- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷണത്തിലെ ദൃശ്യം മോഡൽ തുണച്ചില്ല; മൊബൈൽ ഫോൺ മോഷ്ടാവായ 'ജോർജു കുട്ടി' പിടിയിൽ; മുന്നൊരുക്കങ്ങൾ ചതിച്ചപ്പോൾ പൊലീസിന്റെ വലയിലായത് റാന്നിക്കാരൻ രാജേഷ് കുമാർ
റാന്നി: ദൃശ്യത്തിലെ ജോർജു കുട്ടിയെപ്പോലെ തെളിവുകൾ മുക്കി മൊബൈൽ ഫോൺ മോഷ്ടിക്കുന്ന വിരുതൻ ഒടുവിൽ പിടിയിലായി. റാന്നി തെക്കേപ്പുറം ലക്ഷം വീട് കോളനി വിളയിൽ വീട്ടിൽ രാജേഷ് കുമാറി(34)നെയാണ് പൊലീസ് പിന്തുടർന്ന് പൊലീസ് കൊരട്ടിയിൽ നിന്ന് പൊക്കിയത്. ഇയാളുടെ മോഷണ രീതികൾ വളരെ വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു. പരിസരം നിരീക്ഷിച്ച് തെളിവുകൾ ഇല്ലാതാക്കി മോഷ്്ടിക്കുന്നതാണ് രീതി.
പഴവങ്ങാടി കരികുളം മോതിരവയൽ വഞ്ചികപ്പാറത്തടത്തിൽ വാസുവിന്റെ ഭാര്യ രമണി (47) യുടെ വീടിന്റെ ഓടിളക്കി അകത്തു കടന്ന് മകളുടെ സ്മാർട്ട് ഫോണും മറ്റൊരു ഫോണും മോഷ്ടിച്ചതിനാണ് ഇപ്പോഴുള്ള അറസ്റ്റ്. കഴിഞ്ഞ 13 ന് പുലർച്ചെ രണ്ടു മണിയോടെയാണ് മോഷണം നടത്തി മുങ്ങിയത്. പൊലീസ് ഇൻസ്പെക്ടർ പി.എസ്.വിനോദിന്റെ നിർദേശപ്രകാരം എസ്‌ഐമാരായ എ.പി അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ ടി എ അജാസ്, രെഞ്ചു കൃഷ്ണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പിടികൂടി.
മോഷണം നടന്ന വീട്ടിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ശേഖരിച്ച വിരലടയാളങ്ങളും പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീക്കിയ പൊലീസ് സംഘത്തിന് ഉടനടി തന്നെ മോഷ്ടാവിനെ കുടുക്കാൻ സാധിച്ചു. സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളങ്ങൾ, കളമശേരി, പാല പൊലീസ് സ്റ്റേഷനുകളിലെ മോഷണ കേസുകളിലെടുത്ത രാജേഷിന്റെ വിരലടയാളങ്ങളുമായി ചേർന്നുവന്നതാണ് പ്രതിയിലേക്ക് വേഗം എത്താൻ സഹായകമായത്.
ഇയാൾ കൊച്ചി ഇടപ്പള്ളി ടോൾ ജങ്ഷനിലെ ഒരു സ്ഥാപനത്തിൽ നിന്നും 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചുവെന്ന് അന്വേഷണത്തിൽ വെളിവായിരുന്നു, 46 മൊബൈൽ ഫോണുകളാണ് അവിടെ നിന്നും വിദഗ്ദ്ധമായി മോഷ്ടിച്ചത്. രാജേഷ് രണ്ടു മാസം മുമ്പ് ഈ സ്ഥാപനത്തിൽ പരസ്യബോർഡിന്റെ ജോലിക്ക് എത്തിയിരുന്നു. പണി തീരുന്നതു വരെയുള്ള കാലയളവിൽ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് വൻ മോഷണം നടത്തിയത്.
സംഭവ ദിവസം ബൈക്കിലെത്തിയ പ്രതി സമീപത്തുള്ള മരത്തിലൂടെ കയറി കടയ്ക്കു മുകളിലെത്തി, വാതിലിന്റെ വിജാഗിരി അറുത്തു മാറ്റി അകത്തു കടന്ന് മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. സിസിടിവിയിൽ പതിയാതിരിക്കാൻ ഹെൽമെറ്റ് വച്ചാണ് കൃത്യം നടത്തിയതെന്ന് പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ കടയിൽ വന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കേസിൽ രാജേഷ് കുടുങ്ങിയത്.
ബുദ്ധികൂർമതയോടെ മോഷണം നടത്തുന്ന പ്രതി ആർഭാടജീവിതം നയിച്ചുവരികയായിരുന്നു. പാലാ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഇരുചക്രവാഹനം മോഷ്ടിച്ച കേസിലും റാന്നി പൊലീസ് സ്റ്റേഷനിലെ കഠിന ദേഹോപദ്രവക്കേസിലും പ്രതിയായ ഇയാൾ നിലവിൽ മൂന്ന് കേസുകളിലായി റിമാൻഡിലായിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്