തിരുവല്ല: ശനിയാഴ്ച പുലർച്ചെ തിരുവല്ലയെ നടുക്കിയ ബൈക്ക് അപകടത്തിൽ പിന്നിൽ ദൂരുഹത. അപകടത്തിൽ മരിച്ചവരിൽ വധശ്രമം അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഉണ്ടായിരുന്നതാണ് സംശയത്തിനിട നൽകുന്നത്. പുലർച്ചെ മൂന്നിന് കച്ചേരിപ്പടിയിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്പിൽ അരുണി(25) നാണ് പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്.

സുഹൃത്തിന്റെ വിവാഹ വാർഷിക ആഘോഷം കഴിഞ്ഞ് ഒരു വണ്ടിയിലാണ് മടങ്ങിയ മൂന്നംഗ സംഘം മടങ്ങിയത്. താലൂക്ക് ആശുപത്രി ഭാഗത്തുനിന്നും എത്തിയ ബുള്ളറ്റ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്കും തൊട്ടടുത്ത മതിലിലേക്കും ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ വിഷ്ണുവും ആസിഫും തൽക്ഷണം മരിച്ചു.

അരുൺ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ആമല്ലൂർ ഉള്ള സുഹൃത്തിന്റെ വിവാഹ വാർഷിക ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂവരും. വിഷ്ണു ഉണ്ണികൃഷ്ണൻ വധശ്രമം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അമിതവേഗതയിൽ വാഹനം മതിലിലേക്ക് പാഞ്ഞു കയറിയതാണ് ദുരൂഹത ഉണർത്തുന്നത്.

ആരെങ്കിലും ഇവരെ പിന്തുടർന്നിരുന്നോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. വിഷ്ണുവിന് ശത്രുക്കൾ ഏറെയുണ്ടായിരുന്നു. എതിർ സംഘങ്ങളിൽ നിന്ന് രക്ഷപ്പെട്ടോടുന്നതിനിടയിലാണോ അപകടമെന്നും അന്വേഷിക്കുന്നുണ്ട്.