- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല;
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുന്മന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹൈക്കോടതിയിലേക്ക്. തോമസ് ഐസക് കോടതിയെ സമീപിക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇത്. തോമസ് ഐസക് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാകും ഇ.ഡി കോടതിയിൽ എത്തുക. ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇ.ഡി. അറസ്റ്റ് ചെയ്യില്ല. മറിച്ച് കോടതിയെ സമീപിക്കും.
കേസിൽ ഇ.ഡിക്ക് ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയാൻ 4 തവണ തോമസ് ഐസക്കിനു സമൻസ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ല. ഈ സാഹചര്യത്തിൽ കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പക്കലുള്ള തെളിവുകൾ കോടതി മുൻപാകെ ഹാജരാക്കിയ ശേഷം തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശം. ഇത് നിർണ്ണായകമാകും. രാഷ്ട്രീയ വിമർശനങ്ങളും ഇതിലൂടെ ഒഴിവാക്കാം. ഐസകിനെ അറസ്റ്റു ചെയ്ത ശേഷം ജാമ്യം കിട്ടിയാൽ അത് തിരിച്ചടിയാകും ഇഡിക്ക്. അതുകൊണ്ടാണ് പുതിയ നീക്കം.
തെളിവുകൾ കോടതിയിൽ ഹാജരാക്കി പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നു കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം തോമസ് ഐസക്കിനെതിരെ കടുത്ത നടപടികളിലേക്ക് ഇ.ഡി. കടന്നേക്കും. ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ചട്ട ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണു തോമസ് ഐസക്കിനോട് നേരിട്ടു ഹാജരാകാൻ ഇ.ഡി. തുടർച്ചയായി ആവശ്യപ്പെടുന്നത്. ശക്തമായ തെളിവുകൾ ഇ.ഡിക്കു ഹാജരാക്കാൻ കഴിഞ്ഞാൽ തുടർ നടപടികളിൽ കോടതിയും ഇടപെടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതിനിടെ തനിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച നോട്ടിസ് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ തവണ താൻ അഭ്യർത്ഥിച്ചത് കോടതി പൂർണമായും ശരിവച്ചിരുന്നു. ഇപ്പോഴത്തെ സമൻസ് പഴയ മാതൃകയിൽ തന്നെയാണ്. ഇത് കോടതി വിധിയുടെ സത്ത ഉൾക്കൊള്ളാതെയുള്ളതാണെന്നും തോമസ് ഐസക് പറഞ്ഞു. രണ്ടര വർഷമായി കിഫ്ബിയുമായി ബന്ധമില്ല. അതിനാൽ ഇഡിയോട് ഒന്നും പറയാനുമില്ല. ഇഡിയെ ഭയമില്ലെന്നും കോടതി പറഞ്ഞാൽ ഇഡിക്കു മുന്നിൽ ഹാജരാകുമെന്നും തോമസ് ഐസക് പ്രതികരിച്ചിട്ടുണ്ട്. മസാല ബോണ്ട് താൻ എടുത്ത തീരുമാനമല്ലെന്നും അത് കിഫ്ബി ബോർഡിന്റേതാണെന്നും തോമസ് ഐസക് വിശദീകരിക്കുന്നുണ്ട്.
ഇത് രണ്ടാം തവണയാണ് ഇ.ഡി. നോട്ടീസ് അയച്ചിട്ടും തോമസ് ഐസക് ഹാജരാകാതിരിക്കുന്നത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അതിനാൽ ഹാജരാകാൻ കഴിയില്ലെന്നും അഭിഭാഷകർ മുഖേന തോമസ് ഐസക് ഇ.ഡിയെ അറിയിച്ചു. ജനുവരി 12-നാണ് നേരത്തേ അദ്ദേഹത്തിന് ഇ.ഡി. നോട്ടീസ് അയച്ചത്. അന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റും നേതൃയോഗങ്ങളും ഉള്ളതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് തോമസ് ഐസക് മറുപടി നൽകിയിരുന്നത്. തുടർന്നാണ് ജനുവരി 22-ന് ഹാരജാകാൻ വീണ്ടും നോട്ടീസ് നൽകിയത്.
ആദ്യഘട്ടത്തിൽ ഇ.ഡി. അയച്ച നോട്ടീസിനെ ചോദ്യംചെയ്ത് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. നോട്ടീസിൽ അപാകതകൾ ഉണ്ടെന്ന തോമസ് ഐസകിന്റെ വാദം ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സമൻസ് പിൻവലിച്ചാണ് ഇ.ഡി. രണ്ടാം ഘട്ടത്തിൽ സമൻസ് അയച്ചത്. ഇഡിക്കെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കാനായി കേരള അടിസ്ഥാനസൗകര്യ നിക്ഷേപഫണ്ട് നിയമപ്രകാരം സ്ഥാപിതമായ ധനകാര്യ ബോർഡ് കോർപറേറ്റാണ് കിഫ്ബി. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെ 2019 മെയ് 17-ന് മസാല ബോണ്ടുകൾ വിതരണംചെയ്തു. 7.23 ശതമാനം പലിശയ്ക്ക് 2,150 കോടി രൂപയാണ് ഇങ്ങനെ സമാഹരിച്ചത്. ഇതിൽ സി.എ.ജി. ക്രമക്കേട് കണ്ടെത്തിയതോടെ മസാലബോണ്ട് വിവാദത്തിലായി. പിന്നാലെയാണ് ഇ.ഡി. കേസെടുത്തത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട തുകയുടെ മൂന്നിരട്ടിവരെ പിഴയായി ഈടാക്കാമെന്നാണ് ഫെമ നിയമത്തിലെ സെക്ഷൻ 13-ൽ വ്യവസ്ഥ ചെയ്യുന്നത്. അങ്ങനെയെങ്കിൽ ചുമത്താവുന്ന പരമാവധി പിഴത്തുക 6,450 കോടിരൂപയാണ്.
വിദേശ വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. രാജ്യത്തിനുള്ളിൽനിന്നു മാത്രമേ സഞ്ചിതനിധി സെക്യൂരിറ്റിയായി നൽകി വായ്പയെടുക്കാനാകൂ. ഇതിനുവേണ്ടി സംസ്ഥാനം നിയമം നിർമ്മിക്കണം. കിഫ്ബിപോലുള്ള കോർപറേറ്റ് സംവിധാനത്തിലൂടെയും ഇപ്രകാരം വിദേശവായ്പ എടുക്കാനാകില്ലെന്ന് സി.എ.ജി. കണ്ടെത്തിരുന്നു. ഇതും ഇ.ഡി.യുടെ കേസിന്റെ അടിസ്ഥാനമാവും.