കണ്ണൂർ: കണ്ണൂരിൽ കാർമോഷണസംഘത്തിലെരണ്ടു പേർ പൊലിസ് പിടിയിൽ.പയ്യന്നൂർ കണ്ടോത്തെ വർക്ക് ഷോപ്പ് കുത്തിതുറന്ന് കാറുമായി കടന്നുകളഞ്ഞ അന്തർസംസ്ഥാന സംഘത്തിലെ രണ്ടു യുവാക്കളെയാണ് ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലിസ് വലയിലാക്കിയ്. മലപ്പുറം പുളിക്കൽ കിഴക്കയിയിൽ വീട്ടിൽ അജിത്ത്(23) തൃശൂർ ചാലക്കുടി എരയംകുടി ചെമ്പാട്ടെ ആർ.സി റിയാസ്(22) എന്നിവരെയാണ് പയ്യന്നൂർ ഡി.വൈ. എസ്‌പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മെൽബിൻ ജോസ്, സീനിയർ സിവിൽ പൊലിസ് ഓഫീസർ നൗഫൽ അഞ്ചില്ലത്ത് എന്നിവരടങ്ങിയ സംഘം കോഴിക്കോട് മാറാട് നിന്നും ഒളിവിൽ കഴിയവെ അറസ്റ്റു ചെയ്തത്.

ഈക്കഴിഞ്ഞ ഓഗസ്റ്റ് 18ന് രാത്രിയിലാണ് കണ്ടോത്ത് പ്രവർത്തിക്കുന്ന ഓട്ടോ ഗ്യാരേജിന്റെ പൂട്ടുപൊളിച്ച കവർച്ചാ സംഘം റിപ്പയറിങ് പണി പൂർത്തിയാക്കി സൂക്ഷിച്ച തൃക്കരിപ്പൂർ വലിയപറമ്പ് സ്വദേശി പി.കെ ഇർഷാദിന്റെ കെ. എൽ 60 കെ. 0957- നമ്പർ കാർ കടത്തിക്കൊണ്ടു പോയത്. 19ന് രാവിലെ ഉടമ വർക്ക് ഷോപ്പ് തുറന്നപ്പോഴാണ് കാർ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലിസിൽ പരാതിപ്പെടുകയായിരുന്നു. പൊലിസ് അന്വേഷണത്തിൽ കാറിനകത്ത് ഉടമയുടെ മെബൈൽ ഫോൺ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയും തുടർന്ന് പൊലിസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണമാരംഭിക്കുകയും ചെയ്തു.

ഇതോടെയാണ് കാർ കോഴിക്കോട്മാറാടു നിന്ന് കാർ കണ്ടെത്തിയത് മാറാട് ഒളിവിൽ കഴിഞ്ഞിരുന്ന മോഷ്ടാക്കളെ പിടികൂടുകയും ഇവരെ പയ്യന്നൂരിലെത്തിക്കുകയുമായിരുന്നു. നിരവധി കവർച്ചാകേസിലെ പ്രതികളായ യുവാക്കൾ കർണാടകത്തിൽ നടത്തിയ ഒരുവാഹനമോഷണ കേസിൽ പിടികൂടപ്പെട്ട് മംഗ്ളൂര് സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് പയ്യന്നൂരിലെ വർക്ക് ഷോപ്പിൽ നിന്ന് കാറുമായി കടന്നു കളഞ്ഞത്.

സംഘത്തിൽ മറ്റൊരാൾ കൂടിയുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പയ്യന്നൂർ പൊലിസ് അറിയിച്ചു. പയ്യന്നൂർ ഡി.വൈ. എസ്‌പി കെ. ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാനായത് പൊലിസിന് നേട്ടമായി.കാർ ഉടമയായ ഇർഷാദിന്റെ മൊബൈൽ ഫോൺ കാറിന്റെ ഡാഷ് ബോർഡിനകത്തു നിന്നും എടുക്കാൻ വിട്ടുപോയതാണ് പൊലിസ് അന്വേഷണത്തിൽ തുമ്പായി മാറിയത്. അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പിൽ കയറ്റിയിട്ടതായിരുന്നുകാർ.

നേരത്തെ തലശേരിയിലെ ഒരു വർക്ക് ഷോപ്പിൽ നിന്നും ഇതിനുസമാനമായി വാഹനങ്ങൾ കവർന്നിരുന്നു. എന്നാൽ ഈ കേസിലെ പ്രതികളെ പിടികൂടാൻ പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. മോഷ്ടിച്ച വാഹനങ്ങൾ നമ്പർ പ്ളേറ്റ് എടുത്തുകളഞ്ഞ് ആക്രികച്ചവടക്കാർക്ക് വിൽപന നടത്തുകയാണ് പ്രതികൾ ചെയ്തിരുന്നുവെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇവരുടെ മോഷണ മുതലുകളെടുക്കാൻ കേരളത്തിലും കർണാടകയിലും ഏജന്റുമാരുണ്ടെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.