- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂ ഇയർ മുന്നിൽ കണ്ട് കൊച്ചിയിലേക്ക് ലഹരി ഒഴുകുന്നു; നിശാപാർട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ച കൊച്ചിയിൽ മൂന്നുപേർ പിടിയിൽ; എംഡിഎംഎയും പണവും പിടിച്ചെടുത്തു; അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ മുൻ നേതാവും
കൊച്ചി: പുതുവത്സരാഘോഷം മുന്നിൽ കണ്ട് കൊച്ചിയിലേക്ക് ലഹരി ഒഴുകി തുടങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലേക്കാണ് ലഹരി മരുന്ന് ഒഴുകുന്നത്. സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് ലഹരി പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഇടനിലക്കാരനടക്കം മൂന്നുപേർ എക്സൈസ് പിടിയിലായി. പിടിയിലായവരിൽ ഒരാൾ മുൻ ഡിവൈഎഫ്‌ഐ നേതാവാണ്.
കാക്കനാട് പടമുഗൾ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടിൽ ഒ.എം. സലാഹുദ്ദീൻ (മഫ്‌റു-35), പാലക്കാട് തൃത്താല കപ്പൂർ സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ അമീർ അബ്ദുൾഖാദർ (27), വൈക്കം വെള്ളൂർ സ്വദേശി ചതുപ്പേൽ വീട്ടിൽ അർഫാസ് ഷെരീഫ് (27) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 7.5 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. 1,05,000 രൂപയും മൂന്ന് ഫോണുകളും പിടിച്ചെടുത്തു.
ഡിവൈഎഫ്ഐ. മുൻ ബ്ലോക്ക് പ്രസിഡന്റാണ് സലാഹുദ്ദീൻ. ഇവരുടെ പ്രധാന ഇടനിലക്കാരൻ എക്സൈസിന്റെ പിടിയിലായതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിശാപാർട്ടിക്കായി ഓർഡർ ചെയ്ത മയക്കുമരുന്ന് കൊണ്ടുവരാൻ ബെംഗളൂരുവിൽ പോയ മൂവരെയും പുലർച്ചെ നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പിടികൂടിയത്.
മൂവരും പ്ലാറ്റ്ഫോമിൽനിന്ന് റെയിൽവേ ഫുട് ഓവർ ബ്രിഡ്ജ് വഴി കടക്കാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. ആവശ്യക്കാരുടെ വാഹനങ്ങളിൽ ലിഫ്റ്റ് അടിച്ച് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചാണ് മയക്കുമരുന്ന് കൈമാറ്റം നടത്തിവന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഫ്‌റുവാണ് മയക്കുമരുന്ന് എത്തിക്കാൻ ചുക്കാൻ പിടിച്ചിരുന്നതെന്നും എക്സൈസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