കൽപറ്റ: ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കസ്റ്റഡിയിലായ മൂന്നു എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂനിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതിൽ ആസിഫ് ഖാനെ ഇന്നാണ് പൊലീസ് പിടികൂടിയത്.

എസ്എഫ്‌ഐ യൂണിയൻ അംഗമാണ് ആസിഫ് ഖാൻ. ഇയാളെ വർക്കലയിൽ നിന്നാണ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തത്. കെ. അരുൺ, അമൽ ഇഹ്‌സാൻ എന്നിവർ ഇന്നലെ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസിൽ ഇനി എട്ടു പേരാണ് പിടിയിലാകാനുള്ളത്. പൊലീസ് പട്ടിക പ്രകാരം 18 പേരാണ് കേസിലെ പ്രതികൾ. എന്നാൽ, 25ലധികം പേർ കൂടിനിന്ന് മൂന്നു മണിക്കൂർ നേരം സിദ്ധാർഥിനെ ക്രൂരമായി മർദിച്ചെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. മറ്റു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതിനിടെ, സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു വിദ്യാർത്ഥികളെ കൂടി ഇന്ന് സസ്പെൻഡ് ചെയ്തു. അറസ്റ്റിലായ ബിൽഗേറ്റ് ജോഷ്വാ, എസ്. അഭിഷേക് (കോളജ് യൂനിയൻ സെക്രട്ടറി), ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. 12 വിദ്യാർത്ഥികളെ ഫെബ്രുവരി 22ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർത്ത 18 പേരെയും സസ്‌പെൻഡ് ചെയ്തു.

ഫെബ്രുവരി 18നാണ് ബി.വി എസ്‌സി രണ്ടാംവർഷ വിദ്യാർത്ഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സർവകലാശാലയിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയദിനത്തിൽ കോളജിൽ വിദ്യാർത്ഥിനികൾക്കൊപ്പം നൃത്തം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സിദ്ധാർഥന് ക്രൂരമർദനവും ആൾക്കൂട്ട വിചാരണയും നേരിടേണ്ടി വന്നിരുന്നു.

മൂന്നു ദിവസം ഭക്ഷണം പോലും നൽകാതെ തുടർച്ചയായി മർദിച്ചു. നിലത്തിട്ട് നെഞ്ചിലും വയറ്റിലുമെല്ലാം ചവിട്ടിയതിന്റെയും ദേഹത്ത് ബെൽറ്റ് കൊണ്ടടിച്ചതിന്റെയും അടയാളങ്ങളുണ്ടായിരുന്നു. ഇലട്രിക് വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ടതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോളജിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

അതെ സമയം സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വയനാട് എസ്‌പിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം. കൽപ്പറ്റ ഡിവൈ.എസ്‌പിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. ഒരു ഡിവൈ.എസ്‌പിയെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തും. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പുതിയ സംഘത്തെ രൂപീകരിച്ചത്.