- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് മുഴുവൻ കൊള്ളയടിച്ച് പണവും സ്വർണവും കൈക്കലാക്കി മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് നാടു വിട്ട കേസിൽ രണ്ടാം പ്രതിയും പിടിയിൽ; കീഴ്‌വായ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത് മുഹമ്മദ് യാസിനെ
മല്ലപ്പള്ളി: ഒരു വീട് മുഴുവൻ കൊള്ളയടിച്ച് പണവും സ്വർണവുമായി മുറ്റത്തിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് കടന്ന കേസിൽ രണ്ടാം പ്രതിയും കീഴ്‌വായ്പൂർ പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം മണമ്പൂർ പെരുംകുളം മല വിളപൊയ്ക മിഷൻ കോളനിയിൽ എംവിപി ഹൗസിൽ മുഹമ്മദ് യാസിനെ (22)യാണ് വെള്ളിയാഴ്ച രാത്രി 11 ന് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ആറ്റിങ്ങൽ കിഴുവല്ലം കാക്കാട്ടുകോണം ചാരുവിള വീട്ടിൽ കണ്ണപ്പൻ എന്നുവിളിക്കുന്ന രതീഷി(35)നെ നേരത്തെ പിടികൂടിയിരുന്നു.
കുന്നന്താനം പാമല വടശേരിൽ ശരത് പെരുമാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന പാമല ഈട്ടിക്കൽ പുത്തൻപുരയിൽ വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. കഴിഞ്ഞ മാസം 13 ന് രാത്രി എട്ടിനും പിറ്റേന്ന് രാവിലെ 6.45 നുമിടയിലുമാണ് മോഷണം നടന്നത്. അടുക്കളവാതിൽ തകർത്ത് ഉള്ളിൽ കയറി അലമാരയിൽ സൂക്ഷിച്ച 28000 രൂപയും 112000 വിലവരുന്ന 20.50 ഗ്രാം സ്വർണാഭരണങ്ങളും മോഷ്ടിച്ച പ്രതികൾ മുറ്റത്ത് വച്ചിരുന്ന സ്‌കൂട്ടറുമെടുത്താണ് കടന്നത്.
തുടർന്ന കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി മോഷ്ടിച്ച സ്‌കൂട്ടറിൽ കടന്ന ഒന്നാം പ്രതി രതീഷിനെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം പാലോട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു. രതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് യാസിനെ കുറിച്ച് വിവരം കിട്ടിയത്. വീടിന് സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ രതീഷിനൊപ്പം കൂട്ടുപ്രതിയാണ് ഇയാൾ. ശാസ്ത്രീയ അന്വേഷണസംഘത്തിന്റെയും വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെ തെളിവുകൾ ശേഖരിച്ച് കീഴ്‌വായ്‌പ്പൂർ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. മോഷ്ടിച്ച സ്വർണം, പണം എന്നിവ കണ്ടെടുക്കേണ്ടതുമുണ്ട്. കടയ്ക്കാവൂർ സ്റ്റേഷനിൽ കഞ്ചാവ് കേസിലും പ്രതിയാണ് യാസീൻ. കീഴ്‌വായ്‌പ്പൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐമാരായ ആദർശ്, സുരേന്ദ്രൻ, എ എസ് ഐ ഉണ്ണികൃഷ്ണൻ, എസ് സി പി ഓ അൻസിം, സി പി ഓമാരായ രതീഷ്, വിഷ്ണു, വരുൺ, ഇർഷാദ് എന്നിവരാണുള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്