- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആ തട്ടിക്കൊണ്ടു പോകലിന് പിന്നിൽ മയക്കുമരുന്ന് സ്വാധീനം
കോട്ടയം: ഇൻസ്റ്റഗ്രാം പരിചയം മുതലെടുത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ, ജയരാജ് എന്നിവരെയാണ് തിരുവല്ലയിൽ എത്തിച്ചത്. ഇതിൽ ജയരാജ് പ്രതികളെ സഹായിച്ചതിനാണ് അറസ്റ്റിലായത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ഇവർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെഎസ്ആർടിസി ബസിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതുലുമായി സൗഹൃദത്തിൽ ആയതെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾ മൂവരും എംഡിഎംഎ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നിർദേശ പ്രകാരം എസ്എച്ച്ഒ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ മാരായ വി എസ് ശ്രീനാഥ്, എസ് എസ് രാജീവ്, പി എൽ വിഷ്ണു, സി അലക്സ്, എഎസ്ഐ ജോജോ ജോസഫ്, സിപിഒമാരായ അവിനാശ് , വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയതും നിർണ്ണായക നീക്കങ്ങളിലൂടെയാണ്.
പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കൾ അറിഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി അടക്കം പരിശോധിച്ചതിൽ നിന്നും യുവാക്കളുടെ ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്ത് എത്തിച്ച ശേഷം തിരികെ മടങ്ങുകയായിരുന്ന അതുലിനെ കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും മൂവാറ്റുപുഴയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പെൺകുട്ടിയെ കാണാതായതിന് പിന്നാലെ വിദ്യാർത്ഥിനിയും യുവാക്കളും ബസിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റപ്പുഴയിലെ ബസ്റ്റോപ്പിൽ നിന്നും രണ്ട് യുവാക്കൾ ബസിൽ കയറുന്നതും പിന്നാലെ കാണാതായ പെൺകുട്ടി കയറുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇതോടെ പെൺകുട്ടിക്കായി കേരളം എങ്ങും പരിശോധനയായി. ഇതോടെ പിടിക്കപ്പെടുമെന്ന് യുവാക്കൾ മനസ്സിലാക്കി. അങ്ങനെയാണ് പെൺകുട്ടിയെ സ്റ്റേഷനിൽ കൊണ്ടാക്കാൻ യുവാക്കൾ തീരുമാനിച്ചത്.
മൂവരും തിരുവല്ല നഗരത്തിലെ ബസ്റ്റോപ്പിൽ ഇറങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്കൂളിൽ പോയ കുട്ടി ഉച്ചയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് കുട്ടിയടെ അമ്മ സ്കൂളിലും പിന്നീട് ട്യൂഷൻ ക്ലാസിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ബന്ധുവീടുകളിലും എത്തിയിട്ടില്ലെന്ന് ഉറപ്പായതോടെ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ഇതിൽ കുട്ടി രണ്ട് ആൺകുട്ടികൾക്കൊപ്പം സംസാരിച്ചു നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ ചിത്രം ഉൾപ്പെടെ പുറത്തുവിട്ട് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. യുവാക്കളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഇതിനു പിന്നാലെയാണ് പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.