- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചെടിച്ചട്ടിക്കടിയിലെ താക്കോലെടുത്ത് അകത്തുകയറി; അഞ്ഞൂറിന്റെ കെട്ടുകൾ മാത്രം തപ്പിപ്പിടിച്ച് എടുത്ത 'വിരുതൻ'; കവർച്ച പള്ളിപ്പെരുന്നാളിന് വീട്ടുകാർ പോയ തക്കം നോക്കി; ഗ്ലൗസും പ്രത്യേക വസ്ത്രവുമായി സ്കിൽഡ് കള്ളൻ'; പൊക്കാൻ പ്രത്യേക സ്‌ക്വാഡ്

കട്ടപ്പന: വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ തക്കം നോക്കി പുളിയൻമല റോഡിലെ വീട്ടിൽ വൻ കവർച്ച. 16 ലക്ഷം രൂപയാണ് മോഷ്ടാവ് കവർന്നത്. പുളിയൻമല റോഡിലെ പെട്രോൾ പമ്പിന് സമീപം നെല്ലിക്കൽ ജോസഫ് തോമസിന്റെ വീട്ടിലാണ് സിനിമാ സ്റ്റൈലിൽ മോഷണം നടന്നത്. കഴിഞ്ഞ 14-ന് രാത്രി 8.30-ഓടെയാണ് സംഭവം. വീട്ടുകാർ ചെടിച്ചട്ടിക്കടിയിൽ താക്കോൽ ഒളിപ്പിച്ച ശേഷം പള്ളിപ്പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു.
ഈ സമയത്തെത്തിയ മോഷ്ടാവ് താഴത്തെ നിലയിലെ സ്ഥാപനത്തിന്റെ ഷട്ടർ ഉയർത്തി അകത്തുകടന്നു. തുടർന്ന് മുകൾനിലയിലെ വീടിന്റെ ഭാഗത്തെത്തി ഒളിപ്പിച്ചുവെച്ച താക്കോൽ ഉപയോഗിച്ച് തന്നെ വാതിൽ തുറന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കിയ ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. അലമാരയിൽ കൂടുതൽ പണം ഉണ്ടായിരുന്നെങ്കിലും 500 രൂപയുടെ നോട്ടുകെട്ടുകൾ മാത്രമാണ് മോഷ്ടാവ് കൊണ്ടുപോയത്. സ്വർണാഭരണങ്ങളോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല.
മോഷണം കഴിഞ്ഞ് വീട്ടുകാർ തിരിച്ചെത്തിയപ്പോൾ അസ്വാഭാവികമായി ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താക്കോൽ പഴയ സ്ഥാനത്തുതന്നെ ഇരുന്നതിനാലും സാധനങ്ങൾ വാരിവലിച്ചിടാത്തതിനാലും മോഷണം നടന്ന വിവരം വീട്ടുകാർ അറിഞ്ഞില്ല. 16-ന് പണം പരിശോധിച്ചപ്പോഴാണ് കവർച്ച നടന്ന വിവരം പുറത്തറിയുന്നത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മുഖം മറച്ചെത്തിയ മോഷ്ടാവിനെ കണ്ടത്. വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസും ശരീരഭാഷ തിരിച്ചറിയാതിരിക്കാൻ പ്രത്യേക വസ്ത്രങ്ങളും ധരിച്ചിരുന്നു. താക്കോൽ എവിടെയാണ് ഒളിപ്പിക്കുന്നതെന്നും വീട്ടിലെ ക്രമീകരണങ്ങളും കൃത്യമായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കട്ടപ്പന പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


