തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ സംഘത്തെ പിടികൂടാനെത്തിയ ആർ പി എഫ് ഉദ്യോഗസ്ഥന് തലയ്ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ ലഹരിക്കടിമയായി ബഹളം വച്ച മൂന്ന് യുവാക്കളെ തടയാനെത്തിയ റെയിൽവേ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കെ.പി. ശാന്ത റാവുവിനാണ് പരിക്കേറ്റത്.

സ്റ്റേഷനു വെളിയിൽ കിടന്ന ഓട്ടോറിക്ഷായുടെ ഗ്ലാസ്സും സംഘം അടിച്ചു പൊട്ടിച്ചു. ആലപ്പുഴ ചമ്പക്കുളം അയ്യൻകരി വീട്ടിൽ അജി (32), മഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽതാഴെ വീട്ടിൽ ശ്രീജിത്ത് (ലിജിൻ - 32) എന്നിവരെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിൽ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപം യാത്രക്കാരെ പരസ്യമായി ചീത്തവിളിച്ചതിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

ഇതിൽ കുപിതരായ സംഘം സ്റ്റേഷൻ മാസ്റ്റർക്ക് നേരെയായി ചീത്തവിളി. ഇത് കണ്ട് ഓടിയെത്തിയ റെയിൽവേ പൊലീസ് ശാന്ത റാവുവിന്റെ തലയ്ക്ക് കല്ലിന് അടിച്ച് പരിക്കേൽപ്പിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിൽ രണ്ട് പേരെ സംഭവ സ്ഥലത്ത് നിന്നും പിടികൂടി. സംഭവ സ്ഥലത്ത് നിന്നും മുങ്ങിയ ഒരു പ്രതിയെ പിന്നീട് ടി.എം.എം. ആശുപത്രിക്ക് സമീപത്തു നിന്നും രാമൻചിറയിലേക്കുള്ള റോഡിൽ വച്ച് പൊലീസ് ഓടിച്ചിട്ട് പിടികൂടി. തലയ്ക്ക് പരിക്കേറ്റ റെയിൽവേ ഉദ്യോഗസ്ഥൻ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ വൈദ്യപരിശോധന നടത്തിയ ശേഷം റെയിൽവേ പൊലീസിന് കൈമാറി.