തേനി: മുല്ലപ്പെരിയാറിന്റെ ചുവടുപിടിച്ച് വർഷങ്ങളായി കേരള വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകുന്ന കർഷക സംഘം നേതാവ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. 70 കോടി രൂപ വായ്പ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഹിമാചൽപ്രദേശ് സ്വദേശിയായ വ്യവസായിയിൽ നിന്ന് 1.4 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അഞ്ചു ജില്ലാ കർഷക സംഘം നേതാവും ബിജെപി കർഷക മോർച്ച ഉപാധ്യക്ഷനുമായ എസ്.ആർ തേവറെന്ന രാജശേഖറിനെയും കൂട്ടാളികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ശിവഗംഗ ജില്ലയിലെ കാരൈക്കുടി സ്വദേശിയായ എസ്.ആർ.തേവറിനെ സുഹൃത്തുക്കൾ വഴിയാണ് വ്യവസായി പരിചയപ്പെട്ടത്. കമ്പനി നവീകരിക്കുന്നതിനയി ഇയാൾ 70 കോടി രൂപ വായ്പ സംഘടിപ്പിച്ച് നല്കാമെന്ന് വാഗ്ദാനം ചെയ്തു. സിംഗപ്പൂരിലെ പ്രമുഖ ഫിനാൻസ് കമ്പനിയുടെ ഉടമയുമായി ബന്ധമുണ്ടെന്നും അവിടെ നിന്നും 70 കോടി രൂപ വായ്പ നല്കാമെന്നും തേവർ അറിയിച്ചു.

ഇതിനായി വായ്പയുടെ 2% സ്റ്റാമ്പും രജിസ്ട്രേഷൻ ഫീസുമായി 1.40 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് ശേഷം 70 കോടിയുടെ ഡ്രാഫ്റ്റ് കാണിച്ചു. ഉടനെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാമെന്ന് പറഞ്ഞ് 1.40 കോടി രൂപ കൈപ്പെടുത്തി.പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വായ്പ ലഭിച്ചില്ല. സംശയം തോന്നിയ വ്യവസായി പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു.പരാതി ലഭിച്ചതോടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

എസ്.ആർ തേവർ ഉത്തരേന്ത്യൻ വ്യവസായികൾക്ക് വൻതുക വായ്പ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ 7 തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ തേവരുടെയും കൂട്ടാളികളിൽ നിന്നുമായി 1.1 കോടി രൂപയും 2 ആഡംബര കാറുകളും സെൽഫോണുകൾ, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ വ്യാജ സ്റ്റാമ്പ് പേപ്പർ, വ്യാജ സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.