മലപ്പുറം: വെൽഡർ ജോലി ചെയ്തുവരികയായിരുന്ന പ്രതി പണിയെടുക്കുന്ന വീടുകൾ നോട്ടമിട്ട് രാത്രികാലങ്ങളിൽ കയറി മോഷണം നടത്തൽ പതിവ്. വീടുകൾ കുത്തിത്തുറക്കുന്നതിനാവശ്യമായ ആയുധങ്ങൾ ഇയാൾ സ്വന്തമായി നിർമ്മിക്കും. പിടികിട്ടാപുള്ളിയായ കുപ്രസിദ്ധ മോഷ്ടാവ് തമിഴ്‌നാട് കോയമ്പത്തൂർ പൊള്ളാച്ചി ആനമല ഗോവിന്ദരാജു എന്ന വെൽഡർ രാജ് (45) മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങി.

മഞ്ചേരി പട്ടർകുളം, നറുകര ഭാഗങ്ങളിലായി നടത്തിയ മോഷണക്കേസുകളിലാണ് ഇയാളെ 2019 സെപ്റ്റംബർ 27ന് മഞ്ചേരി എസ്‌ഐആയിരുന്ന സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസിൽ ജാമ്യം നേടി മുങ്ങിയതായിരുന്നു വെൽഡർ രാജ്. ഏഴ് വർഷമായി പട്ടർകുളത്ത് വെൽഡർ ജോലി ചെയ്തുവരികയായിരുന്ന പ്രതി പണിയെടുക്കുന്ന വീടുകൾ നോട്ടമിട്ട് രാത്രികാലങ്ങളിൽ കയറി മോഷണം നടത്തുകയായിരുന്നു പതിവ്.

വീടുകൾ കുത്തിത്തുറക്കുന്നതിനാവശ്യമായ ആയുധങ്ങൾ ഇയാൾ സ്വന്തമായി നിർമ്മിക്കുന്നതായിരുന്നു രീതി. പാലക്കാട്, തൃശൂർ ജില്ലകളിൽ മാത്രം അമ്പതോളം കേസുകളുള്ള പ്രതി അറസ്റ്റിലാകുന്നതിന് മൂന്നു മാസം മുമ്പാണ് വിയ്യൂർ ജയിലിൽ നിന്ന് ശിക്ഷകഴിഞ്ഞിറങ്ങിയത്. ജയിലിൽ നിന്നിറങ്ങിയ പ്രതി പട്ടർകുളത്തെ അജ്മലിന്റെ വീട്ടിൽ കവർച്ച നടത്തി പോർച്ചിൽ നിർത്തിയിട്ട കാറുമായി രക്ഷപ്പെടുകയായിരുന്നു.

പോകുന്നതിനിടെ മതിലിലിടിച്ച കാറും മോഷണ വസ്തുക്കളും ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. സിപിഎം നേതാവ് കെ പി രാവുണ്ണിയുടെ നറുകരയിലെ വീട്ടിൽ നിന്ന് 4.75 പവൻ സ്വർണ്ണവും 12000 രൂപയും മോഷണം നടത്തിയതും ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ കണ്ട് മതിൽചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയുടെ കാലിന് പരിക്കേറ്റിരുന്നു. മോഷണ വസ്തുക്കൾ വിൽക്കാൻ ഇയാളെ സഹായിച്ചിരുന്ന ഭാര്യ ശാന്തി മോൾ (28)നെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്ത വെൽഡർ രാജ് പിന്നീട് ജാമ്യം നേടി മുങ്ങുകയായിരുന്നു.