- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്യമായി വേഷത്തിൽ ഉദ്യോഗസ്ഥകൾ ചമഞ്ഞു ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കും; ഓട്ടോയാത്രയ്ക്ക് ലിഫ്റ്റ് നൽകി സ്ത്രീകളുടെ സ്വർണമാല കവരും; പൊലീസിന് നിരന്തര തലവേദനയായ മോഷ്ടാക്കളായ തൂത്തുക്കുടി സഹോദരിമാർ ഒടുവിൽ പിടിയിൽ; നീലിയും ശാന്തിയും പിടിയിലായത് ചക്കരക്കൽബസ് സ്റ്റാൻഡിൽ നിന്നും
കണ്ണൂർ: ആഡംബര വേഷത്തിൽ സർവാഭരണ ഭൂഷിതരായി ബസ് സ്റ്റോപ്പുകളിൽ കാത്തുനിന്നു ബസില്ലാത്ത റൂട്ടുകളിൽ നിന്നുകാലുകഴയ്ക്കുന്ന വയോധികമാരെയും മറ്റുസ്ത്രീകളെയും വലവീശിപിടിച്ചു തങ്ങളും ആറൂട്ടിലേക്ക് തന്നെയാണ് പോകേണ്ടതെന്നു പറഞ്ഞു ഓട്ടോയിൽ കയറി അവരറിയാതെ സ്വർണമാല കവർന്നു വഴിയിലിറങ്ങി രക്ഷപ്പെടുന്ന തമിഴ് സഹോദരിമാർ ഒടുവിൽ പൊലിസിന്റെ പിടിയിലായി. കണ്ണൂരിലെ പൊലിസിന്റെ ഉറക്കം കെടുത്തിക്കൊണ്ടു വിഹരിച്ചിരുന്ന തൂത്തുക്കുടി സഹോദരിമാരാണ് ചക്കരക്കൽ പൊലിസിന്റെ പിടിയിലായത്. ചക്കരക്കൽ ബസ്സ്റ്റാൻഡിൽ ഇരകളെ പിടിക്കുന്നതിന് കാത്തു നിൽക്കുന്നതിനിടെയാണ് മോഷ്ടാക്കൾ പിടിയിലായത്.
തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗർ പന്ത്രണ്ടാം സ്ട്രീറ്റിലെ ഭഗവതിയുടെ മക്കളായ നീലി(27) ശാന്തി(30) എന്നിവരെയാണ് ചക്കരക്കൽ എസ്. ഐ വി. എം വിനീഷും സംഘവും അറസ്റ്റു ചെയ്തത്. ഈ മാസം രണ്ടിന് ഓട്ടോയാത്രയ്ക്കിടെ ഏച്ചൂർകാഞ്ഞിരോട് തെരുവിലെ രാജീവന്റെ ഭാര്യ ഷൈലജയുടെ മൂന്നരപവന്റെ മാലയും മറ്റൊരു ദിവസം ചക്കരക്കൽ സ്വദേശിനിയായ ലീലയുടെ നാലുപവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്നുപെരിയയിൽ നിന്നും ചക്കരക്കൽ ഭാഗത്തേക്ക് വരികയായിരുന്ന അംഗൻവാടി ടീച്ചറുടെ നാലുപവന്റെ മാല പെരളശേരി ഐവർകുളത്തു നിന്നും കവർന്ന കേസുകളിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.
നേരത്തെകൂത്തുപറമ്പ് മേഖലയിൽ ഇവർ സമാനമായ രീതിയിൽ വ്യാപകമായ കവർച്ച നടത്തിയിരുന്നു. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും ഇവരെ പൊലിസ്തിരിച്ചറിഞ്ഞിരുന്നു. മാങ്ങാട്ടിടത്തെ വയോധികയുടെ മാല ഓട്ടോറിക്ഷ യാത്രയ്ക്കിടെ കവർന്നത് ഇവരാണെന്ന് പൊലിസ് സംശയിക്കുന്നുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെകസ്റ്റഡിയിൽ വാങ്ങുമെന്ന് കൂത്തുപറമ്പ് പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത്കോടേരി അറിയിച്ചു.കണ്ണൂർ ജില്ലയിൽ ഇതിനു സമാനമായി നടന്ന പത്തോളം കേസുകളിലെ പ്രതികളാണിവരെന്നു പൊലിസിനു വിവരംലഭിച്ചിട്ടുണ്ട്.
മാന്യമായി കണ്ണൂർ ഭാഷപറയുകയും ജോലികഴിഞ്ഞുു പോകുന്ന ഉദ്യോഗസ്ഥരായ വീട്ടമ്മമാരെ പോലെ മാന്യമായി വസ്ത്രം ധരിച്ചും വിലയേറിയആഭരണങ്ങൾ അണിഞ്ഞും ചമഞ്ഞുമാണ് ഇവർ കവർച്ച നടത്തിയിരുന്നത്. കവർച്ച നടത്തുന്ന സ്ഥലങ്ങളെകുറിച്ചുള്ള കൃത്യമായ ധാരണയും ഇവർക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആരും സംശയിക്കാത്ത വിധത്തിലാണ് ഇവർ പെരുമാറിയിരുന്നത്. ബസ് സ്റ്റോപ്പുകളിൽ വൈകുന്നേരങ്ങളിൽ കാത്തുനിൽക്കുന്ന വയോധികമാരെയാണ് ഇവർ ടാർജറ്റ് ചെയ്തിരുന്നത്.
ഇവരോട് പരിയചപ്പെടുകയും ലോഗ്യം കൂടുകയും ചെയ്തതിനു ശേഷം തങ്ങൾക്കും നിങ്ങളുടെ ഭാഗത്തേക്കാണ് പോകേണ്ടതെന്നു പറഞ്ഞു വശീകരിച്ചതിനു ശേഷം ഓട്ടോയിൽ നടുക്കിരുത്തി കൊണ്ടു പോവുകയാണ്പതിവ്. ഇതിനിടെയിൽ കൈയിലൊളിപ്പിച്ച ബ്ളേഡുപയോഗിച്ചു ഇവരറിയാതെ സ്വർണമാല അറുത്തെടുത്തു കൈക്കലാക്കിയ ശേഷം പാതിവഴിയിൽ ഒരാളെ കാണാനുണ്ടെന്നു പറഞ്ഞു ഓട്ടോനിർത്തിച്ചു ഇറങ്ങും. ഇതിനിടെയിൽ ഓട്ടോകാശ് കൊടുക്കാനും കവർച്ച നടത്തിയ സ്ത്രീയോട് പിന്നെ കാണാമെന്നു പറയാനും ഇവർ മറക്കാറില്ല.
വീട്ടിലെത്തുമ്പോഴൊ ഓട്ടോറിക്ഷയിറങ്ങുമ്പോഴാണ് കവർച്ചയ്ക്കിരയായ സ്ത്രീകൾ മാലനഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തിൽ ഇരുപതോളം പേർ കവർച്ചയ്ക്കിരയായിട്ടുണ്ടെന്നും ചിലർ മാനക്കേടു ഓർത്ത്പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പൊലിസ് പറഞ്ഞു. നിലവിൽ പരാതി നൽകിയവർ കണ്ണൂർ വനിതാ പൊലിസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്സഹോദരിമാരെ കണ്ണൂർകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




