പത്തനംതിട്ട: ആറന്മുള വള്ളസദ്യ സമാപിക്കുന്ന ദിവസത്തെ തിക്കിലുംതിരക്കിനുമിടെ തിരുവനന്തപുരം സ്വദേശിനിയുടെ രണ്ടു പവന്റെ മാലമോഷ്ടിച്ച തമിഴ് നാടോടി സ്ത്രീകളെ പൊലീസും ഭക്തരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ പിടികൂടി. മാല മോഷണം പതിവാക്കിയ മൂവർക്കുമെതിരേ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരേ മാല മോഷണത്തിന് കേസുണ്ട്.

തമിഴ്‌നാട് വേളൂർ പെരുമുഖ ഡോർ നമ്പർ 13 ൽ താമസിക്കുന്ന സുരേഷിന്റെ ഭാര്യ സുധ(40), സേലം ചിന്നാലം മുത്തുമാരി തെരുവ് ഡോർ നമ്പർ 9/26 ൽ താമസിക്കുന്ന മാരി മുത്തുവിന്റെ ഭാര്യ കാവ്യ (32), മുത്തുമാരി തെരുവിൽ 9/26 ഉഷ(30)എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ആയിരുന്നു ആറന്മുള വള്ളസദ്യയുടെ സമാപനം.

ഉച്ചയ്ക്ക് 12:30 ന് ക്ഷേത്ര പരിസരത്തു നിന്നുമാണ് ഇവർ മാല പൊട്ടിച്ച് കടന്നത്. നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലിൽ പഴയ പൊലീസ് സ്റ്റേഷന് സമീപം വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടെത്തി. ദേഹ പരിശോധന നടത്തിയപ്പോൾ രണ്ടു പവൻ തൂക്കം വരുന്ന മാലയും ആയിരം രൂപയും കണ്ടെടുത്തു.

പെരുമ്പാവൂർ, കൊടുങ്ങല്ലൂർ, ഉദയംപേരൂർ,ആറ്റിങ്ങൽ, പാങ്ങോട്, വഞ്ചിയൂർ, എറണാകുളം, സെൻട്രൽ, ചെങ്ങമനാട്, കുന്നത്തുനാട്, പൂന്തുറ, പന്തളം, ഇരവിപുരം, ശാസ്താംകോട്ട, എളമക്കര, പാറശാല, വഞ്ചിയൂർ, ചാത്തന്നൂർ, പത്തനംതിട്ട എന്നീ സ്റ്റേഷനുകളിൽ മാല മോഷണ കേസുകൾ ഇവരുടെ പേരിലുണ്ട്.

പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി.കെ.മനോജ്, എസ്‌ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ജയൻ,സിവിൽ പൊലീസ് ഓഫീസർമാരായ സലിം, പ്രദീപ്, അനിലേഷ്, ഉമേഷ്, രാജഗോപാൽ, ജിതിൻ ഗബ്രിയേൽ, താജുദ്ദീൻ, ബിയാൻസ, അപർണ എന്നിവർ അടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.