തിരുവല്ല: തിരുവല്ലയിലെ സ്പായില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. നിരണം സ്വദേശിയായ വരുണ്‍ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലുവയില്‍ നിന്ന് ഇന്നലെ അര്‍ധരാത്രിയാണ് വരുണ്‍ പിടിയിലായത്.

വരുണിന്റെ മൊബൈല്‍ ലൊക്കേഷന്‍ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിന്‍, ബെര്‍ലിന്‍ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളുള്ള കേസില്‍ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവില്‍ പോയ ബാക്കി പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇവര്‍ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.

ഒന്നാം പ്രതി മരണസുബിന്‍, കൂട്ടുപ്രതി ബര്‍ലിന്‍ ദാസ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. സംഭവസമയം സ്പായിലുണ്ടായിരുന്ന സഹപ്രവര്‍ത്തകയുടെ ഒത്താശയോടെയാണ് പീഡനം നടത്തിയതെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഇവരിലേക്കും അവരുടെ ആണ്‍സുഹൃത്തിലേക്കും അന്വേഷണം നീളും.

ബിസിനസ് എതിരാളികള്‍ നല്‍കിയ ക്വട്ടേഷന്‍ ആക്രമണമാണ് നടന്നതെന്നും തന്റെ ജീവനക്കാരില്‍ ചിലര്‍ അതിന് കൂട്ടുനിന്നിട്ടുണ്ടെന്നും സ്പാ ഉടമയും ആരോപണം നടത്തിയിരുന്നു. അങ്ങനെയെങ്കില്‍ കൂടുതല്‍പേരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തും. അതേസമയം, ബലാത്സംഗക്കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് എസ്പി ആര്‍ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഈ മാസം ഒന്നിന് നടന്ന സംഭവത്തില്‍ യുവതിയോ സ്പാ ഉടമയോ പരാതി നല്‍കിയിട്ടില്ലെന്നും രണ്ടുപേരെ അറസ്റ്റുചെയ്തത് രഹസ്യ വിവരത്തെ തുടര്‍ന്നാണെന്നും പൊലീസ് പറഞ്ഞു. പീഡന വിവരം പൊലീസും മറച്ചുവച്ചു. ഗുണ്ടാ സംഘം അതിക്രമം കാട്ടുന്ന വീഡിയോദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്പാ കേന്ദ്രീകരിച്ച് പൊലീസും പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ് പറഞ്ഞു.'ആരോപണ വിധേയനായ പൊലീസുകാരനെതിരെ നടപടിയെടുത്തിട്ടുണ്ട്.

വകുപ്പുതല അന്വേഷണം നടക്കും. കൂടുതല്‍ പേര്‍ പിരിവ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. സ്പായിലെ സംഭവത്തില്‍ അനാസ്ഥ കാട്ടിയിട്ടില്ല. രഹസ്യ വിവരം ലഭിച്ച ഉടന്‍ യുവതിയുടെയും സ്പാ ഉടമയുടേയും മൊഴിയെടുത്തു. രണ്ടുപേരെ അറസ്റ്റുചെയ്തു. നാല് പ്രതികള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. സുബിനെ കാപ്പാ കേസില്‍ കരുതല്‍ തടങ്കലിലാക്കും. സ്പാ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. തിരുവല്ല ഡിവൈ.എസ്.പി ടി.ആര്‍ ജിജുവിനാണ് അന്വേഷണ ചുമതല. സഹപ്രവര്‍ത്തകയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന യുവതിയുടെ മൊഴി ഗൗരവത്തില്‍ കാണും'- അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി ഒന്നാം തീയതി തിരുവല്ലയിലെ സ്പാ സെന്ററില്‍ നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരമായ നരനായാട്ടാണ്. പണം ആവശ്യപ്പെട്ടെത്തിയ സുബിന്‍ അലക്‌സാണ്ടറും ആറംഗ സംഘവും സ്ഥാപനത്തില്‍ അഴിഞ്ഞാടുകയായിരുന്നു. ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് ഉറപ്പായതോടെ അതിജീവിതയെ ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. കഴുത്തില്‍ കത്തിവെച്ച് തന്നെ കീഴടക്കിയാണ് പ്രതികള്‍ ബലാത്സംഗം ചെയ്തതെന്ന് അതിജീവിത വെളിപ്പെടുത്തി.

പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം സ്പായില്‍ അതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഈ അക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ പൊലീസിന്റെ പരോക്ഷമായ പിന്തുണയുണ്ടെന്ന ആരോപണം ശക്തമാണ്. സ്പാ കേന്ദ്രങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരും മാസപ്പടി വാങ്ങുന്നത് ഗുണ്ടകള്‍ക്ക് ഇത്തരം അക്രമങ്ങള്‍ നടത്താന്‍ പ്രചോദനമായെന്നാണ് സൂചന.