കമ്പം(തമിഴ്‌നാട്): യുവതിയുടെ പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് ചർച്ചക്ക് പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരൻ നവദമ്പതികളുമായി എത്തിയ ഡി.എം. കെ നേതാവിന്റെ വാഹനം അഗ്നിക്കിരയാക്കി. തേനി ജില്ലയിലെ ചിന്നമന്നൂരിലാണ് സംഭവം.

ചിന്നമന്നൂരിലെ തേരടി തെരുവ് സ്വദേശിനി മല്ലിക(24)യും കൂളയന്നൂർ സ്വദേശി ദിനേശ്കുമാറാണ് (28) ഇന്നലെ വിവാഹിതരായത്. എട്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.പ്രണയ വിവരം അറിഞ്ഞതോടെ ഇരുവരുടെയും വീട്ടുകാർ എതിർത്തിരുന്നു.

ഇതേത്തുടർന്ന് ജില്ലയിലെ ഡി.എം.കെയുടെ പ്രമുഖ നേതാവായ ചന്ദ്രശേഖരന്റെ സഹായത്തോടെ വീരപാണ്ടി ഗൗമാരിയമ്മൻ കോവിലിൽ വച്ച് വിവാഹിതരായി. പെൺകുട്ടിയെ കാണാതായതോടെ ബന്ധുക്കൾ ചിന്നമന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. പൊലീസ് വിളിച്ചുവരുത്തി ഇരു വിഭാഗവുമായി ചർച്ച നടത്തിയെങ്കിലും ധാരണയായില്ല.

വധൂവരന്മാർ പ്രായപൂർത്തിയായവരായതിനാൽ അവർക്ക് ഇഷ്ടം പോലെ ജീവിക്കാമെന്ന് പൊലീസ് അറിയിച്ചതോടെ പ്രകോപിതനായ മല്ലികയുടെ സഹോദരൻ പെരുമാൾ (26) പൊലീസ് സ്റ്റേഷനിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന ചന്ദ്രശേഖറിന്റെ വാഹനം ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ചു തകർത്തു.

പിന്നീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതിന് ശേഷം ഓടി രക്ഷപ്പെട്ടു. പൊലീസ് വിവരമറിയിച്ചതനുസരിച്ച്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.വാഹനം പൂർണമായും കത്തി നശിച്ചു. ചന്ദ്രശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെരുമാളിനെ അറസ്റ്റ് ചെയ്തു.