കൊച്ചി: കേരളത്തെ നടുക്കിയ തിരവല്ലയിലെ നരബലിയിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ടവരുമുണ്ട്. അവരെല്ലാം ദൈവത്തിന് നന്ദി പറയുകയാണ് ഇപ്പോൾ. കാരണം മുഹമ്മദ് ഷാഫി എന്ന ഷിഹാബ് നരബലി നടത്താൻ ലക്ഷ്യമിട്ടു കൊണ്ട് പല സ്ത്രീകളെയും സമീപിച്ചിരുന്നു. ലോട്ടറി വിൽപ്പന നടത്തിവന്ന സ്ത്രീകളെയാണ് ഇയാൾ സമീപിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഇലന്തൂരിലെ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ആരുടെ മൃതദേഹമാണ് കണ്ടെടുത്തത് എന്ന് വ്യക്തമായിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന വേണ്ടി വരും.

നരബലിയിൽ ഏജന്റായി പ്രവർത്തിച്ച ഷാഫി ഈ സ്ത്രീകളേയും സമീപിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. കടവന്ത്രയിലെ ലോട്ടറി വിൽപ്പനക്കാരിയായിരുന്ന പത്മത്തെ കാണാതായ കേസിൽ നടന്ന അന്വേഷണത്തിലാണ് കൊച്ചി പൊലീസ് ഞെട്ടിപ്പിക്കുന്ന കൊലപതാകങ്ങളിലേക്കെത്തിയത്. പത്മത്തെ കാണാതായ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലിയടക്കമുള്ള ക്രൂരകൃത്യങ്ങൾ പുറത്തുവന്നത്.

പത്മത്തെ കാണാതായെന്ന പരാതി മകനാണ് പൊലീസിൽ നൽകിയത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണം നടത്തി. കടവന്ത്രയിൽ തന്നെ ലോട്ടറി കച്ചവടം നടത്തുന്ന മറ്റു സ്ത്രീകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ആരാഞ്ഞു. അവസാനമായി തിരുവല്ലയിലാണ് പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികൾക്ക് മനസ്സിലായത്.. തിരുവല്ലയിലേക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്ന ആൾ മൂന്ന് നാല് പേരെ സമീപിച്ചിരുന്നതായി തൊഴിലാളികൾ പൊലീസിനെ അറിയിച്ചു. കടവന്ത്രയിൽ കട നടത്തിയിരുന്ന ഷാഫിയെ ഇവർക്ക് അറിയാമായിരുന്നു.

'തിരുവല്ലയിലേക്ക് പോകാം. അവിടെ ഒരു ഭാര്യയും ഭർത്താവുമുണ്ട്. അയാൾക്ക് തോട്ടങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്. നമുക്കൊരു രണ്ട് ലക്ഷം രൂപ വരെ വാങ്ങിച്ചെടുക്കാം. ഒരു ലക്ഷം രൂപ എനിക്ക് തരാമെന്ന് പറഞ്ഞു. രാത്രി ചെന്നില്ലെങ്കിൽ എന്നെ വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞ് ഞാനൊഴിഞ്ഞു' ഷാഫി സമീപിച്ച ഒരു സ്ത്രീ പറഞ്ഞു.

ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയാണ് ഷാഫി ലക്ഷ്യം വെച്ചിരുന്നത്. വീടും പറമ്പും വാങ്ങിത്തരാമെന്ന് പറഞ്ഞാണ് റോസ്ലിയെന്ന സ്ത്രീയെ കൊണ്ടുപോയതെന്നും സ്ത്രീകൾ വ്യക്തമാക്കി. പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചെങ്കിലും ഒരു രാത്രി മുഴുവൻ നടത്തിയ ചോദ്യം ചെയ്യലിലാണ് റോസ്ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നതെന്ന് കൊച്ചി പൊലീസ് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.

'50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങൾ വന്നത്. സെപ്റ്റംബർ 26-ാം തിയതിയാണ് ഈ സ്ത്രീയെ കാണാതായത്. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഇത്. ഒരാളുടെ കൂടെ ഈ സ്ത്രീ പോയതായി അന്വേഷണത്തിൽ കണ്ടെത്തി. പത്തനംതിട്ടയിലെ തിരുവല്ലയിലേക്കാണ് പോയതെന്നും മനസ്സിലായി' കമ്മീഷണർ പറഞ്ഞു.

നരബലിയുടെ ആസൂത്രകൻ പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയാണെന്ന് പൊലീസ വ്യക്തമാക്കിയിട്ടുണ്ട്. 'ശ്രീദേവി' എന്ന വ്യാജ പ്രൊഫൈലിലൂടെയാണ് ഷാഫി തിരുമ്മു ചികിത്സകനായ ഭഗവൽ സിങ്ങുമായി പരിചയപ്പെടുന്നത്. റഷീദ് എന്ന സിദ്ധനെ കണ്ടാൽ വീട്ടിൽ ഐശ്വര്യം ഉണ്ടാകാൻ വഴിയുണ്ടാകുമെന്ന് ഷാഫി ഭഗവൽ സിങ്ങിനെ പറഞ്ഞു ധരിപ്പിച്ചു.

തുടർന്ന് റാഷിദ് എന്ന സിദ്ധന്റെ നമ്പർ നൽകി. സിദ്ധന്റേതെന്ന പേരിൽ തന്റെ തന്നെ നമ്പറാണ് ഷാഫി നൽകിയിരുന്നത്. തുടർന്ന് റാഷിദ് എന്ന സിദ്ധനായി ഭഗവൽ സിങ്, ലൈല ദമ്പതികൾക്ക് മുന്നിൽ എത്തിയതും ഷാഫി തന്നെയാണ്. തുടർന്ന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിന് നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു.

നരബലിക്കായി സ്ത്രീകളെ എത്തിച്ചതും ഷാഫി തന്നെയാണ്. ജോലിക്കൊന്നും പോകാതെ അലഞ്ഞുതിരിഞ്ഞ് നടക്കുക ശീലമാക്കിയ ഷാഫി, ഇതിനിടെയാണ് ഇരകളായ സ്ത്രീകളെ കണ്ടെത്തിയത്. കാലടിയിൽ ലോട്ടറി വിൽപ്പനക്കാരിയായ തൃശൂർ വാഴാനി സ്വദേശിനിയായ റോസ്ലി (49)യെയാണ് ആദ്യം ഇരയാക്കിയത്. സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് റോസ്ലിയെ, ഷാഫി പത്തനംതിട്ട ഇലന്തൂരിലെ ദമ്പതികളുടെ വീട്ടിലെത്തിക്കുന്നത്.

ജൂൺ മാസത്തിലാണ് റോസ്ലിയെ നരബലിക്ക് വിധേയയാക്കുന്നത്. എന്നാൽ ശാപം കാരണം നരബലി ഫലിച്ചില്ലെന്ന് ഷാഫി ദമ്പതികളെ വിശ്വസിപ്പിച്ചു. തുടർന്നാണ് വീണ്ടും ബലിക്കായി കൊച്ചി പൊന്നുരുന്നിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ പത്മ(52)യെ തിരുവല്ലയിലെത്തിക്കുന്നത്. തെറ്റിദ്ധരിപ്പിച്ചാണ് പത്മയെയും ഷാഫി ഇലന്തൂരിലെത്തിച്ചത്. തുടർന്ന് ഇവരെയും കൊലപ്പെടുത്തി ശരീരം കഷണങ്ങളായി മുറിച്ച് കുഴിച്ചിടുകയായിരുന്നു. പത്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലിയുടെ ചുരുളഴിയുന്നത്.