- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂര്‍ വളപട്ടണത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; അരി മൊത്തവ്യാപാരിയുടെ വീട്ടില്‍ നിന്നും 300പവന്‍ സ്വര്‍ണവും ഒരുകോടി രൂപയും മോഷ്ടിച്ചു; കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷ്ടിച്ചത് വീട്ടുകാര്‍ യാത്രപോയ വേളയില്‍; അടുക്കള ഭാഗത്തെ ജനല്‍ ഗ്രില്ല് മുറിച്ചുമാറ്റി വീട്ടില്‍ കടന്നു മോഷണ സംഘം
കണ്ണൂര്‍ വളപട്ടണത്ത് വീട്ടില്‍ വന്‍ കവര്‍ച്ച
കണ്ണൂര്‍: കണ്ണൂരില്‍ അടച്ചിട്ടിരുന്ന വീട്ടില്‍ വന്‍ മോഷണം. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും മോഷ്ടിച്ചു. കണ്ണൂര്‍ നഗരത്തില്‍ അരി മൊത്തവ്യാപാരം നടത്തുന്ന കെ.പി. അഷ്റഫിന്റെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമായി മോഷ്ടാക്കള്‍ കടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ന കെ.എസ്.ഇ.ബി. ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിലുള്ളവര്‍ ഇക്കഴിഞ്ഞ 19-ാം തിയതിയാണ് വീട് പൂട്ടി മധുരയിലെ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയത്. ഇത്രയും വലിയ തുകയും സ്വര്‍ണവു വീട്ടില്‍ സൂക്ഷിച്ചായിരുന്നു വീട്ടുകാര്‍ യാത്രപോയത്. ഈ യാത്ര കഴിഞ്ഞ ഞായറാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്ന വിവരം തിരിച്ചറിയുന്നത്.
അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടക്കള്‍ വീടിനുള്ളില്‍ കടന്നതെന്നാണ് വ്യക്തമാകുന്നത്. മോഷണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം ലഭ്യമായിട്ടുണ്ട്. മൂന്നുപേര്‍ മതില്‍ചാടി വീടിനുള്ളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
വ്യാവസായി ആയതു കൊണ്ടാണ് ഇത്രയും വലിയ തുക വീട്ടില്‍ലോക്കറില്‍ സൂക്ഷിച്ചതെന്നാണ് വ്യാപാരി പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. കുടുംബം സ്ഥലത്തില്ലെന്ന് അറിവുണ്ടായിരുന്നവരാണ് മോഷ്ടാക്കള്‍ എന്നാണ് സൂചന. സിസി ടിവിയില്‍ ദൃശ്യങ്ങളില്‍ മുഖം മൂടിയ നിലയിലാണ് മോഷ്ടാക്കള്‍ ഉള്ളത്. ഫോറന്‍സിക് സംഘം അടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. അന്വേഷണം കൂടുതല്‍ വിപുലമാക്കാനാണ് പോലീസിന്റെ തീരുമാനം.
അഷറഫും കുടുംബവും ഒരു ബന്ധു വീട്ടിലേക്ക് മാറിയിരിക്കയാണ്. എന്നാല്‍, ഇടക്കിടെ യാത്ര ചെയ്യുന്നവരാണ് അഷറഫും കുടുംബവും എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്രയും വലിയ തുക മോഷണം പോയതെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നാട്ടുകാര്‍ പറയുന്നു.