കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും വീടുകുത്തിതുറന്ന് മോഷണം. പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് എതിർവശത്തെ ഹൈവേ റോഡിനോട് ചേർന്നുള്ള കെ. അനിതയുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്‌ച്ച പുലർച്ചെയാണ് മോഷണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ഡയമണ്ട് നെക്ളൈസ്, ലോക്കറ്റ്, കമ്മൽ, വള, പതിനായിരം രൂപ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.

അനിതയും മകന്റെ ഭാര്യയും കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയതിനാൽ വീട്ടിലാരുമുണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ ജനൽചില്ല് തകർത്തതിന് ശേഷം ജനലിന്റെ സമീപമുള്ള ബാഗിൽ നിന്നും താക്കോലെടുത്ത മോഷ്ടാക്കൾ വീടിന്റെ മുൻവാതിൽ തകർത്താണ് അകത്തു കയറിയത്. വീടിന്റെ മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ചസാധനങ്ങളാണ് നഷടമായത്. അലമാര കുത്തി പൊളിച്ചാണ് സാധനങ്ങൾ കവർന്നത്.

ഇതിനുസമീപമുള്ള അനിതയുടെ ബന്ധുവീട്ടിലും മോഷ്ടാക്കൾ കയറാനുള്ള ശ്രമം നടത്തിയിരുന്നു. പിറകുവശത്തെ ബാത്ത്റൂമിന്റെ ജനൽപാളിയും തുറക്കാൻ ശ്രമം നടത്തിയിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി. എ ബിനുമോഹന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.