തിരുവല്ല: മാർച്ച് നാലിന് പുലർച്ചെയാണ് പുഷ്പഗിരി മെഡിക്കൽ കോളജ് പരിസത്തെ വീട്ടിൽ നിന്നള ഡാൻസാഫ് സംഘവും ലോക്കൽ പൊലീസും ചേർന്ന്  ഒരു കോടിയിലധികം രൂപ വില മതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിൽ പുലർച്ചെ മൂന്നരയോടെയാണ് നാർക്കോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിൽ ലിവിങ് ടുഗദർ ദമ്പതികളുടെ താമസ സ്ഥലത്തേക്ക് പൊലീസ് സംഘം എത്തിയത്. 10 വർഷമായി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ആശ എന്ന യുവതിക്കൊപ്പം താമസിക്കുകയാണ് ലഹരി കടത്തിന്റെ ആശാനായ ചങ്ങനാശേരി പായിപ്പാട് ഓമണ്ണിൽ വീട്ടിൽ ജയകുമാർ (56). പൊലീസ് സംഘം കടന്നു ചെന്നപ്പോൾ ജയകുമാറിന് ഒരു കുലുക്കവുമില്ല.

വരണം സാർ ഇരിക്കണം എന്ന മുഖവുരയോടെ പൊലീസിനെ വീട്ടിലേക്ക് ക്ഷണിച്ചു. നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞ് പൊലീസുകാർക്ക് മുന്നിൽ യാതൊരു ഭാവഭേദവുമില്ലാതെ ജയകുമാറും ആശയും നിന്നു. സാർ ഇരുചെവി അറിയില്ല. സാറും ഈ പൊലീസുകാരും മാത്രമല്ലേയുള്ളൂ. ഒരു നാലര രൂപ അങ്ങു തരും. ഡിവൈ.എസ്‌പി പകച്ചു പോയി. ഒരു പ്രതി തൊണ്ടി സാധനം വച്ച് നേർക്കുനേർ നിന്ന് വില പേശുന്നത് ആദ്യമായി കാണുകയാണ്. ഞാനാരോടും പറയില്ല. എന്റെ കൈയിൽ കാശിരിപ്പുണ്ട്. ഇപ്പോൾ കൊണ്ടു വന്നു തരാം. എന്നാൽ പിന്നെ അതു തന്നെ കാണട്ടെ എന്ന് ഡിവൈ.എസ്‌പിയും കരുതി.

അനുഭാവ ഭാവത്തിൽ സംസാരിച്ചു. നീയല്ലേടാ പണ്ട് സ്പിരിറ്റ് കടത്തിന് പിടിയിലായ ജയകുമാർ എന്ന അദ്ദേഹം ചോദിച്ചു. അതു ഞാനല്ല സാറേ വേറൊരു അലവലാതിയാണ്. ഉടൻ വന്നു ഒരു സങ്കോചവുമില്ലാത്ത മറുപടി. കൈയിലുള്ള ഫയലിൽ നിന്ന് സ്പിരിറ്റ് കടത്തിന് പിടിയിലായ ജയകുമാറിന്റെ പടം ഡിവൈ.എസ്‌പി എടുത്തു കാണിച്ചു. ഇതാണ് ആ ജയകുമാർ. ഇത് നീ തന്നെയല്ലേ എന്ന് ചോദിച്ചപ്പോൾ വളിച്ച ചിരി. വരു നമുക്കൊരു സ്ഥലം വരെപ്പോകാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടി കൊണ്ടു പോന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതികൾ ജാമ്യമെടുത്തു. ഇത്രയും വലിയ വേട്ടയായിട്ടു കൂടി 7500 രൂപ വരെ പിഴ ഒടുക്കാമെന്നതല്ലാതെ മറ്റ് ശിക്ഷയില്ല.

