- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തെന്മലക്കാരൻ രാജീവിന്റെ പരാതിയിൽ കോടതി നിലപാട് ഇനിയും നിർണ്ണായകമാകും
കൊല്ലം: തെന്മല സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ദലിത് യുവാവിനെ പൊലീസ് ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എസ്ഐക്കെതിരെ നടപടി. ഒരു വർഷത്തെ വാർഷിക വേതന വർധന തടഞ്ഞു. തെന്മല എസ് ഐ ഡിജെ ശാലുവിനെതിരെയാണ് നടപടി. ദക്ഷഅണ മേഖലാ ഐജി ജി സ്പർജൻ കുമാറിന്റേതാണ് നടപടി. എസ് ഐയ്ക്കെതിരെ മറ്റ് നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. ഗുരതരമായ ആരോപണമാണ് എസ് ഐയ്ക്കെതിരെ ഉയർന്നത്. എന്നിട്ടും നടപടികൾ ശമ്പള വർധനവ് തടയുന്നതിൽ മാത്രമൊതുങ്ങി. ക്രിമിനൽ കേസും എടുത്തില്ല.
2021 ഫെബ്രുവരിയിൽ തെന്മല പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ രാജീവ് തെന്മല എന്ന യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും സ്റ്റേഷനു പുറത്തു കൈവിലങ്ങ് വച്ച് മർദിക്കുകയും കള്ളക്കേസിൽ കുടുക്കിയെന്നുമായിരുന്നു പരാതി. സംഭവത്തിൽ അന്ന് തെന്മല സിഐ ആയിരുന്ന വിശ്വംഭരനെ ഒരു വർഷത്തിലേറെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ എസ്ഐ ആയിരുന്ന ഡി.ജെ.ശാലുവിനെതിരെയുള്ള നടപടികൾ സ്ഥലം മാറ്റത്തിൽ ഒതുങ്ങി.
ഇതിനെതിരെ രാജീവ് സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷനെ (എസ്സി എസ്ടി കമ്മിഷൻ) സമീപിച്ചിരുന്നു. തുടർന്നു പൊലീസ് കുറ്റക്കാരാണെന്നു കണ്ടെത്തുകയും ഡി.ജെ.ശാലുവിനെതിരെ നിയമനടപടികൾ കൈക്കൊണ്ടു 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ദക്ഷിണ മേഖല ഐജിയോട് കമ്മിഷൻ നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
പ്രൊബേഷനിലുള്ള ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാനാണു നടപടി വൈകിപ്പിക്കുന്നതെന്ന് രാജീവ് ആരോപിച്ചിരുന്നു. തെന്മല സ്റ്റേഷനിൽ പരാതി നൽകിയ രാജീവിനെ സ്റ്റേഷന്റെ കൈവരിയിൽ കൈവിലങ്ങിട്ടു പൂട്ടിയതും ഒന്നിലേറെ കേസുകൾ ചുമത്തിയതും പൊലീസിന്റെ കാടത്തമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും പറഞ്ഞ് സംഭവത്തിൽ ഹൈക്കോടതി പൊലീസിനെ മുൻപ് രൂക്ഷമായി വിമർശിച്ചിരുന്നു. തെന്മല പൊലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണെന്നു കാണിച്ച് രാജീവ് നൽകിയ ഹർജിയിലായിരുന്നു കോടതി പരാമർശം. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്.
2021 ഫെബ്രുവരി 3ന് രാത്രിയാണ് സംഭവം. തെന്മല ഉറുകുന്ന് ഇന്ദിരാനഗർ രജനി വിലാസത്തിൽ രാജീവ് മറ്റൊരു വ്യക്തിക്കെതിരെ കേസ് നൽകാനായാണ് പൊലീസ് സ്റ്റേഷനിൽ ചെന്നത്. രാജീവിനെതിരെ അസഭ്യം പറഞ്ഞ വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത രസീത് ആവശ്യപ്പെട്ടതിനെ തുടർന്നു സിഐ കയ്യേറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് രാജീവ് പറയുന്നത്. തുടർന്നു കൈവിലങ്ങ് അണിയിച്ചു സ്റ്റേഷനിൽ ഇരുത്തുകയും ചെയ്തു.
അടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്കായി കാത്തിരിക്കവേ രാജീവിനെ ബലം പ്രയോഗിച്ചു പൊലീസ് പിടിച്ചു കൊണ്ടുപോവുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും സ്റ്റേഷനു പുറത്ത് കൈവിലങ്ങിട്ടു നിർത്തുകയും ചെയ്തിരുന്നു. തുടർന്നു രാജീവിനെ 2 കള്ളക്കേസിൽ പൊലീസ് കുടുക്കിയെങ്കിലും കേസുകളിൽ ഒരു തെളിവും പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.