തിരുവല്ല: പകൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കി വച്ച് രാത്രിയിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്ന രണ്ടംഗ സംഘം പൊലീസിന്റെ പിടിയിൽ. കുറ്റൂരിലെ വീട്ടിൽ നിന്ന് ഏഴു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ തുകലശേരി പൂമംഗലത്ത് ശരത്ത് (38), ഇരവിപേരൂർ സ്വർണമല വീട്ടിൽ അനൂപ് (41) എന്നിവരാണ് പിടിയിലായത്.

ജൂൺ 21 ന് കുറ്റൂർ പാണ്ടിശേരിൽ ജോർജ് ഐസക്കിന്റെ വീട്ടിൽ നിന്നും റാഡോ വാച്ചുകളും ഡയമണ്ട് നെക്ലേസും അടക്കം ഏഴു ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികൾ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ജോർജ് ഐസക്കും കുടുംബവും വീട് അടച്ചിട്ട ശേഷം ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. വാതിൽ കുത്തി തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ ഒരു ലക്ഷം രൂപ വീതം വില വരുന്ന മൂന്ന് റാഡോ വാച്ചുകൾ, അറുപതിനായിരവും മുപ്പത്തയ്യായിരവും രൂപ വീതം വില വരുന്ന രണ്ട് വാച്ചുകളും ഡയമണ്ട് നെക്ലസ്, രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ഡിഎസ്എൽആർ കാമറ എന്നിവയാണ് കൊണ്ടു പോയത്.

25 ന് ഈ വീടിന് സമീപം അടച്ചിട്ടിരുന്ന മറ്റൊരു വീട്ടിൽ പ്രതികൾ മോഷണത്തിനായി എത്തി. വിദേശത്തായിരുന്ന വീട്ടുടമ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവിയിലൂടെ കണ്ടു. ഇത് മനസിലാക്കിയ ഇരുവരും മോഷണശ്രമം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഇവിടെ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശരത്തിനെ കാഞ്ഞിരപ്പള്ളി പാലപ്രയിലെ കാമുകിയുടെ വീട്ടിലും അനൂപിനെ തേനി ചിന്നമന്നൂരിലെ ലോഡ്ജിലും നിന്നുമാണ് പിടികൂടിയത്.

പകൽ സമയങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് ആൾ താമസം ഇല്ലാത്ത വീടുകൾ നോക്കി വച്ചശേഷം രാത്രി എത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതി. മോഷ്ടിച്ച് കിട്ടുന്ന പണം ആർഭാട ജീവിതത്തിനായി ചെലവഴിച്ചിരുന്നു. നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ തിരുവല്ലയിൽ അടക്കം നടന്ന പല മോഷണങ്ങൾക്കും തുമ്പ് ലഭിക്കും എന്നാണ് കരുതുന്നതെന്ന് ഇൻസ്പെക്ടർ സുനിൽ കൃഷ്ണൻ പറഞ്ഞു.

ഡിവൈ.എസ്‌പി എസ്. അഷാദിന്റെ നിർദ്ദേശപ്രകാരം എസ്‌ഐ നിത്യ സത്യൻ, സീനിയർ സിപിഓമാരായ പി. ഉദയ ശങ്കർ , പി. അഖിലേഷ് , എം.എസ് മനോജ്, സിപിഒ അവിനാശ് വിനായകൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.