തിരുവല്ല: പൊലീസ് സബ്ഡിവിഷന്റെ പേരിൽ ആരാധനാലയങ്ങളിൽ നടത്തിയ ട്രാക്ക് ഗാനമേള വിവാദത്തിൽ. ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗാനമേളയാണ് വിവാദത്തിൽ കലാശിച്ചിരിക്കുന്നത്. ചട്ടപ്രകാരമുള്ള അനുമതി വാങ്ങാതെയാണ് ട്രൂപ്പ് സംഘടിപ്പിച്ചതും ഗാനമേള നടത്തിയതുമെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി. തിരുവല്ല ഡിവൈ.എസ്‌പിയുടെ വാക്കാലുള്ള അനുവാദമാണത്രേ പരിപാടിക്ക് ഉണ്ടായിരുന്നത്.

പൊലീസിന്റെ പേരിൽ നടത്തിയ ഗാനമേളയിൽ ആകെ ഒമ്പത് ഗായകർ ആണുണ്ടായിരുന്നത്. കീഴ്‌വായ്പൂർ എസ്‌ഐ രാജേഷ്, കോയിപ്രം എസ്ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ്, പ്യാരിലാൽ എന്നിങ്ങനെ നാലു പേർ മാത്രമാണ് പൊലീസിൽ നിന്നുണ്ടായിരുന്നത്. ശേഷിച്ച അഞ്ചു പേരും നാട്ടുകാരാണ്. ഇതിൽ സിപിഎം തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി ജിജീഷ് കുമാർ അടക്കമുള്ള പാർട്ടിക്കാരും ഉൾപ്പെടുന്നു.

ക്ഷേത്ര ഉത്സവത്തിൽ ആദ്യം പരിപാടി ഉൾപ്പെടുത്തിയിരുന്നില്ല. മൂന്നു തവണ നോട്ടീസ് മാറ്റിയടിച്ചു. മൂന്നാം തവണയാണ് പൊലീസ് സബ്ഡിവിഷന്റെ ട്രാക്ക് ഗാനമേള ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ക്ഷേത്രത്തിൽ കൂടി ഇവർ ഗാനമേള നടത്തിയിട്ടുണ്ടെന്ന് പറയുന്നു. പൊലീസ് ഉേദ്യാഗസ്ഥരുടെ കലാപരമായ കഴിവ് പൊതുവേദികളിൽ പ്രകടിപ്പിക്കാൻ പ്രത്യേക അനുമതി ആവശ്യമാണ്. ഇത് നൽകേണ്ടത് ജില്ലാ പൊലീസ് മേധാവിയാണ്.

ഇവിടെ പൊലീസ് ട്രൂപ്പ് ഗാനമേള നടത്തിയതിന് അങ്ങനെ ഒരു അനുമതി നേടിയിട്ടില്ല. സബ്ഡിവിഷൻ ഓഫീസർ ആയ ഡിവൈ.എസ്‌പി വാക്കാൽ അനുമതി കൊടുക്കുകയായിരുന്നുവത്രേ. പൊലീസിന്റെ പേരിൽ പാട്ടു പാടാൻ കയറിയത് നാട്ടുകാരും സിപിഎം നേതാക്കളുമൊക്കെയാണ്. ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.

ജില്ലയിലെ പൊലീസ് സേനയിൽ നിരവധി മികച്ച പാട്ടുകാരുണ്ട്. ഇവരെ അണിനിരത്തി വേണമെങ്കിൽ ഗാനമേള നടത്താമായിരുന്നു. അതിന് മുതിരാതിരിക്കുകയും പൊലീസിന്റെ പേരിൽ പുറമേ നിന്നുള്ളവർ ഗാനമേള നടത്തിയതും വീഴ്ചയാണെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഗാനമേളയുടെ പേരിൽ വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ടെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും ഉന്നത അധികാരികൾ ഗൗനിച്ചിട്ടില്ലെന്നും പറയുന്നു.