വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ അതിഥിത്തൊഴിലാളിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒഡിഷ കൊരാപുത്ത് സ്വദേശി ഇന്ദർ ബദ്ര (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒഡിഷ സ്വദേശിയായ പദ്ലം ഗദാബയെ (36) വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഇവർ താമസിക്കുന്ന സ്വകാര്യ ക്വാർട്ടേഴ്സിന്റെ ടെറസിന് മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രതി പദ്ലം ഗദാബ താമസസ്ഥലത്ത് സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളയാളാണെന്ന് സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച രാത്രി പ്രതി ഇന്ദർ ബദ്രയുമായി വഴക്കുണ്ടാക്കിയിരുന്നു. പുലർച്ചെ കൂടെയുള്ളവരെ വിളിച്ചുണർത്തിയ പ്രതി, താൻ ഇന്ദറിനെ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു. ഇവർ ചെന്ന് നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലാണ് ഇന്ദറിനെ കണ്ടത്. ഉടൻ തന്നെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വേങ്ങര പോലീസ് മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് വേങ്ങര അങ്ങാടിയിൽ വെച്ച് ബസ് കയറുന്നതിനിടെ പിടികൂടി.

കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വേങ്ങര എസ്.എച്ച്.ഒ പ്രജീഷ്, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ലളിത ബത്രയാണ് മരിച്ച ഇന്ദറിന്റെ ഭാര്യ. മക്കൾ: പുഷ്പ, സംവിത.

ഏഴു വർഷത്തിലേറെയായി എ.ആർ. നഗറിൽ ജോലി ചെയ്യുന്ന ഇന്ദർ ബദ്ര നാട്ടുകാർക്കും വ്യാപാരികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അതിഥിത്തൊഴിലാളികളിൽ നിന്ന് വ്യത്യസ്തനായി മലയാളം നന്നായി സംസാരിക്കുകയും നാട്ടുകാരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. മരണവാർത്തയറിഞ്ഞ് നൂറുകണക്കിനാളുകളാണ് ക്വാർട്ടേഴ്സിന് മുന്നിൽ തടിച്ചുകൂടിയത്.