- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീൻ കച്ചവടത്തെച്ചൊല്ലി തർക്കം; പുല്ലാട് ജങ്ഷനിൽ കൂട്ടയടി; സോഡാക്കുപ്പിക്ക് തലയ്ക്കടി; മത്സ്യം മുറിക്കുന്ന കത്തികൊണ്ട് കൈക്ക് വെട്ടി; കേസും കൗണ്ടർ കേസുമായി മൂന്നു പേർ അറസ്റ്റിൽ; ഒരു കേസ് എടുത്തത് വെട്ടുകൊണ്ടയാളുടെ ഭാര്യ കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ
കോയിപ്രം: ആകെ കുഴഞ്ഞു മറിഞ്ഞ രണ്ടു കേസുകൾ. മത്സ്യകച്ചവടത്തിലെ തർക്കത്തെ തുടർന്ന് വ്യാപാരികൾ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന വെട്ടും അടിയുമാണ് കേസുകളായത്. ഒരെണ്ണം പൊലീസ് നേരിട്ടെടുത്തു. രണ്ടാമത്തേത് വെട്ടു കൊണ്ട ഒരാളുടെ ഭാര്യയുടെ ഹർജിയിൽ കോടതി ഉത്തരവ് പ്രകാരം എടുത്ത കേസ്. രണ്ടു കേസിലുമായി മൂന്നു പേർ അറസ്റ്റിൽ. ഒരാൾക്കായി തെരച്ചിൽ.
പുല്ലാട് കാലായിൽ പടിഞ്ഞാറേതിൽ ട്യൂട്ടർ എന്ന് വിളിക്കുന്ന അരീഷ് കെ. രാജപ്പൻ (37), കുറവൻകുഴി പാറയിൽ പുരയിടം വീട്ടിൽ കുഞ്ഞാലി എന്ന് വിളിക്കുന്ന അനിൽ കുമാർ (45), പുറമറ്റം ഉമിക്കുന്നുമല തോപ്പിൽ വീട്ടിൽ ജോജി എന്ന് വിളിക്കുന്ന ജോജി വർഗീസ്(56) എന്നിവരാണ് അറസ്റ്റിലായത്. മൽസ്യ കച്ചവടക്കാരനായ ജോജി വർഗീസിനെ മർദിക്കുകയും തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് മറ്റ് രണ്ടു പേരും അറസ്റ്റിലായത്. ഇത് കോയിപ്രം പൊലീസ് നേരിട്ട് എടുത്ത കേസാണ്. അരീഷ് കുമാറിന്റെ കൈക്ക് മീൻ വെട്ടാനുപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടി, വിരൽ അടിച്ചൊടിച്ചു എന്നിങ്ങനെ ഭാര്യ രജനി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി നിർദേശ പ്രകാരം എടുത്ത പൊലീസ് എടുത്ത കൗണ്ടർ കേസിലാണ് ജോജിയെ അറസ്റ്റ് ചെയ്തത്.
13 ന് രാത്രി 10 ന് പുല്ലാട് ജങ്ഷനിൽ വച്ചാണ് ജോജി വർഗീസിന്
മർദ്ദനമേറ്റത്. കച്ചവടം കഴിഞ്ഞ് ബാക്കിവന്ന മത്സ്യം ചന്തയിലെ ഫ്രീസറിൽ സൂക്ഷിക്കാൻ എത്തിയപ്പോൾ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ മർദ്ദിക്കുകയും സോഡാക്കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേൽപ്പിക്കുകയുമായിരുന്നു. കോയിപ്രം എസ്‌ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭർത്താവിനെ ജോജി വർഗീസ് മർദിച്ചുവെന്നും കൈക്ക് വെട്ടിയെന്നും അടിച്ച് പരുക്കേൽപ്പിച്ചുവെന്നും അരീഷ് കുമാറിന്റെ ഭാര്യ രജനി പത്തനംതിട്ട ജെ.എഫ്. എം രണ്ട് കോടതിയെ സമീപിച്ചിരുന്നു. തന്റെ കച്ചവടത്തിൽ ഇടിവുണ്ടായി എന്നാരോപിച്ചാണ് ജോജി മീൻ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് തന്റെ ഭർത്താവിനെ വെട്ടി കൈക്ക് പരുക്കും വിരലുകൾക്ക് പൊട്ടലുമുണ്ടാക്കിയതെ്ന്നായിരുന്നു രജനിയുടെ ഹർജി. കോടതി നിർദേശപ്രകാരം കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്യുകയും ജോജി വർഗീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അരീഷ് മുൻപും കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്. കോടതി നിർദേശ പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്