കൊല്ലം: കൊല്ലത്ത് വീട്ടിൽനിന്ന് സിസിടിവി ക്യാമറ മോഷ്ടിച്ച കേസിൽ സഹോദരങ്ങളടക്കം മൂന്നു യുവാക്കളെ പിന്തുടർന്ന് പിടികൂടി നാട്ടുകാർ. പകൽ ഓൺലൈൻ ഡെലിവറി ജോലിയുടെ മറവിൽ വീടുകൾ നിരീക്ഷിച്ച് രാത്രി മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഏരൂർ നെടിയറ നെട്ടയം പാലോട്ട്കോണം ചരുവിളവീട്ടിൽ സച്ചുമോൻ, സന്ദീപ് എന്നിവരും ആയിരനല്ലൂർ വിളക്കുപാറ മംഗലത്ത് പുത്തൻ വീട്ടിൽ രാഹുലും ഉൾപ്പെടുന്നു.

തെന്മല പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇടമൺ 34 വാഴേതിൽ വീട്ടിൽ ലിയോ തോമസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നത്. വീടിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുകയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. എന്നാൽ, വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ മൂവരും ചേർന്ന് അത് മോഷ്ടിക്കുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഉടൻതന്നെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പ്രതികളെ പിന്തുടർന്ന നാട്ടുകാർ ഇടമൺ 34 ജംഗ്ഷനിൽ വെച്ച് ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഓൺലൈൻ ഡെലിവറി സംഘത്തിൽ ഉൾപ്പെട്ട ഇവർ പകൽ സമയങ്ങളിൽ വീടുകളുടെ പരിസരം മനസ്സിലാക്കി രാത്രിയിൽ മോഷണത്തിന് ഇറങ്ങുന്നതാണ് പതിവ്. സ്ത്രീകൾ മാത്രമുള്ള വീടുകളാണ് ഇവരുടെ പ്രധാന ലക്ഷ്യം. കൂടുതൽ കവർച്ചകളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.