തിരുവല്ല: വെട്ടുകത്തിയും വടിവാളും കഴുത്തിൽ വച്ച് കളിത്തോക്ക് ചൂണ്ടി വ്യവസായിയെ ബന്ദിയാക്കി മൂന്നുലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട യുവാക്കൾ അറസ്റ്റിൽ. വേങ്ങലിലെ ഗോഡൗണിലാണ് ബന്ദിനാടകം നടന്നത്. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ മൂന്നംഗ സംഘമാണ് വ്യാജ തോക്കും മാരകായുധങ്ങളുമായി പൊലീസിന്റെ പിടിയിലായത്.

ഇടിഞ്ഞില്ലം മാങ്കുളത്തിൽ വീട്ടിൽ ഷിജു വർഗീസ് (23), ഇടിഞ്ഞില്ലം കഴുപ്പിൽ കോളനിയിൽ രാഹുൽ കൊച്ചുമോൻ (23), ഇടിഞ്ഞില്ലം വാഴയിൽ വീട്ടിൽ ബാസ്റ്റിൻ മാത്യു (20) എന്നിവരാണ് പിടിയിലായത് . തിങ്കളാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

പെരുംതുരുത്തിയിൽ കടപ്പാക്കല്ല് ബിസിനസ് നടത്തുന്ന കൊച്ചേട്ട് താഴ്ചയിൽ വീട്ടിൽ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണിൽ ബന്ദിയാക്കി വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ തിരുവല്ല പൊലീസ് ഗോഡൗൺ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും വ്യാജ തോക്കടക്കം കണ്ടെടുത്തത്.

ഒന്നാംപ്രതി ഷിജു വർഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി ഒമ്പതു കേസുകളും രാഹുലിനും ബാസ്റ്റിനും എതിരെ അഞ്ചു വീതം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ മൂവരും കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾക്ക് അടിമകളും വില്പനക്കാരും ആണെന്ന് എസ് ഐ പി.ബി നഹാദ് പറഞ്ഞു.