉരുക്കി പങ്കുവെക്കാമെന്നായിരുന്നു ഇവർക്കുള്ള വാഗ്ദാനം. 20 മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കിയ സംഘം രണ്ടു ബൈക്കുകളിലായി രക്ഷപ്പെട്ടു.
പ്രധാന പാതകൾ ഒഴിവാക്കി ഉൾവഴികളിലൂടെ സഞ്ചരിച്ച ഇവർ വഴിമധ്യേ വസ്ത്രം മാറുകയും രണ്ടായി പിരിഞ്ഞ് ട്രെയിൻ മാർഗം ഛത്തീസ്ഗഡിലേക്ക് മടങ്ങുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത സംഘത്തിൽനിന്ന് കവർന്ന സ്വർണം കണ്ടെത്തിയില്ലെങ്കിലും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങൾ, വാഹനങ്ങൾ, 1.83 ലക്ഷം രൂപ തുടങ്ങിയ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.