ഡാൻസാഫ് സംഘവും ലോക്കൽ പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ വാടക വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഹാൻസ്, കൂൾ എന്നീ ഇനങ്ങളിൽപ്പെട്ട 1,06,800 പാക്കറ്റ് നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ജില്ലയിൽ ഇതാദ്യമാണ് ഇത്രയും തുകയുടെ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. , ഇയാൾക്കൊപ്പം താമസിക്കുന്ന ആശ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അബ്കാരി കേസിൽ പ്രതിയാണ് ജയകുമാർ.

പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് പിന്നിലെ വാടകവീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സമ്പന്നരുടെ വീടുകൾ നിലനിൽക്കുന്ന ഈ പ്രദേശത്ത് ഒരു വർഷമായി വീട് വാടകയ്ക്കെടുത്ത് ഇത്തരത്തിൽ വൻ തോതിൽ ലഹരിഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും ചെറുകിടകച്ചവടക്കാർക്ക് വില്പന നടത്തുകയും ചെയ്തുവന്നത് സമീപവാസികൾ പോലുമറിഞ്ഞില്ല എന്നത് നിഗൂഢമാണ്.

ദിവസങ്ങളായി ജില്ലാ നാർകോട്ടിക് സെൽ ഡിവൈ.എസ്‌പി കെ.എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വീടും പരിസരവും. പുലർച്ചെ മൂന്ന് മണിയോടെ ലോക്കൽ പൊലീസുമായി ചേർന്ന് സംഘം വീടുവളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. വലിയ ചാക്കുകളിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. കമ്പനികളിൽ നിന്നും വലിയ തോതിൽ എത്തിച്ചശേഷം സ്വന്തം വാഹനത്തിൽ ചെറുകിട കച്ചവടക്കാർക്ക് വില്പന നടത്തുകയാണ് പതിവ്. പരിശോധന മണിക്കൂറുകൾ നീണ്ടു. ആഴ്ചയിൽ ലോഡ് കണക്കിനാണ് ഇവ വിറ്റഴിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

സമീപവാസികൾക്കോ മറ്റോ യാതൊരു സംശയവും ഉണ്ടാവാത്ത വിധം വളരെ തന്ത്രപരമായാണ് വില്പന നടത്തിവന്നത്. വെള്ളി രാത്രി തന്നെ റെയ്ഡിനുള്ള നീക്കം ആരംഭിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ കിട്ടിയ രഹസ്യവിവരം നാർകോട്ടിക് സെൽ ഡിവൈ.എസ്‌പിക്ക് കൈമാറിയത്തിനെതുടർന്നാണ് പരിശോധന നടന്നത്. കഴിഞ്ഞയാഴ്‌ച്ച നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൂന്ന്പേരെ പിടികൂടിയിരുന്നു. തിരുവല്ലയിലെ ഒരു കടയിൽ നിന്നും കച്ചവടത്തിന് ബാഗിൽ സൂക്ഷിച്ച രണ്ട് യുവാക്കളിൽ നിന്നുമാണ് ഹാൻസ് ഇനത്തിൽപ്പെട്ട പുകയില ഉല്പന്നങ്ങൾ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനെതുടർന്ന് സ്രോതസ്സിനെപ്പറ്റിയും ഇവർക്ക് ഇവ ലഭിക്കുന്നതിനെ കുറിച്ചും നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് ഇപ്പോൾ വൻ ലഹരിമരുന്ന് വേട്ട നടന്നിരിക്കുന്നത്.

റെയ്ഡിൽ തിരുവല്ല പൊലീസ് ഇൻസ്പെക്ടർ സുനിൽ കൃഷ്ണ, എസ്‌ഐമാരായ ഷാജി, അനീഷ്, ഹുമയൂൺ, ഡാൻസാഫ് എസ്‌ഐ അജി സാമുവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, അഖിൽ, സുജിത്, ബിനു, ശ്രീരാജ്, തിരുവല്ല പൊലീസ് സ്റ്റേഷൻ എസ് സി പി ഓമാരായ സുനിൽ, മനോജ്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.