- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പയിൽ ആൾരൂപം വിൽക്കാൻ വേണുവിനും രാജനും ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൊടുത്തത് പത്തനംതിട്ട പൊലീസ്; ചെറിയാനവട്ടത്തെ വിരിയിൽ വിശ്രമിച്ചിരുന്ന തീർത്ഥാടകനിൽ നിന്ന് ഇരുവരും ചേർന്ന് മോഷ്ടിച്ചത് 9700 രൂപയും പഴ്സും; ബാഗ് പണമെടുത്ത ശേഷം ഉപേക്ഷിച്ചു; പഴ്സുണ്ടായിരുന്നത് വേണുവിന്റെ അണ്ടർവെയറിന്റെ പോക്കറ്റിൽ; തീർത്ഥാടകരുടെ പോക്കറ്റടിച്ച കേസിൽ പിടിയിലായത് ഇലന്തൂർ സ്വദേശികൾ
പമ്പ: വിരിയിൽ വിശ്രമിച്ചിരുന്ന തീർത്ഥാടകന്റെ പഴ്സും ബാഗും മോഷ്ടിച്ച് 9700 രൂപ സ്വന്തം പോക്കറ്റിലാക്കിയ ഇലന്തൂർ സ്വദേശികൾ അറസ്റ്റിൽ. ഇലന്തൂർ ചുരുളിക്കോട് ഇളമലചരുവിൽ രാജൻ (62), ബന്ധു വേണു (49) എന്നിവരെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ചെറിയാനവട്ടത്ത് സുകുമാരൻ എന്നയാളുടെ വിരിയിൽ കിടന്ന ഉറങ്ങുകയായിരുന്ന ഫോർട്ട് കൊച്ചി അമരാവതി ഉദാരപറമ്പിൽ അഭിലാഷിന്റെ (43) പണമാണ് ഇവർ മോഷ്ടിച്ചത്.
എറണാകുളത്ത് നിന്നും വന്ന 40 അംഗ തീർത്ഥാടക സംഘത്തിൽപ്പെട്ടയാളാണ് അഭിലാഷ്. യാത്രാക്ഷീണം കാരണം ചെറിയാനവട്ടത്ത് വിരി വച്ചു വിശ്രമിക്കുകയായിരുന്നു. പേഴ്സും അരയിൽ കെട്ടുന്ന ബാഗും കവർന്ന് അതിൽ നിന്നുമാണ് 9700 രൂപ മോഷ്ടിച്ചത്. ഇതേ വിരിയിൽ തന്നെ വിശ്രമിച്ചു കൊണ്ടാണ് വേണുവും രാജനും ചേർന്ന് മോഷണം നടത്തിയത്.
വേണുവിനും രാജനും പമ്പയിൽ ആൾരൂപം വിലക്കുന്ന ജോലിയാണ്. ഇവർ കഴിഞ്ഞ കുറേ വർഷങ്ങളായി പമ്പയിൽ ആൾരൂപം വിൽക്കുന്നവർ ആണെന്നാണ് പൊലീസിനോട് പറഞ്ഞ്. ഇങ്ങനെ കച്ചവടം നടത്താനെത്തുന്നവർക്ക് സ്വന്തം പ്രദേശത്ത പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്നും ഇവർ പിസിസി എടുത്തിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി.
പണം നഷ്ടപ്പെട്ട അഭിലാഷും കൂട്ടരും സംശയം തോന്നിയാണ് വേണുവിനെയും രാജനെയും പിടിച്ച് പരിശോധിച്ചത്. വേണുവിന്റെ അടി വസ്ത്രത്തിൽ നിന്നും 5700 രൂപ അടങ്ങിയ പേഴ്സ് കണ്ടെത്തി. തുടർന്ന് ഇവർ വിശ്രമിച്ചതിന് സമീപം നിന്നും അരയിൽ കെട്ടുന്ന ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 4000 രൂപ ഇതിൽ ഉണ്ടായിരുന്നതായി അഭിലാഷ് പറഞ്ഞു. എന്നാൽ, കിട്ടിയ ബാഗിൽ പണം ഉണ്ടായിരുന്നില്ല. പ്രതികളെ പമ്പ പൊലീസ് ചോദ്യം ചെയ്യുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്