- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണം കഴിയുമ്പോൾ വിഗ് ധരിക്കും അതോടെ ആളാകെ മാറും; പൊലീസ് ഓടിച്ചപ്പോൾ മലയാളത്തിൽ വിളിച്ചു പറഞ്ഞത് ഞാൻ തേങ്ങ ബാബുവല്ല, ബംഗാളിയെന്ന്; തിരുവല്ലയിൽ ഡോക്ടറുടെ വീട് കൊള്ളയടിച്ച കുപ്രസിദ്ധ മോഷ്ടാവ് തേങ്ങ ബാബു പിടിയിൽ
തിരുവല്ല: പാലിയേക്കരയിലെ ഡോക്ടറുടെ വീട് കൊള്ളയടിച്ച കേസിൽ കൊല്ലം ആദിനാട് കാട്ടിൽക്കടവ് കൊച്ചാലുംമ്മൂട് കാഞ്ഞിക്കൽ പടിഞ്ഞാറേതിൽ ബാബു(തേങ്ങാ ബാബു-56) പിടിയിലായി. അന്വേഷണ സംഘത്തെ വട്ടം ചുറ്റിച്ചും പൊട്ടിച്ചിരിപ്പിച്ചുമാണ് ഈ 'പൊതിയാത്തേങ്ങ' പിടിയിലായിരിക്കുന്നത്. താൻ ബംഗാളിയാണെന്ന് മലയാളത്തിൽ വിളിച്ചു പറഞ്ഞാണ് ഇയാൾ ഓടിയതെന്നതാണ് പൊലീസിനെ ചിരിപ്പിച്ചത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബാബു ജീവിതത്തിന്റെ 20 വർഷത്തോളം ജയിലിലാണ് ചെലവഴിച്ചിട്ടുള്ള്ത്. ജൂൺ ആറിന് രാത്രിയിൽ പാലിയേക്കര ഉഷസിൽ ഡോ. പി.ടി. അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 35000 രൂപയും അഞ്ചുപവൻ സ്വർണാഭരണങ്ങളുമാണ് ബാബു മോഷ്ടിച്ചത്. വീട്ടിലെ സിസിടിവി കാമറയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. കൊല്ലം കൊച്ചാലുംമൂട്ടിലെ ബന്ധു വീടിന് അടുത്തുനിന്നും സാഹസികമായാണ് പൊലീസ് ഇയാളെ പിടിച്ചത്.
പൊലീസിനെ കണ്ട് തോട്ടിൽച്ചാടിയ ബാബുവിനെ ഒരു രാത്രി നീണ്ട തെരച്ചിലിനൊടുവിലാണ് പിടികൂടിയത്. വിഗ് ധരിച്ചാണ് ഇയാൾ നടന്നിരുന്നത്. മോഷ്ടിക്കാൻ വരുമ്പോൾ വിഗ് മാറ്റും. മോഷണം കഴിഞ്ഞാൽ എടുത്ത് ധരിക്കും. പൊലീസിന്റെ കൈയിൽപ്പെട്ടതോടെ 'ഞാൻ തേങ്ങാബാബുവല്ല, ബംഗാളിയാണെന്ന്' മലയാളത്തിൽ തന്നെ ഇയാൾ വിളിച്ചുപറഞ്ഞിരുന്നു. ഗ്ലൗസ് ധരിച്ച് കവർച്ചക്കിറങ്ങുന്ന ബാബുവിന്റെ വിരലടയാളം പൊലീസിന് ലഭിച്ചിരുന്നില്ല. വീട്ടിലെ കാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ വർഷം ജൂലായ് 23ന് നാണ് ഇയാൾ ഒരു കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയത്. പാലിയേക്കരയിൽ നിന്ന് മോഷ്ടിച്ച സ്വർണം ബംഗളൂരു യലഹങ്കയിലെ കടയിലാണ് വിറ്റത്. ഈ വകയിൽ 1.20 ലക്ഷം രൂപ കിട്ടി. ഇതിൽ ഒരു ലക്ഷം ബാബുവിന്റെ പക്കൽ നിന്ന് കണ്ടെടുത്തു.
ഡിവൈ.എസ്പി. എസ്. അർഷദ്, എസ്.എച്ച്.ഒ. ബി.കെ. സുനിൽ കൃഷ്ണൻ, എസ്ഐ. നിത്യ സത്യൻ, സി.പി.ഒമാരായ മനോജ്, അഖിലേഷ്, അവിനാശ്, ഉദയശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്