കണ്ണൂർ: ജയിലിൽ നിന്നിറങ്ങി രണ്ടാഴ്ചക്കകം വീണ്ടും മോഷണം നടത്തിയ കണ്ണൂരിലെ കുപ്രസിദ്ധ മോഷ്ടാവ് പൊലിസ് പിടിയിൽ. ആലക്കോട് നടുവിൽ പുലിക്കുരുമ്പ നെടുമലയിൽ എൻ വി സന്തോഷ് (40) എന്ന തൊരപ്പൻ സന്തോഷാണ് അറസ്റ്റിലായത്. പരപ്പ ടൗണിൽ കഴിഞ്ഞദിവസം നടന്ന മോഷണത്തിലാണ് വെള്ളരിക്കുണ്ട് പൊലീസ് പയ്യാവൂരിൽനിന്ന് പിടികൂടിയത്.

ശ്രീകണ്ഠപുരം പൊലീസെടുത്ത മോഷണക്കേസിൽ പ്രതി ജയിലിലായിരുന്നു. കഴിഞ്ഞ 24നാണ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ഒരാഴ്ചമുമ്പ് പരപ്പയിലെ ഫാമിലി ഹൈപ്പർ മാർക്കറ്റ്, അഞ്ചരക്കണ്ടി സൂപ്പർ മാർക്കറ്റ് എന്നിവയുടെ പൂട്ടുപൊളിച്ച് മോഷണം നടത്തിയിരുന്നു. ഇതിനു രണ്ടുദിവസം മുമ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിലും മോഷണം നടന്നിരുന്നു. കഴിഞ്ഞദിവസം ബിരിക്കുളത്തും സമാനമായ മോഷണം നടന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് തൊരപ്പൻ വീണ്ടും പിടിയിലായത്. സന്തോഷിനെ വ്യാഴാഴ്ച പരപ്പ ടൗണിലെത്തിച്ച് തെളിവെടുത്തു. പരപ്പ ഫാമിലി ഹൈപ്പർ മാർക്കറ്റിലെ കെട്ടിടത്തിൽനിന്ന് മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും ടോർച്ചും കസ്റ്റഡിയിലെടുത്തു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. എസ്ഐമാരായ എം സതീശൻ, കെ പി രമേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

നേരത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷാതടവുകാരനായിരുന്ന സന്തോഷ് തളിപറമ്പിൽ മോഷണപരമ്പരകൾ തന്നെ നടത്തിയിരുന്നു.കണ്ണൂർ, കാസർകോട് അതിർത്തിപ്രദേശങ്ങളാണ് തൊരപ്പൻ േേസന്താഷിന്റെവിഹാരരംഗം. മലഞ്ചരക്ക് കടകളുടെ പുറകുവശത്തെ ചുമർ കമ്പിപാരയും മറ്റും ഉപയോഗിച്ചു തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ കയറിയാണ് ഇയാൾ കുരുമുളകും കൊട്ടടയ്ക്കയുമൊക്കെ മോഷ്ടിച്ചിരുന്നത്.

ഈ മോഷണ ശൈലികാരണമാണ് സന്തോഷിന് തൊരപ്പനെന്ന പേർ പൊലിസും നാട്ടുകാരും നൽകിയത്. പലചരക്ക്കടകൾ,ഫാം നഴ്സറികൾ, തുടങ്ങി വളരെവ്യത്യസ്തമായ മോഷണസാധ്യതകളുള്ള സ്ഥലമാണ് സന്തോഷ്തെരഞ്ഞെടുത്തിരുന്നത്. ഇങ്ങനെ കയറുന്ന സ്ഥലങ്ങളിൽ നിന്നും പണം തന്നെ വേണമെന്ന് സന്തോഷിന് നിർബന്ധമില്ല കൈയിൽ കിട്ടിയതെന്തുമെടുക്കും.

ശ്രീകണ്ഠാപുരം ഭാഗത്തുനിന്നും ഗാർഡനിൽ കയറി പൂച്ചെട്ടികൾ കവർന്ന് താൻ ഏറെക്കാലം താമസിച്ച കണ്ണൂർ സബ് ജയിലിനു മുൻപിൽ തന്നെ ഇത്രകാലവും പോറ്റിയ ജയിൽ ഉദ്യോഗസ്ഥർക്കുള്ള സമ്മാനമായി വെച്ചു മോഷ്ടിച്ചഗുഡ്സ് ഓട്ടോറിക്ഷയിൽകടന്ന രസകരമായ സംഭവവുമുണ്ടായിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നടത്തുന്ന മോഷണങ്ങളിൽ ഒരു തൊരപ്പൻ സ്റ്റൈൽ തന്നെയുണ്ട്.അതുകൊണ്ടു തന്നെ മോഷ്ടാക്കളിൽ സന്തോഷിന്ശിഷ്യന്മാരും ഏറെയുണ്ട്.

തന്നെ പിടികൂടിയാൽ പൂർണമായും പൊലിസുമായി സഹകരിക്കുന്ന മോഷ്ടാക്കളിൽ ഒരാളാണ് തൊരപ്പൻ. ജയിൽ ശിക്ഷകിട്ടുമെന്നു അറിഞ്ഞിട്ടും ഉള്ളതു ഉള്ളതു പോലെ മണി മണി പോലെ തുറന്നു പറയുകയും തെളിവെടുപ്പിന് പൂർണമായി സഹകരിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ കള്ളന്മാരുടെകൂട്ടത്തിലെ മാന്യനെന്ന വിശേഷണവും തൊരപ്പനുണ്ട്.

സാധാരണക്കാരുടെവീടുകളിൽ അന്നന്ന് ജീവിക്കാൻ അധ്വാനിക്കുന്നവരുടെ കടകളിലൊന്നും തൊരപ്പൻ കയറാറില്ല. എന്നാൽ ജയിലിൽ നിന്നുമിറങ്ങി ഒന്നോരണ്ടോ ആഴ്ചയ്ക്കുള്ളിൽ മോഷണം നടത്തണമെന്നത് തൊരപ്പന് നിർബന്ധമാണ്. ഇതുകാരണംതൊരപ്പൻ ജയിലിൽ നിന്നിറങ്ങിയാൽതങ്ങൾക്കു പണിയാകുമെന്നാണ് പൊലിസുകാർ പറയാറുള്ളത്.